ADVERTISEMENT
22-08-2025
കോട്ടയം: സിഎംഎസ് കോളജ് വിദ്യാർഥി യൂണിയൻ കെഎസ്യുവിന്. ആകെയുള്ള 15 ൽ 14 സീറ്റിലും കെഎസ്യു വിജയിച്ചു. എസ്എഫ്ഐ ജയിച്ചത് ഒന്നാം വർഷ റപ്പ് സീറ്റ് മാത്രം.
37 വർഷത്തിന് ശേഷമാണ് കെഎസ്യു യൂണിയൻ സ്വന്തമാക്കുന്നത്. കെഎസ്യു വിലെ ഫഹദ് സിയാണ് ചെയർമാൻ. സംഘർഷ സാധ്യത കണക്കിലെടുത്തു വ്യാഴാഴ്ച ഫല പ്രഖ്യാപനം മാറ്റിയിരുന്നു.
ക്ലാസ് റപ്പ്മാരിൽ ഭൂരിഭാഗവും കെഎസ്യു സ്ഥാനാർഥികൾ ജയിച്ചതോടെയാണ് എസ്എഫ്ഐ തെരഞ്ഞെടുപ്പിൽ അട്ടിമറി ആരോപിച്ച് രംഗത്തെത്തിയത്. തുടർന്ന് വോട്ടെണ്ണൽ കേന്ദ്രത്തിനകത്തേക്കും കയറാൻ എസ്എഫ്ഐ ശ്രമിച്ചു.
ഇതിന് പിന്നാലെ കെഎസ്യു പ്രവർത്തകരും സംഘടിച്ചെത്തിയതോടെ സംഘർഷം രൂക്ഷമാകുകയായിരുന്നു. എസ്എഫ്ഐ കെഎസ്യു പ്രവർത്തകർ തമ്മിലുണ്ടായ അടിയിലും കല്ലേറിലും വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു.
മുതിർന്ന സിപിഎം-കോൺഗ്രസ് നേതാക്കൾ കോളജിലെത്തി പ്രിൻസിപ്പാളും പോലീസുമായി നടത്തിയ ചർച്ചക്കൊടുവിലാണ് ഫലം പ്രഖ്യാപനം മാറ്റിവയ്ക്കാൻ തീരുമാനിച്ചത്.കോളേജ് വെബ് സൈറ്റിൽ ആണ് ഫലം പ്രഖ്യാപിച്ചത്.
22-08-2025
പാലക്കാട്: മുതലമടയിൽ ആദിവാസി യുവാവിനെ മുറിയിൽ പട്ടിണിക്കിട്ട് മർദിച്ചു. വെള്ളയൻ എന്ന യുവാവിനെയാണ് മർദിച്ചത്.
അടച്ചിട്ട മുറിയിൽ പട്ടിണിക്കിട്ട് മർദിച്ചെന്നാണ് പരാതി. മർദനമേറ്റ വെള്ളയൻ ചികിത്സയിലാണ്.
ആറ് ദിവസം മുറിയിൽ പൂട്ടിയിട്ടാണ് മർദിച്ചത്. ഹോം സ്റ്റേയിലെ ജീവനക്കാർ മർദിച്ചെന്നാണ് പരാതി.
22-08-2025
ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് പ്രക്രിയ നിരീക്ഷിക്കാൻ ഉദ്യോഗസ്ഥരെ നിയമിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. അഡീഷണൽ സെക്രട്ടറി റാങ്കിലുള്ള രണ്ട് മുതിർന്ന ഉദ്യോഗസ്ഥരെയാണ് നിരീക്ഷകരായി നിയമിച്ചത്.
കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി സുശീൽ കുമാർ ലോഹാനി, ധനകാര്യ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി ഡി. ആനന്ദൻ എന്നിവരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമിച്ചത്. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി നിതിൻ കുമാർ ശിവ്ദാസ് ഖഡെയെ റിസർവ് ലിസ്റ്റിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
എൻഡിഎയും പ്രതിപക്ഷവും തങ്ങളുടെ സ്ഥാനാർഥികളെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രഖ്യാപിച്ചതോടെയാണ് തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണനാണ് എൻഡിഎ സ്ഥാനാർഥി.
ബിജെപി നേതാവായ സി.പി. രാധാകൃഷ്ണൻ തമിഴ്നാട് സ്വദേശിയാണ്. രണ്ട് തവണ ലോക്സഭാ എംപിയായിട്ടുണ്ട്. നിലവിൽ മഹാരാഷ്ട്ര ഗവർണറായി സേവനമനുഷ്ഠിക്കുന്നു. റിട്ട. ജസ്റ്റിസ് ബി സുദർശൻ റെഡ്ഡിയാണ് പ്രതിപക്ഷ സ്ഥാനാർഥി. മുൻ സുപ്രീം കോടതി ജഡ്ജിയാണ് ബി. സുദർശൻ റെഡ്ഡി. ഹൈദരാബാദിൽ ജനിച്ച ഇദ്ദേഹം ആന്ധ്രാപ്രദേശ് ഹൈക്കോടതിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഇന്നാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ഓഗസ്റ്റ് 25 വരെ സ്ഥാനാർത്ഥികൾക്ക് പത്രിക പിൻവലിക്കാം. സെപ്റ്റംബർ ഒൻപതിനാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെണ്ണലും അന്നുതന്നെ നടക്കും.
22-08-2025
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിന്തുണച്ച് വി.കെ. ശ്രീകണ്ഠൻ എംപി .രാഹുലിനെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയാടലാണെന്നും എല്ലാം പുകമറയാണെന്നും വികെ ശ്രീകണ്ഠൻ പറഞ്ഞു.
ആരോപണം വന്നപ്പോൾ തന്നെ രാഹുലിനോട് ഒഴിയാൻ ആവശ്യപ്പെട്ടുവെന്നും ശ്രീകണ്ഠൻ എംപി പറഞ്ഞു. അശ്ലീല സന്ദേശങ്ങൾ അയച്ചെന്ന യുവനടിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചിരുന്നു.
അതേസമയം, നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തിടുക്കത്തിൽ കേസെടുക്കേണ്ടെന്നാണ് പോലീസ് തീരുമാനം. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ മാത്രമാണ് പരാതിയെന്നും അതിനപ്പുറം തെളിവുകൾ പരാതിക്കാരൻ ഹാജരാക്കിയിട്ടില്ലെന്നുമാണ് പോലീസ് വിലയിരുത്തൽ.
ഈ പരാതിയുടെ മാത്രം അടിസ്ഥാനത്തിൽ കേസെടുത്താൽ കോടതിയിൽ തിരിച്ചടിയാകുമെന്ന് പോലീസിന് പ്രാഥമിക നിയമോപദേശം ലഭിച്ചു. കൂടുതൽ തെളിവുകൾ പരാതിക്കാരൻ നൽകുകയോ പുറത്തുവന്ന ശബ്ദ സംഭാഷണത്തിലെ ഇര പരാതിയുമായി സമീപിക്കുകയോ ചെയ്താൽ മാത്രം തുടർനടപടി മതിയെന്നുമാണ് പോലീസിന് കിട്ടിയ നിയമപദേശം.
സിപിഎം അനുഭാവിയായ അഭിഭാഷകൻ ഷിന്റോ സെബാസ്റ്റ്യനാണ് രാഹുലിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച എറണാകുളം സെൻട്രൽ പോലീസിൽ പരാതി നൽകിയത്.
22-08-2025
സിഡ്നി: ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. ഇന്ത്യൻ സമയം രാവിലെ 10നാണ് മത്സരം ആരംഭിക്കുക.
ഓസ്ട്രേലിയയിലെ മക്കൈയിലുള്ള ഗ്രേറ്റ് ബാരിയർ റീഫ് അരീനയാണ്. മിച്ചൽ മാർഷിന്റെ നേതൃത്വത്തിലാണ് ഓസീസ് ഇറങ്ങുന്നത്. തെംബ ബാവുമയാണ് ദക്ഷിണാഫ്രിക്കയുടെ നായകൻ.ഇരു ടീമിലേയും സൂപ്പർ താരങ്ങൾ കളത്തിലിറങ്ങും.
കെയ്ൻസിൽ നടന്ന ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്ക വിജയിച്ചിരുന്നു. 98 റൺസിനാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്.
22-08-2025
തൃശൂർ: കാര്‍ യാത്രക്കാരനെ ആക്രമിച്ച കേസില്‍ രണ്ടു പേര് അറസ്റ്റില്‍. കൊറ്റനെല്ലൂര്‍ കുതിരത്തടം സ്വദേശി വേലംപറമ്പില്‍ വീട്ടില്‍ അബ്ദുള്‍ ഷാഹിദ് (29), കൊറ്റനെല്ലൂര്‍ പട്ടേപ്പാടം സ്വദേശി തൈപറമ്പില്‍ വീട്ടില്‍ നിഖില്‍ (30) എന്നിവരാണ് അറസ്റ്റിലായത്.
കാര്‍ തട്ടിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ഇരുവരും കാർ യാത്രികനെ അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട ആളൂര്‍ മുരിയാട് ഉള്ളാട്ടിക്കുളം വീട്ടില്‍ മില്‍ജോയുടെ (29) കാര്‍ തട്ടിയത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താല്‍ കാര്‍ യാത്രക്കാരനെ ആക്രമിച്ച കേസിലാണ് പ്രതികള്‍ പിടിയിലായത്.
സംഭവത്തില്‍ ഒന്നാം പ്രതിയായ മില്‍ജോയെ ജൂലൈ മൂന്നിന് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിലെ ഒളിവില്‍ പോയ പ്രതികളാണ് ഇപ്പോള്‍ പിടിയിലായത്. അറസ്റ്റിലായ രണ്ടു പേരും ആനന്ദപുരം എന്ന സ്ഥലത്ത് വച്ച് യുവാവിനെ ആക്രമിച്ച് വാച്ചും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ പ്രതികളാണ്.
ഈ കേസില്‍ ഇരുവരേയും അറസ്റ്റ് ചെയ്ത് ജയിലിലാക്കിയിരുന്നു. തുടര്‍ന്ന് ഇരിങ്ങാലക്കുടയിലെ കേസിലേക്ക് വേണ്ടി കോടതിയുടെ അനുമതിയോടെയാണ് അബ്ദുള്‍ ഷാഹിദിനെയും, നിഖിലിനെയും അറസ്റ്റ് ചെയ്തത്.
തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങി ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയും സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പുകള്‍ നടത്തുകയും ചെയ്തു. നടപടിക്രമങ്ങള്‍ക്ക് ശേഷം ഇരുവരെയും ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിലെ കേസിലേക്ക് കൂടി റിമാൻഡ് ചെയ്യുന്നതിനുള്ള റിപ്പോര്‍ട്ട് സഹിതം തിരികെ കോടതിയില്‍ ഹാജരാക്കും.
22-08-2025
ന്യൂയോര്‍ക്ക്: ബിസിനസ് വഞ്ചനാക്കേസിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ആശ്വാസം. കീഴ്കോടതി ചുമത്തിയ 454 മില്യൺ ഡോളറിന്റെ പിഴ അഞ്ചംഗ അപ്പീൽ കോടതി റദ്ദാക്കി.
കുറ്റം നടന്നിട്ടുണ്ടെന്നും എന്നാൽ, ചുമത്തിയിരിക്കുന്ന പിഴ അമിതമെന്നുമാണ് രണ്ട് അപ്പീൽ ജഡ്ജിമാർ ഉത്തരവിൽ വ്യക്തമാക്കിയത്. കേസിൽ സമ്പൂര്‍ണ വിജയമെന്ന് ട്രംപ് പ്രതികരിച്ചു.
എന്നാൽ, വിധിക്കെതിരെ റിവ്യു ഹർജി നൽകുമെന്ന് ന്യൂയോർക്ക് അറ്റോർണി ജനറലിന്റെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ന്യൂയോർക്ക് കോടതി ഡോണൾഡ് ട്രംപിനെയും ട്രംപ് ഓർഗനൈസേഷനെയും ശിക്ഷിച്ചത്.
22-08-2025
തിരുവനന്തപുരം: പാലക്കാട് വ്യാസവിദ്യാപീഠം സിബിഎസ്ഇ സ്കൂളിന്റെ സമീപത്തുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് നിയമ നടപടികള്‍ സ്വീകരിക്കുമെന്നു വിദ്യാഭ്യാസ മന്ത്രി വി.ശിവന് കുട്ടി.
സ്ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ച് വിദ്യാര്‍ഥിക്ക് ഉള്‍പ്പെടെ പരിക്കേറ്റ സംഭവം സര്‍ക്കാര്‍ വളരെ ഗൗരവമായാണ് കാണുന്നത്.
സ്ഫോടനം സംബന്ധിച്ച് പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് സ്റ്റേഷന് എക്സ്പ്ലോസീവ് സബ്സ്റ്റാന്ഡ്സ് ആക്ട്, ജുവനൈല്‍ ജസ്റ്റീസ് ആക്ട് എന്നിവ പ്രകാരം കേസ് എടുത്തിട്ടുണ്ട്. അടിയന്തര റിപ്പോര്‍ട്ട് നല്കാന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.
22-08-2025
തിരുവനന്തപുരം: പീരുമേട് എംഎൽഎയായ വാഴൂർ സോമന്റെ അവസാന പ്രസംഗവും ഇടുക്കിയെന്ന "ഹൈ റേഞ്ചിലെ' ജനങ്ങളുടെ ജീവിത ദുരിതത്തിന്റെ കഥകളായിരുന്നു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞു തിരുവനന്തപുരം പിടിപി നഗറിലെ ഐഎൽഡിഎമ്മിൽ നടന്ന റവന്യു ജില്ലാ അസംബ്ലിയിൽ പ്രസംഗിച്ചു മടങ്ങുന്നതിനിടെയായിരുന്നു മുതിർന്ന സിപിഐ നേതാവു കൂടിയായ അദ്ദേഹത്തിന്റെ അന്ത്യം.
ജില്ലകളിലെ റവന്യു പ്രശ്നങ്ങൾ പരിഹരിക്കാൻ വർഷത്തിൽ ഒരിക്കൽ റവന്യു മന്ത്രി വിളിച്ചു ചേർക്കുന്ന റവന്യു അസംബ്ലിയിൽ വ്യാഴാഴ്ച പരിഗണിച്ചിരുന്നത് ഇടുക്കി, വയനാട് ജില്ലകളായിരുന്നു. ആദ്യം ഇടുക്കി എടുത്തപ്പോൾ, റവന്യു മന്ത്രിക്കു പിന്നാലെയുള്ള ആദ്യ പ്രാസംഗികനായി വാഴൂർ സോമൻ.
കഴിഞ്ഞ ദിവസം മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തുകയും അടുത്ത ആഴ്ചയിലേക്കു മാറ്റുകയും ചെയ്ത ഭൂ പതിവു ചട്ടഭേദഗതിയിൽ ഇടുക്കിയിലെ ജനങ്ങൾക്കു വരുന്ന മാറ്റങ്ങളായിരുന്നു യോഗത്തിൽ പ്രധാനമായി പ്രസംഗിച്ചത്.
താമസിക്കാനുള്ള വീടിനും ചെറിയ കച്ചവടം അടക്കമുള്ള ഉപജീവന മാർഗത്തിനും പതിറ്റാണ്ടുകളായി പട്ടയം ലഭിക്കാതെ ഇടുക്കിയിലെ മലയോര ജനത അനുഭവിച്ചു വന്ന ദുരിതത്തിന് ഇനിയെങ്കിലും അറുതി വരുത്തണമെന്നായിരുന്നു വാഴൂർ സോമന്റെ ആവശ്യം. ഈ മാസം തന്നെ ഭൂ പതിവു ചട്ടഭേദഗതി പ്രാബല്യത്തിൽ വരുമെന്നു മന്ത്രി കെ. രാജൻ യോഗത്തിൽ പറയുകയും ചെയ്തു.
ഇടുക്കിയിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻകൈ എടുത്ത റവന്യു മന്ത്രിയെ യോഗത്തിൽ എംഎൽഎ അഭിനന്ദിച്ചു. തുടർന്ന് വന്യമൃഗ ശല്യമായിരുന്നു പ്രസംഗത്തിലെ മറ്റൊരു വിഷയം. പീരുമേട് മണ്ഡലത്തിലെ പ്രധാന സ്ഥലങ്ങളിൽ അടക്കം കാട്ടാനയും കാട്ടുപോത്തും കാട്ടുപന്നിയും ജനങ്ങളുടെ ജീവനും സ്വത്തിനും സൃഷ്ടിക്കുന്ന പ്രശ്നങ്ങളായിരുന്നു പ്രസംഗത്തിൽ നിഴലിച്ചത്.
തോട്ടം മേഖലയിലെ തൊഴിലാളികൾ വൻ പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുകയാണെന്നു പറഞ്ഞ അദ്ദേഹം തൊഴിലാളികളുടെ ലയങ്ങളുടെ ശോചനീയാവസ്ഥ അടക്കം അക്കമിട്ടു നിരത്തി. തോട്ടഭൂമി സർക്കാർ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പ്രസംഗത്തിലെത്തി.
ഹൈക്കോടതി സ്റ്റേ ചെയ്തതിനെ തുടർന്ന് പട്ടയ വിതരണം മുടങ്ങിയിരിക്കുകയാണെന്നും സ്റ്റേ നീക്കാൻ സർക്കാർ ഇടപെടലുണ്ടാകണമെന്ന അഭ്യർഥനയും അദ്ദേഹം നടത്തി. സത്രം എയർ സ്ട്രിപ്പുമായി ബന്ധപ്പെട്ടു വനം വകുപ്പുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇടുക്കി ജില്ലയുടെ യോഗത്തിനു ശേഷം വയനാട്ടിലേക്കു കടന്നതോടെയാണ് വാഴൂർ സോമനും മറ്റ് എംഎൽഎമാരായ എം.എം. മണിയും എ. രാജയും യോഗ സ്ഥലം വിട്ടത്. വൈകുന്നേരം 3.50നോടെ പുറത്തേക്ക് ഇറങ്ങുന്നതിനിടെയായിരുന്നു വാഴൂർ സോമൻ കുഴഞ്ഞു വീണതും ഒന്നര മണിക്കൂറിനകം ആശുപത്രിയിൽ അന്തരിച്ചതും. ഇടുക്കിയിൽ നിന്നുള്ള മന്ത്രി റോഷി അഗസ്റ്റിൻ യോഗത്തിൽ പങ്കെടുത്തിരുന്നില്ല.
22-08-2025
പനങ്ങാട്: കൊലപാതകശ്രമക്കേസിൽ ഒളിവിൽപ്പോയ പ്രതിയെ പിടികൂടി. പനങ്ങാട് കിഴപ്പിള്ളിൽ വീട്ടിൽ ലിനിൽ കുമാറി(47)നെയാണു പനങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 17ന് വൈകുന്നേരം പനങ്ങാട് അരിയശേരി വീട്ടിൽ ജിത്തു എന്ന സനിത്തിനെ (34) കത്തിക്കു കുത്തി ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്.
സംഭവദിവസം പകൽ ലിനിൽ കുമാറിന്റെ മകനും കൂട്ടുകാരുമായി വീടിനു സമീപത്തെ റോഡിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോൾ സനിത്തിന്റെ അമ്മയുടെ ദേഹത്തു കൊണ്ടതിനെച്ചൊല്ലി വാക്കുതർക്കമുണ്ടായിരുന്നു.
അന്നേ ദിവസം രാത്രി ഏഴോടെ പ്രതിയും സനിത്തുമായി വീണ്ടും തർക്കമുണ്ടാകുകയും കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് സനിത്തിനെ കുത്തുകയായിരുന്നു.
22-08-2025
കൊച്ചി: വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലെ പ്രതിക്ക് വിവിധ വകുപ്പുകളിലായി 15 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ.
അടിമാലി ഉറുമ്പില്‍ വീട്ടില്‍ ആല്‍ബര്‍ട്ട് എ. സുനിലിനെയാണ് (31) എറണാകുളം പോക്സോ കോടതി ജഡ്ജി കെ.എന്‍. പ്രഭാകരന് ശിക്ഷിച്ചത്.
പ്രതി 2015 ഏപ്രില്‍ 28ന് യുവതിയെ അമ്മയെ കാണാനെന്ന് വിശ്വസിപ്പിച്ച് ബന്ധുവീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. ചേരാനെല്ലൂര്‍ സിഐ കെ.ആര്. രൂപേഷ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
21-08-2025
ഹരിപ്പാട്: കരീലക്കുലങ്ങര ഹൈവേ മോഷണ കേസിലെ ഒന്നാം പ്രതി മരിയപ്പൻ (സതീഷ് ) പിടിയിൽ. ചെന്നൈയിൽ നിന്നാണ് ഇയാൾ പിടിയിലായത്.
കഴിഞ്ഞ ജൂണ്‍ മുതൽ ഇയാള്‍ ഒളിവിലായിരുന്ന ഇയാൾ പല സംസ്ഥാനങ്ങളിലായി കഴിഞ്ഞ് വരുന്നതിനിടെയാണ് പിടിയിലായത്. പ്രതി അറിയപ്പെടുന്ന വോളിബോൾ പ്ലെയർ ആയതിനാല്‍ എല്ലാ സ്റ്റേറ്റുകളിലും ഇയാള്‍ക്ക് ബന്ധങ്ങൾ ഉണ്ട്. ഈ ബന്ധം ഉപയോഗിച്ചാണ് ഒളിവിൽ കഴിഞ്ഞിരുന്നത്.
കേസിലെ അന്വേഷണത്തിനായി ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യൽ ടീം ആന്ധ്രാ, കർണാടക, തമിഴ്നാട് പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങളിൽ രഹസ്യ ഓപ്പറേഷൻ നടത്തിയിരുന്നു. അതിന്റെ ഭാഗമായി കേസിലെ നാല് പ്രതികളെ തമിഴ്നാട്, കർണാടക, മുംബൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിൽ നിന്നും പിടിച്ചു.
ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് മുഖ്യപ്രതി മരിയപ്പൻ ആണെന്ന് മനസിലാക്കിയത്. പോലീസ് ഇയാളെ പിന്തുടർന്ന് ആന്ധ്രാ, തമിഴ്നാടു എന്നീ സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളിലെത്തിയെങ്കിലും പ്രതിയെ പിടിക്കാനായില്ല.
തുടർന്ന് ഈ മാസം 18 ന് പ്രതി ഫോൺ ചെയ്ത സിമ്മിന്റെ ഉടമസ്ഥനെ കണ്ടെത്തുകയും അയാളെ ഫോട്ടോ കാണിച്ചപ്പോൾ അയാൾ ചെന്നൈ ബസ്റ്റാൻഡിനു സമീപം നിന്നപ്പോൾ ഫോണ്‍ വിളിക്കാന്‍ ചോദിച്ചപ്പോൾ ഫോൺ കൊടുത്തതാണ് എന്നും പറഞ്ഞു. ആ ഭാഗത്തുള്ള സിസിടി ദൃശ്യങ്ങൾ നോക്കി പ്രതി നടന്നു പോകുന്നത് കണ്ടു.
പോലീസ് തുടർന്നുള്ള ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഇയാൾ ഒരു ടാക്സി കാറിൽ കേറിപോകുന്നതും കണ്ടു. ടാക്സി നമ്പർ കണ്ടത്തി പോലീസ് അയാളുടെ വീട്ടിൽ എത്തി. ചെന്നൈ സിറ്റിയിൽ ടാക്സി ഡ്രൈവർ ആണെന്നും റോഡിൽ നിന്നും കൈ കാണിച്ച അയാളെ കേറ്റിയതാണന്നും പറഞ്ഞു.
തുടർന്ന് പല ഭാഗത്തായി നിന്നിരുന്ന പോലീസ് സംഘം ഒരുമിച്ച് പ്രതിയുടെ പുറകെ കൂടി സാഹസികമായി പിടികൂടുകയായിരുന്നു. കായംകുളം ഡിവൈഎസ്പി ബിനുകുമാർ, കരീലകുളങ്ങര ഐഎസ്എച്ച്ഒ നിസാമുദ്ധീൻ എന്നിവരുടെ മേൽനോട്ടത്തിൽ ആണ് അന്വേഷണം നടക്കുന്നത്.
21-08-2025
മുംബൈ : മഹാരാഷ്ട്രയിലെ പാൽഘറിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ നിന്ന് ചോർന്ന നൈട്രജൻ ഗ്യാസ് ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ബോയ്സാർ വ്യാവസായിക മേഖലയിലെ മെഡ്ലി ഫാർമയിലാണ് സംഭവം നടന്നത്.
ഇന്ന് ഉച്ചയ്ക്ക് 2.30 നും 3 നും ഇടയിൽ കമ്പനിയുടെ ഒരു യൂണിറ്റിലാണ് നൈട്രജൻ വാതകം ചോർന്നത്. ആറ് തൊഴിലാളികളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നാല് പേർ മരിച്ചതായി സ്ഥിരീകരിച്ചു.
മറ്റ് രണ്ട് പേർ പ്രാദേശിക ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണാണെന്ന് പാൽഘർ ജില്ലാ ദുരന്തനിവാരണ സെൽ മേധാവി വിവേകാനന്ദ് കദം അറിയിച്ചു.
21-08-2025
തൃശൂര്‍: എക്സൈസ് ഓഫീസര്‍ ചമഞ്ഞ് പണം തട്ടിയ യുവാവിനെ അറസ്റ്റ് ചെയ്തു. കോട്ടയം വൈക്കം സ്വദേശി ഇരുമുട്ടിത്തറ വീട്ടില്‍ ഷിജിലാലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ എറണാകുളത്തുനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 33,000 രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.
കൊടുങ്ങല്ലൂര്‍ കീത്തോളിയിലുള്ള എക്സൈസ് ഓഫിസിലെ എക്സൈസ് ഓഫീസറാണെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയത്.തിരുത്തിപ്പുറം സ്വദേശിനിയായ പരാതിക്കാരി കീത്തോളിയില്‍ കഞ്ഞിക്കട നടത്തുകയാണ്. ഷിജിലാല്‍ പരാതിക്കാരിയുടെ കഞ്ഞിക്കടയില്‍ വന്ന് ഭക്ഷണം വാങ്ങിക്കൊണ്ട് പോവുകയും എക്സൈസ് ഓഫീസറാണെന്ന് പറഞ്ഞ് പരിചയപ്പെടുകയും ചെയ്തിരുന്നു.
കടയിലെ ആവശ്യത്തിനായി പഴയ ഒരു ഫോണ്‍ വാങ്ങുന്ന കാര്യം ഷിജിലാലിനോട് പറഞ്ഞപ്പോള്‍ സഹോദരന് എറണാംകുളത്ത് മൊബൈല്‍ ഷോപ്പ് ഉണ്ടെന്നും അവിടെനിന്ന് തവണ വ്യവസ്ഥയില്‍ പണം അടക്കുന്ന രീതിയില്‍ ഫോണ്‍ വാങ്ങി നല്‍കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു.
തുടര്‍ന്ന് പരാതിക്കാരിയില്‍നിന്ന് ഓഗസ്റ്റ് 14ന് ആദ്യ തവണയായ 2000 രൂപ വാങ്ങിക്കൊണ്ട് പോയി. ഓഗസ്റ്റ് 16ന് രാവിലെ വീണ്ടും കഞ്ഞിക്കടയില്‍ വന്ന് ഫോണ്‍ വൈകീട്ട് എത്തിക്കാമെന്നും അത്യാവശ്യമായി 1000 രൂപ നല്കുവാനും ഷിജിലാല്‍ ആവശ്യപ്പെട്ടു.
കടയില്‍ തിരക്ക് ഉള്ളതിനാലും അപ്പോള്‍ കൈ വശം 1000 രൂപ ഇല്ലാത്തതിനാലും ഷിജിലാലിനെ വിശ്വസിച്ച് പരാതിക്കാരി എടിഎം കാര്‍ഡ് കൈമാറുകയായിരുന്നു. തുടര്‍ന്ന് 1200 രൂപ എടുത്തിട്ടുണ്ടെന്ന് പറഞ്ഞ് പരാതിക്കാരിക്ക് എടിഎം കാര്‍ഡ് തിരികെ നല്കി.
വൈകുന്നേരം മൂന്നോടെ ഷിജിലാല്‍ വീണ്ടും പരാതിക്കാരിയുടെ അടുത്തേക്ക് വന്ന് പരാതിക്കാരിയുടെ അക്കൗണ്ടിലേക്ക് 2000 രൂപ അയച്ചിട്ടുണ്ടെന്നും അത് എടുത്ത് നല്കിയാല് രാവിലെ വാങ്ങിയ പണം തിരികെ നല്‍കാമെന്നും പറഞ്ഞു. പരാതിക്കാരി അത്യാവശ്യമായി കൊടുങ്ങല്ലൂരിലേക്ക് പോവാന്‍ നില്ക്കുകയായിരുന്നതിനാല് വീണ്ടും എടിഎം കാര്‍ഡ് ഷിജിലാലിന് കൈമാറിയ ശേഷം കൊടുങ്ങല്ലൂരിലേക്ക് പോയി.
ഷിജിലാലിന്റെ പ്രവര്‍ത്തിയില്‍ സംശയം തോന്നിയ പരാതിക്കാരി മകനെ വിളിച്ച് ഗൂഗില്‍ പേയില്‍ ബാലന്‍സ് നോക്കാന്‍ പറഞ്ഞപ്പോഴാണ് 31000 രൂപ നഷ്ടപ്പെട്ടതായി അറിഞ്ഞത്. തുടര്‍ന്ന് പ്രതിയെ വിളിച്ചപ്പോള്‍ രാത്രി ഒമ്പതിന് പണം തിരികെ നല്‍കാമെന്ന് പറയുകയും, തുടര്‍ന്ന് ഒമ്പതിന് വിളിച്ചപ്പോള്‍ പ്രതിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്നാണ് കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
21-08-2025
തൃശൂർ: കയ്പമംഗലത്ത് ബ്ലാങ്ക് ചെക്കുകൾ ഈടായി വാങ്ങി അമിത പലിശയ്ക്ക് പണം വായ്പയായി നൽകിയ കേസിലെ പ്രതി അറസ്റ്റിൽ. കയ്പമംഗലം ബീച്ച് സ്വദേശി കാരയിൽ വീട്ടിൽ സുമൻ (47) ആണ് അറസ്റ്റിലായത്.
ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ വിവിധ വ്യക്തികൾ ഒപ്പിട്ട ബ്ലാങ്ക് ചെക്കുകൾ ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെടുത്തു. തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കേരള മണി ലെന്റേഴ്സ് ആക്ട് പ്രകാരമാണ് കേസെടുത്തത്. നടപടിക്രമങ്ങൾക്കുശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
21-08-2025
കൊച്ചി: കോതമംഗലത്ത് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. കാറും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം നടന്നത്.
സംഭവത്തിൽ സ്കൂട്ടർ യാത്രക്കാരനായ നെല്ലിക്കുഴി സ്വദേശി മുഹമ്മദ് (48) ആണ് മരിച്ചത്. കോതമംഗലം ഭാഗത്തേക്ക് വന്ന കാർ എതിരെ വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
21-08-2025
പാലക്കാട്: നല്ലേപ്പിള്ളിയിൽ പിതാവിനെ മകൻ മർദിച്ച് കൊലപ്പെടുത്തി. നല്ലേപ്പിള്ളി സ്വദേശി രാമൻകുട്ടിയെ (58) മകൻ ആദർശാണ് കൊലപ്പെടുത്തിയത്.
പിതാവിന് മദ്യം നൽകിയ ശേഷം ആക്രമിക്കുകയായിരുന്നുവെന്നാണ് സംശയം. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു എന്നാണ് പോലീസ് അറിയിച്ചത്.
ബുധനാഴ്ച രാത്രിയിലാണ് രാമൻകുട്ടിയെ വീടിന് മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ പരിക്കുകൾ ഉണ്ടായിരുന്നു. ബന്ധുക്കളാണ് പോലീസിനെ വിവരമറിയിച്ചത്. വിശദമായ പരിശോധനയിൽ മർദനമേറ്റാണ് മരിച്ചതെന്നും പിന്നിൽ മകൻ ആദർശാണെന്നും പോലീസ് കണ്ടെത്തി.
55 ദിവസം മുമ്പ് അമ്മ മരിച്ചതോടെ ആദർശും രാമൻകുട്ടിയും മാത്രമായിരുന്നു വീട്ടിൽ താമസം.ആരോഗ്യ പ്രശ്നങ്ങൾ ഉള്ളയാളാണ് രാമൻകുട്ടി. ലഹരി ഉപയോഗിക്കുന്നയാളാണ് ആദർശ്.
കൃത്യം നടത്തിയ സമയത്തും ആദർശ് ലഹരിയിലായിരുന്നു. കൊഴിഞ്ഞാമ്പാറ പോലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
21-08-2025
ചെന്നൈ: തമിഴക വെട്രി കഴകം ആർക്കും തടയാനാകാത്ത ശക്തിയാണെന്നും 2026ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ടിവികെയും ഡിഎംകയും തമ്മിലായിരിക്കുമെന്നും ടിവികെ അധ്യക്ഷൻ വിജയ്. 234 സീറ്റിലും താനായിരിക്കും സ്ഥാനാർഥിയെന്നും വിജയ് പറഞ്ഞു.
മധുരയിൽ നടന്ന തമിഴകം വെട്രി കഴകം രണ്ടാം സംസ്ഥാന സമ്മേളനത്തിലായിരുന്നു വിജയ്യുടെ പ്രതികരണം. ബിജെപിയേയും ഡിഎംകെയേയും വിജയ് കടന്നാക്രമിച്ചു. മോദിയെയും സ്റ്റാലിനെയും പേരെടുത്ത് വിജയ് വിമർശിച്ചു.
മോദി മൂന്നാമതും ഭരണത്തിലെത്തിയത് മുസ്ലിങ്ങൾക്കെതിരെ പ്രവർത്തിക്കാനാണോ? എംജിആർ തുടങ്ങിയ പാർട്ടി ഇന്ന് എവിടെയാണ്? ആർഎസ്എസ് അടിമകളായി മാറിയിരിക്കുകയാണ്. ഡിഎംകെയും ബിജെപിയും രാഷ്ട്രീയ എതിരാളികളാണെന്നും ഒരിക്കലും ഇവരുമായി സഖ്യത്തിനില്ലെന്നും വിജയ് സമ്മേളനത്തിൽ പറഞ്ഞു.
മധുരയിലാണ് ടിവികെയുടെ രണ്ടാം സംസ്ഥാന സമ്മേളനം നടക്കുന്നത്. താൻ രാഷ്ട്രീയത്തിൽ വരില്ലെന്നായിരുന്നു ആദ്യ പ്രചാരണമെന്നും പിന്നീട് സമ്മേളനം നടത്തില്ലെന്ന് പറഞ്ഞുവെന്നും വിജയ് പറഞ്ഞു. ഓരോ തവണയും പുതിയ തിരക്കഥകൾ രാഷ്ട്രീയ എതിരാളികൾ മെനഞ്ഞുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രസംഗത്തിൽ എഐഎഡിഎംകെയ്ക്കെതിരെയും രൂക്ഷ വിമർശനം ഉണ്ടായി. പരിപാടിയിൽ കനത്ത ചൂടിലും ജനലക്ഷങ്ങളാണ് പങ്കെടുത്തത്. വിജയ് യുടെ അച്ഛനമ്മമാരും പങ്കെടുത്തിരുന്നു.
21-08-2025
കൊച്ചി: താരസംഘനയായ അമ്മയിലെ മെമ്മറി കാര്‍ഡ് വിവാദത്തിൽ ആഭ്യന്തര അന്വേഷണത്തിന് അഞ്ചംഗ സമിതി രൂപീകരിച്ചു. 60 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും എക്സിക്യൂട്ടീവിൽ തീരുമാനമായി.
അടൂർ ഗോപാലകൃഷ്ണനേയും യേശുദാസിനേയും അപകീർത്തിപ്പെടുത്തിയ നടൻ വിനായകന്റെ പ്രവർത്തികളിൽ സംഘടന പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.
21-08-2025
കൊച്ചി: പറവൂർ കോട്ടുവള്ളിയിൽ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ മൂന്നാം പ്രതി ദീപയ്ക്ക് ജാമ്യം. പറവൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
ദീപയുടെ മാതാപിതാക്കളായ പ്രദീപിനും ബിന്ദുവിനും ഒപ്പം ദീപയും വീട്ടമ്മയെ പലിശ ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തി എന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. മൂന്ന് പേർക്കും എതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി കേസ് എടുത്തിരുന്നു.
ഒളിവിൽ പോയ റിട്ട. പോലീസ് ഉദ്യോഗസ്ഥനായ പ്രദീപിനും ബിന്ദുവിനുമായി അന്വേഷണം തുടരുകയാണ്. ഇരുവർക്കും എതിരെ അനധികൃത പലിശ ഇടപാടുകൾക്കെതിരെയുള്ള വകുപ്പുകൾ കൂടി ചുമത്താൻ അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്.
ആത്മഹത്യ ചെയ്ത ആശ ബെന്നിയുടെ സാമ്പത്തിക രേഖകൾ ഇതിനായി പോലീസ് പരിശോധിക്കുകയാണ്. മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണച്ചുമതല.
21-08-2025
കോട്ടയം: സിഎംഎസ് കോളജിൽ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിനിടെ സംഘർഷം. യൂണിയൻ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ എസ്എഫ്ഐ-കെഎസ്യു തമ്മിലാണ് സംഘർഷം ഉണ്ടായത്.
തെരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്താൻ എസ്എഫ്ഐ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കെഎസ്യു ക്യാമ്പസിൽ പ്രതിഷേധമുയർത്തി. ക്ലാസ് റപ്രസന്റേറ്റീവ് തെരഞ്ഞെടുപ്പിൽ കെഎസ്യു മുന്നിട്ട് നിൽക്കുന്ന സാഹചര്യത്തിൽ എസ്എഫ്ഐ മനപ്പൂർവം തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്നാണ് കെഎസ്യു ആരോപിച്ചത്.
ചെയർമാൻ അടക്കമുള്ള പ്രധാന സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യേണ്ടത്, ആദ്യഘട്ടത്തിൽ പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെടുന്ന ക്ലാസ് റപ്രസന്റേറ്റീവുകളാണ്. ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടുമെന്ന് ചൂണ്ടിക്കാട്ടിൽ കെഎസ്യു പ്രവർത്തകർ ക്യാമ്പസിൽ പ്രതിഷേധ മുദ്രാവാക്യം മുഴക്കി.
സംഘർഷ സാധ്യത കണക്കിലെടുത്ത് പോലീസിന്റെ വൻ സന്നാഹമാണ് ഇവിടെ എത്തിയിരിക്കുന്നത്.ഇരു കൂട്ടരും പ്രകോപനം സൃഷ്ടിക്കുന്ന പശ്ചാത്തലത്തിൽ പ്രവർത്തകരെ സ്ഥലത്ത് നിന്നും നീക്കം ചെയ്യാൻ പോലീസും ഇടപെടുന്നുണ്ട്.
കഴിഞ്ഞ 25 വർഷമായി എസ്എഫ്ഐ യുടെ കുത്തകയാണ് സിഎംഎസ് കോളജിലെ വിദ്യാർഥി യൂണിയൻ.
21-08-2025
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് 2025ന്റെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഏരീസ് കൊല്ലം സെയ്ലേഴ്സിന് ആവേശ ജയം. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡയിത്തിൽ നടന്ന മത്സരത്തിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ ഒരു വിക്കറ്റിനാണ് കൊല്ലം സെയ്ലേഴ്സ് തോൽപ്പിച്ചത്.
ഗ്ലോബ്സ്റ്റാർസ് ഉയർത്തിയ 139 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സെയ്ലേഴ്സ് 19.5 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 41 റണ്‍സ് നേടിയ വത്സല്‍ ഗോവിന്ദാണ് ടോപ് സ്കോറര്‍. അവസാന ഓവറില്‍ തുടര്‍ച്ചയായി രണ്ട് സിക്സറുകള്‍ പറത്തി വാലറ്റക്കാരന് ബിജു നാരായണനാണ് (7 പന്തില്‍ പുറത്താവാതെ 15) സെയ്ലേഴ്സിനെ വിജയത്തിലേക്ക് നയിച്ചത്.
നായകൻ സച്ചിൻ ബേബി 24 റൺസും ഓപ്പണർ അഭിഷേക് നായർ 21 റൺസും എടുത്തു. കാലിക്കറ്റിന് വേണ്ടി അഖില്‍ സ്കറിയ നാലും സുദേശന്‍ മിഥുന് മൂന്നും വിക്കറ്റ് വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനെത്തിയ കാലിക്കറ്റ് 18 ഓവറില്‍ എല്ലാവരും പുറത്താവുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ ഷറഫുദ്ദീനാണ് കാലിക്കറ്റിനെ തകര്‍ത്തത്. അമല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റന്‍ രോഹന് കുന്നുമ്മല്‍ കാലിക്കറ്റിന് വേണ്ടി 54 റണ്‍സെടുത്തു.
മനു കൃഷ്ണൻ 25 റൺസും സൽമാൻ നിസാർ 21 റൺസും എടുത്തു. കൊല്ലത്തിന് വേണ്ടി ഷറഫുദീൻ നാലു വിക്കറ്റും എജി അമൽ മൂന്നു വിക്കറ്റും എടുത്തു.
21-08-2025
നിയമസഭാ സമ്മേളനത്തിന് തന്റെ മഹീന്ദ്ര ജീപ്പിലെത്തിയിരുന്ന നേതാവായിരുന്നു വിടവാങ്ങിയ പീരുമേട് എംഎൽഎ വാഴൂർ സോമൻ. ഹൈറേഞ്ചിന്റെ എംഎല്‍എ ആയിരുന്ന ഇദ്ദേഹത്തിന്റെ ഔദ്യോഗിക വാഹനവും ഈ ജീപ്പ് തന്നെയായിരുന്ന.
KL 06 D 0538 എന്ന നമ്പറിലുള്ള മഹീന്ദ്രയുടെ മേജര്‍ ജീപ്പിലായിരുന്നു എംഎല്‍എയുടെ ബോര്‍ഡും വെച്ചുള്ള അദ്ദേഹത്തിന്റെ യാത്രകള്‍. ജീപ്പ് ഇഷ്ടവാഹനമാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നത്. എന്നാല്‍, ദീര്‍ഘദൂര യാത്രകള്‍ക്ക് ചേരുന്ന ഒരു വാഹനമായി ജീപ്പിനെ കാണാന്‍ കഴിയില്ലെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. ജീപ്പുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
പീരുമേട് എംഎല്‍എ ആയിരുന്ന സി.എ.കുര്യന്റെ സഹായത്തോടെ 1978-ലാണ് അദ്ദേഹം ആദ്യമായി ഒരു ജീപ്പ് സ്വന്തമാക്കിയത്. പെട്രോള്‍ എന്ജിന് ജീപ്പായിരുന്നു ഇത്. 1991 വരെ ഈ ജീപ്പായിരുന്നു അദ്ദേഹത്തിന്റെ വാഹനം. പിന്നീട് 2006-ല്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന് ആയി സ്ഥാനമേറ്റതിതെ തുടര്‍ന്നാണ് മഹീന്ദ്ര മേജര്‍ അദ്ദേഹം സ്വന്തമാക്കിയത്.
1978-ല്‍ ആദ്യ ജീപ്പ് സ്വന്തമാക്കുമ്പോള്‍ അഞ്ച് ലിറ്റര്‍ പെട്രോള്‍ അടിക്കാന്‍ വെറും 20 രൂപയാണ് ചെലവായിരുന്നതെന്നും എന്നാല്‍, അത് വര്‍ധിച്ച് ഇന്ന് ചിന്തിക്കാന്‍ കഴിയുന്നതിലും ഉയരത്തില്‍ എത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍, ഇന്ധന വില വര്‍ധനവിന്റെ പേരില്‍ ഈ ജീപ്പ് ഒഴിവാക്കാന്‍ സാധിക്കില്ലെന്നുമാണ് വാഴൂര്‍ സോമന് അഭിപ്രായപ്പെട്ടിരുന്നത്.
21-08-2025
തിരുവനന്തപുരം: വമ്പൻ പ്രഖ്യാപനവുമായി മന്ത്രി കെ.ബി. ഗണേഷ്കുമാര്. കെഎസ്ആര്‍ടിസി പുതുതായി വാങ്ങിയ ബസുകള്‍ യാത്രക്കാര്‍ക്കായി സെപ്റ്റംബര്‍ ഒന്ന് മുതൽ ഓടിത്തുടങ്ങുമെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. കെഎസ്ആർടിസി പുതുതായി നിരത്തിലിറക്കുന്ന 143 പുതിയ ബസുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഗതാഗത മന്ത്രി.
കെഎസ്ആര്‍ടിസിയുടെ മുഖച്ഛായ അടിമുടി മാറുകയാണെന്ന് ഗണേഷ്കുമാര് പറഞ്ഞു. 130 കോടി രൂപക്കാണ് ബസുകള്‍ വാങ്ങുന്നത്. ഓണക്കാലത്ത് ഇതര സംസ്ഥാനങ്ങളിലേക്ക് ഈ പുതിയ എയർകണ്ടീഷണൻ ബസുകളായിരിക്കും സര്‍വീസിനായി ഉപയോഗിക്കുക. ഓണക്കാലത്തെ ഈ സ്പെഷ്യൽ സര്‍വീസുകളിലൂടെ ഒരു ദിവസം 50 ലക്ഷം രൂപയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
എല്ലാ പുതിയ ബസുകളിലും വൈഫൈ സൗകര്യമുണ്ട്. ഈ വണ്ടികളെല്ലാം സെപ്റ്റംബർ ഒന്നു മുതൽ സർവീസ് ആരംഭിക്കും. എയർകണ്ടീഷണർ ചെയ്ത വണ്ടികൾ എല്ലാം ത്രിവർണ്ണ പതാകയുടെ നിറത്തിലായിരിക്കും. ദീർഘദൂരം പോകുന്ന വണ്ടികൾ ആകും ആദ്യം റീപ്ലേസ് ചെയ്യുന്നതെന്നും ഇന്ന് ഇന്ത്യയിൽ ലഭിക്കുന്ന ഏറ്റവും ആഡംബരത്തോടു കൂടിയ വണ്ടികളാണ് ഇതെന്നും ഈ വണ്ടികൾ ഓടിക്കുന്നതിനുള്ള റൂട്ടുകൾ എല്ലാം തയ്യാറാക്കിയിട്ടുണ്ടെന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു.
ഓണത്തിന്റെ തിരക്ക് കഴിഞ്ഞാൽ എല്ലാ ഡിപ്പോകളിലേക്കും പുതിയ വണ്ടികൾ അയക്കുമെന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു.പുതിയ ബസുകളുടെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും. എസി സ്ലീപ്പർ, എസി സീറ്റർ കം സ്ലീപ്പർ, പ്രീമിയം സൂപ്പർ ഫാസ്റ്റ്, ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഫാസ്റ്റ് പാസഞ്ചർ ലിങ്ക് ബസുകൾ തുടങ്ങി വിവിധ ശ്രേണികളിലുള്ള ബസുകൾ ആണ് പുതുതായി എത്തുന്നത്. കെഎസ്ആർടിസിയിലെ സമ്പൂർണ ഡിജിറ്റലൈസേഷൻ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും.
21-08-2025
തിരുവനന്തപുരം: കത്ത് ചോർച്ച വിവാദത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വിവാദം ശുദ്ധ അസംബന്ധമെന്നാണ് ഗോവിന്ദൻ പറഞ്ഞത്.
ഇക്കാര്യത്തിൽ തനിക്കും മകനും ഒരു പങ്കുമില്ലെന്നും രാജേഷ് കൃഷ്ണ കേരളത്തിലുള്ള പാർട്ടി അംഗമല്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ പോളിറ്റ് ബ്യൂറോ അന്വേഷണം നടത്തുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനവും രാജിവയക്കണമെന്ന് പൊതുവെ ആവശ്യം ഉയർന്നിട്ടുണ്ടെന്നും ഇക്കാര്യത്തിൽ കോൺഗ്രസ് തീരുമാനം എടുക്കണമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
ഒന്നര വർഷം മുൻപ് വിഡി സതീശന് പരാതി നൽകിയിരുന്നു എന്ന് യുവതി പറയുന്നു. ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയെന്ന് പറഞ്ഞ് ഒഴിയുകയാണോ പ്രതിപക്ഷ നേതാവ് ചെയ്യേണ്ടത്? സ്ത്രീകളോടുള്ള പൊതു സമീപനത്തിന്റെ സാമ്പിളായി വേണം ഇത് കരുതേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
21-08-2025
തിരുവനന്തപുരം: പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു. തിരുവനന്തപുരത്ത് പിടിപി നഗറിൽ റവന്യൂ വകുപ്പിന്റെ ഇടുക്കി ജില്ലാതല യോഗത്തിൽ പങ്കെടുക്കുമ്പോൾ എംഎൽഎയ്ക്ക് ഹൃദയാഘാതമുണ്ടായി. കുഴഞ്ഞുവീണ അദ്ദേഹത്തെ ഒപ്പമുണ്ടായിരുന്നവർ മന്ത്രി കെ.രാജന്റെ ഔദ്യോഗിക വാഹനത്തിൽ ശാസ്മംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സിപിഐ സംസ്ഥാന കൗൺസിൽ അംഗമായ വാഴൂർ സോമൻ തൊഴിലാളി സംഘടനാ പ്രവർത്തനത്തിലൂടെയാണ് ജനനേതാവായി വളർന്നത്. ഇടുക്കിയിലെ മലയോര മേഖലയിലെ തൊഴിലാളി പ്രസ്ഥാനങ്ങളെ പടുത്തുയർത്താൻ അദ്ദേഹം മുഖ്യപങ്ക് വഹിച്ചിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ളവർ വിവരമറിഞ്ഞ് ആശുപത്രിയിൽ എത്തി. മൃതദേഹം എംഎൻ സ്മാരക മന്ദിരത്തിലേക്ക് പൊതുദർശനത്തിനായി മാറ്റും.
21-08-2025
തിരുവനന്തപുരം: പീരുമേട് എംഎൽഎ വാഴൂർ സോമനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദ്യം ശാസ്തമംഗത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച എംഎൽഎയെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി.
അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പിടിപി നഗറിൽ റവന്യൂ വകുപ്പിന്റെ ഇടുക്കി ജില്ലാതല യോഗത്തിൽ പങ്കെടുത്ത ശേഷം മടങ്ങുന്ന വഴിയാണ് വാഴൂർ സോമൻ എംഎൽഎയ്ക്ക് ഹൃദയാഘാതമുണ്ടായത്.
21-08-2025
പാലക്കാട്: പൊതുപരിപാടിയില്‍ നിന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എയെ മാറ്റി പാലക്കാട് നഗരസഭ. വെള്ളിയാഴ്ച നടക്കാനിരിക്കുന്ന പാലക്കാട് ബസ് സ്റ്റാൻഡ് ഉദ്ഘാടന ചടങ്ങിൽ നിന്ന് രാഹുൽ വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ കത്ത് നൽകി.
രാഹുലിനെതിരെ ആരോപണങ്ങൾ ഉയർന്നതിനാലും പ്രതിഷേധം കണക്കിലെടുത്തുമാണ് നഗരസഭയുടെ തീരുമാനം. നഗരസഭയുടെ വെള്ളിയാഴ്ചത്തെ പരിപാടിയിൽ മുഖ്യാതിഥിയായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധം കടുപ്പിക്കുകയാണ് ബിജെപിയും സിപിഎമ്മും. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനവും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തൊട്ടാകെ രാഷ്ട്രീയ, യുവജന സംഘടനകൾ സമരം ആരംഭിച്ചു. ഗര്‍ഭഛിദ്രത്തിനുള്‍പ്പെടെ നിര്‍ബന്ധിച്ചുവെന്നത് ഗുരുതര ആരോപണമെന്നും ജനപ്രതിനിധിയായി തുടരുന്നത് കേരളത്തിന് നാണക്കേടെന്നുമായിരുന്നു കെ.കെ. ശൈലജയുടെ പ്രതികരണം.
രാഷ്ട്രീയത്തിൽ നിൽക്കാൻ അയോഗ്യനായ രാഹുല്‍ സ്ത്രീകളോട് മാപ്പ് പറയണമെന്ന് ഇ.പി . ജയരാജനും പ്രതികരിച്ചു. പി.കെ. ശ്രീമതിയും സമാന പ്രതികരണവുമായി ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. രാഹുൽ ഇപ്പോള്‍ അനുഭവിക്കുന്നത് പാവപ്പെട്ട ഒരു സ്ത്രീയുടെ മനസിന്റെ ശാപമാണെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാലും പറഞ്ഞു.
21-08-2025
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവിയിൽ നിന്നും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ രാജിവെച്ചതിനെ പിന്നാലെ ഷാഫി പറമ്പിൽ എംപിക്കെതിരെയും കോൺഗ്രസിൽ പടനീക്കം. രാഹുലിനെ സംരക്ഷിച്ചത് ഷാഫിയെന്ന് പാലക്കാട്ടെ ഒരു വിഭാഗം കോൺഗ്രസ്, യൂത്ത്കോൺഗ്രസ് പ്രവർത്തകരാണ് ഹൈക്കമാൻഡിന് പരാതി നൽകി.
പരാതികളറിയിച്ചിട്ടും ഷാഫി പ്രതികരിച്ചില്ലെന്നും പരാതിയിൽ പറയുന്നു. പ്രതികരിക്കാതെ ഡൽഹിയിലെ ഫ്ലാറ്റിൽ തുടരുകയാണ് ഷാഫി പറമ്പിൽ.
അതേ സമയം, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ സംരക്ഷിക്കുന്നെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവിന്റെ പറവൂരിലെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. ബാരിക്കേഡ് ഭേദിച്ച് ഓഫീസിലേക്ക് ഓടിക്കയറാൻ ശ്രമിച്ച പ്രവർത്തകർ ഓഫീസ് കോമ്പൗണ്ടിലേക്ക് കല്ലും വടികളും വലിച്ചെറിഞ്ഞു.
ഓഫീസ് ജീവനക്കാരെ മർദിച്ചെന്നും ആരോപണമുണ്ട്. ഓഫീസ് ബോർഡ് മറിച്ചിട്ട പ്രതിഷേധക്കാർ ബോർഡിൽ കരിയോയിൽ ഒഴിക്കുകയും കോലം കത്തിക്കുകയും ചെയ്തു.
21-08-2025
കോഴിക്കോട്: സ്ത്രീകൾക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒരു നിമിഷം പോലും ആ പദവിയിലിരിക്കാൻ അർഹനല്ലെന്ന് മഹിളാ മോർച്ച. ജനാധിപത്യത്തെ അപമാനിച്ച എംഎൽഎ രാജിവയ്ക്കണമെന്ന് മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് നവ്യ ഹരിദാസ് ആവശ്യപ്പെട്ടു.
സ്ത്രീകൾക്കെതിരെ ലൈംഗീകാതിക്രമം നടത്തി സ്ത്രീത്വത്തെ അപമാനിച്ച രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുവാൻ ആരെല്ലാം ശ്രമിച്ചാലും എംഎൽഎ രാജിവയ്ക്കുന്നത് വരെ ശക്തമായ പ്രതിഷേധ സമരങ്ങളുമായി സംസ്ഥാനത്തെ മുഴുവൻ വനിതകളും തെരുവിലിറങ്ങുമെന്നും നവ്യ ഹരിദാസ് പറഞ്ഞു. സമാധാനപരമായി എംഎൽഎ ഓഫീസിലേക്ക് സമരം ചെയ്ത മഹിളാ മോർച്ചാ പ്രവർത്തകരെ അറസ്റ്റ് ചെയ്ത പോലീസ് നടപടി അപലപനീയമെന്നും നവ്യാ ഹരിദാസ് പറഞ്ഞു.
ആരോപണങ്ങളെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ച രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവജന സംഘടനകള്‍ ഇന്ന് സംസ്ഥാന വ്യാപകമായി വലിയ പ്രതിഷേധമാണ് ഉയർത്തിയത്. രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കളും സിപിഎം നേതാക്കളും യുവജന സംഘടന നേതാക്കളും രംഗത്തെത്തുകയും ചെയ്തു. വിവിധയിടങ്ങളിൽ രാഷ്ട്രീയ യുവജന സംഘടനകള്‍ പ്രതിഷേധ മാര്‍ച്ചും റാലിയും നടത്തി.
21-08-2025
കണ്ണൂർ: പ്രാപ്പോയിൽ മുളപ്രയിൽ മധ്യവയസ്കനെ കിണറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പളിന്താനത്ത് ദേവസ്യയുടെ മകൻ ഷിജു ആണ് മരിച്ചത്.
രാവിലെ മുതൽ കാണാത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് കിണറിനുള്ളിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ചെറുപുഴ പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി.
ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്.
21-08-2025
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജിക്ക് പിന്നാലെ പ്രതികരണവുമായി പത്മജ വേണുഗോപാല്‍. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജി വച്ചാല്‍ പോര എംഎല്‍എ സ്ഥാനവും രാജി വയ്ക്കണമെന്ന് പത്മജ പറഞ്ഞു.
നമുക്ക് ധൈര്യമായി വീട്ടില്‍ കയറ്റാന്‍ പറ്റുന്നയാളാകണം എംഎല്‍എ. വീട്ടില്‍ കയറ്റാന്‍ പറ്റാത്തൊരാളെ എംഎല്‍എ ആയി എങ്ങനെ വച്ചുകൊണ്ടിരിക്കും. അത് കോണ്‍ഗ്രസിന് തന്നെ നാണക്കേടാണ്. എംഎല്‍എ സ്ഥാനത്ത് നിന്ന് മാറ്റുക എന്നത്കോണ്‍ഗ്രസുകാരുടെ ഉത്തരവാദിത്തമാണ്. അത് അവര്‍ ചെയ്യുമോ എന്നറിയില്ല.
രാഹുല്‍ മുന്‍പ് തന്റെ അമ്മയെ പറ്റിപ്പറഞ്ഞത് ഒരുപാട് വേദനിപ്പിച്ചിരുന്നു. പുറത്തേക്ക് പോലും വരാതെ ഒന്നിലും പെടാതെ കോണ്‍ഗ്രസുകാര്‍ക്കെല്ലാം വച്ചുവിളമ്പി ജീവിച്ചിരുന്ന ഒരു പാവപ്പെട്ട സ്ത്രീയെ കുറിച്ച് വളരെ മോശമായ രീതിയില്‍ അദ്ദേഹം പറഞ്ഞപ്പോള്‍ ഒരുപാട് വിഷമമുണ്ടായി.
ആരെയും വ്യക്തിപരമായി കുറ്റം പറയരുതെന്ന് രാഷ്ട്രീയത്തില്‍ ഇറങ്ങുമ്പോള്‍ അച്ഛന് പഠിപ്പിച്ചിരുന്നു. അത് ഇതുവരെയും പാലിച്ചിട്ടുണ്ട്. ഈ മനുഷ്യന് ഇപ്പോള്‍ അനുഭവിക്കുന്നത് പാവപ്പെട്ട ഒരു സ്ത്രീയുടെ മനസിന്റെ ശാപമാണ്. അവരെ അങ്ങനെ പറയേണ്ട ഒരു കാര്യവുമില്ലായിരുന്നു. അത് പറഞ്ഞതിന് പല കോണ്‍ഗ്രസ് നേതാക്കളും അദ്ദേഹത്തെ ശാസിച്ചിട്ടുണ്ട് എന്നറിഞ്ഞു. അതുകൊണ്ടൊന്നും കാര്യമില്ല. മുകളില്‍ ഒരാള്‍ ഉണ്ടല്ലോ. ഞാന്‍ എല്ലാം അവിടെ അര്‍പ്പിച്ചിരിക്കുകയാണ്.
സണ്ണി ജോസഫ് പറയുന്നു തനിക്ക് ഇതുവരെ ഒരു പരാതിയും കിട്ടിയിട്ടില്ലെന്ന്. ഒരു പെണ്ണും പരാതി നല്‍കാതെ പബ്ലിക്ക് ആയി ഇങ്ങനെ പറയില്ല. നേതാക്കന്‍മാരുടെയടുത്തൊക്കെ പോയി പരാതി പറഞ്ഞിട്ടാകും ഇവര്‍ പുറത്ത് പറഞ്ഞിട്ടുണ്ടാവുക. എന്നിട്ട് ഇപ്പോഴും അദ്ദേഹത്തെ രക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇതൊന്നുമല്ല. വലിയ കാര്യങ്ങള്‍ വരാനിരിക്കുന്നതെയുള്ളു.
ചോദിക്കുമ്പോള്‍ ദേഷ്യം വരേണ്ട കാര്യമില്ല. ജനങ്ങളോട് മറുപടി പറയാനുള്ള ഉത്തരവാദിത്തം അവര്‍ക്കുണ്ട്. ഈ പറയുന്ന ആളുകള്‍ തന്നെ ചോദിക്കുമ്പോള്‍ പറയുന്ന മറുപടി ഹൂ കെയേഴ്സ് എന്നാണ്. ഇങ്ങനെയാണോ ഒരു ജനപ്രതിനിധി മറുപടി പറയേണ്ടത്.
കോണ്‍ഗ്രസ് സ്വയം സംരക്ഷിക്കുകയാണ്. ആദ്യമേ പരാതി ഉണ്ടായപ്പോള്‍ അന്വേഷണം ഉണ്ടാവേണ്ടതായിരുന്നു. വി.ഡി. സതീശനു പരാതി ലഭിച്ചപ്പോള്‍ തന്നെ നടപടി ഉണ്ടാകണമായിരുന്നുവെന്നും പത്മജ കൂട്ടിച്ചേര്‍ത്തു.
21-08-2025
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ നിർബന്ധിത ഗർഭഛിദ്രത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് പോലീസില്‍ പരാതി. എറണാകുളം സ്വദേശിയും സിപിഎം അനുഭാവിയുമായ അഭിഭാഷകൻ ഷിന്റോ സെബാസ്റ്റ്യൻ ആണ് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
ഗർഭസ്ഥ ശിശുവിന്റെ ജീവിക്കാനുള്ള അവകാശം ലംഘിക്കുന്ന നടപടി രാഹുലിൽ നിന്ന് ഉണ്ടായെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.
21-08-2025
കോഴിക്കോട്: താമരശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപത് വയസുകാരിയുടെ സഹോദരനും രോഗം സ്ഥിരീകരിച്ചു.
ഏഴുവയസുകാരന് ഇന്നു നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിക്ക് ചികിത്സ ആരംഭിച്ചതായും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ഇതോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം നാലായി. മലപ്പുറം ചെനക്കലങ്ങാടി സ്വദേശിയായ പതിനൊന്നുകാരിക്ക് ബുധനാഴ്ച രോഗം സ്ഥീരികരിച്ചിരുന്നു.
21-08-2025
കണ്ണൂര്‍: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ രൂക്ഷവിമർശനവുമായി സിപിഎം നേതാവ് കെ.കെ. ശൈലജ. രാഹുൽ ജനപ്രതിനിധിയായി തുടരുന്നത് കേരളത്തിന് അപമാനമാണെന്ന് ശൈലജ പ്രതികരിച്ചു.
രാഹുല്‍ മാങ്കൂട്ടത്തിനെതിരായ ഗുരുതര ആരോപണങ്ങള്‍ കേവലം സ്ഥാനമാനങ്ങളുടെ രാജിയില്‍ ഒതുക്കാന്‍ കഴിയുന്നതല്ല. ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്നതുള്‍പ്പെടെ ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്ത ഈ വ്യക്തിക്കെതിരേ ശക്തമായ നിയമനടപടികള്‍ ഉണ്ടാവണമെന്നും ശൈലജ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.
<b>കെ.കെ. ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: </b>
രാഹുല്‍ മാങ്കൂട്ടത്തിനെതിരെ പൊതുസമൂഹത്തിന്റെ മനഃസാക്ഷിയെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്നത്. ഗര്‍ഭഛിദ്രത്തിനുള്‍പ്പെടെ നിര്‍ബന്ധിച്ചുവെന്ന ഗുരുതര ആരോപണങ്ങള്‍ കേവലം സ്ഥാനമാനങ്ങളുടെ രാജിയില്‍ ഒതുക്കാന്‍ കഴിയുന്നതല്ല. സ്ത്രീകള്‍ക്കും പൊതുസമൂഹത്തിനുമാകെ വെല്ലുവിളിയാവുന്നൊരു മാനസികാവസ്ഥയ്ക്ക് ഉടമയാണ് ഇയാളെന്നതാണ് പുറത്തുവരുന്ന വിവരങ്ങള്‍.
ഇയാള്‍ക്കെതിരെ തുടര്‍ച്ചയായി ലഭിച്ച പരാതികളെല്ലാം അവഗണിച്ച് ജനപ്രതിനിധിയാവാന്‍ ഉള്‍പ്പെടെ അവസരം നല്കിയ കോണ്‍ഗ്രസ് നേതൃത്വമൊന്നാകെ ഈ വിഷയത്തില്‍ മറുപടി പറയാന്‍ ബാധ്യസ്ഥരാണ്.
സമൂഹ മാധ്യമങ്ങളില്‍ വ്യാജ ഐഡികൾ ഉപയോഗിച്ച് സ്ത്രീകള്‍ക്കെതിരെ കേട്ടാലറക്കുന്ന ഭാഷയില്‍ പ്രതികരണങ്ങള്‍ നടത്തുന്നൊരു സംഘം രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും ഷാഫി പറമ്പിലിന്റെയും നേതൃത്വത്തില്‍ ഉണ്ടെന്നുള്ളത് വടകര പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ വ്യക്തമായിട്ടുള്ളതാണ്. വ്യാജ ഐഡികൾ ഉപയോഗിക്കുന്നതിനാലും ഇത്തരം കമന്റുകൾക്ക് ശേഷം ഐഡി ഡിലീറ്റ് ചെയ്യുന്നതിനാലും നിയമനടപടി സ്വീകരിക്കുക ശ്രമകരമായിരുന്നു.
രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഇത്തരക്കാരെ സംരക്ഷിച്ച് നിര്‍ത്തിയ കോണ്‍ഗ്രസ് നേതൃത്വം ഗത്യന്തരമില്ലാതെയാണ് ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നു. ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്നതുള്‍പ്പെടെ ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്ത ഈ വ്യക്തിക്കെതിരെ ശക്തമായ നിയമനടപടികള്‍ ഉണ്ടാവണം. ഇയാള്‍ ജനപ്രതിനിധിയായി തുടരുന്നത് കേരളാ നിയമസഭയ്ക്കാകെ നാണക്കേടാണ്.
21-08-2025
തിരുവനന്തപുരം: യുവനേതാവിനെതിരായ ആരോപണങ്ങൾക്ക് പിന്നാലെ വീണ്ടും മാധ്യമങ്ങളോട് പ്രതികരിച്ച് യുവനടി റിനി ആന്‍ ജോർജ്. തന്റെ പോരാട്ടം ഒരു വ്യക്തിയോടല്ലെന്നും എല്ലാ സ്ത്രീകൾക്കും വേണ്ടി നടത്തിയ പോരാട്ടമാണെന്നും അവർ വ്യക്തമാക്കി. അതേസമയം, നേതാവിന്റെ പേര് ഇപ്പോഴും പറയുന്നില്ലെന്നും റിനി മാധ്യമങ്ങളോട് പ്രതികരിച്ചു.
താനൊരു വ്യക്തിയെ പേരെടുത്ത് പറയാനോ ഒരു പ്രസ്ഥാനത്തെ പേരെടുത്ത് പറയാനോ ഇപ്പോഴും ഉദ്ദേശിക്കുന്നില്ല. കാരണം എന്റെ യുദ്ധം വ്യക്തിയോടല്ല, സമൂഹത്തിലെ തെറ്റായ പ്രവണതകളോടാണ്. രാഷ്ട്രീയ നേതാവ് എങ്ങനെ ആയിരിക്കണമെന്ന് മാത്രമാണ് തന്റെ വിഷയമെന്നും റിനി കൂട്ടിച്ചേർത്തു.
അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നും ശരിയല്ലെന്ന് പറഞ്ഞിട്ടും വീണ്ടും തുടര്‍ന്നുവെന്നുമാണ് യുവനേതാവിനെതിരേ റിനി ആന്‍ ജോര്‍ജ് ബുധനാഴ്ച വെളിപ്പെടുത്തിയത്. മൂന്നര വര്‍ഷം മുമ്പായിരുന്നു ആദ്യ അനുഭവം. നിരവധി തവണ അശ്ലീല സന്ദേശങ്ങള്‍ അയച്ചു. ഇക്കാര്യങ്ങളെല്ലാം അവരുടെ പ്രസ്ഥാനത്തിലെ നേതാക്കളോട് പരാതിയായി പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നും റിനി കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
പുറത്ത് പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍ പോയി പറയാനായിരുന്നു നേതാവിന്റെ മറുപടി. ഹു കെയേഴ്സ് എന്നാണ് നേതാവിന്റെ മനോഭാവം. നേതാവിന്റെ പേര് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല. എന്നാല്‍ ഇനി അക്കാര്യം ആലോചിക്കുമെന്നും റിനി മാധ്യമങ്ങളോട് പറഞ്ഞു.
സോഷ്യല്‍ മീഡിയയിലൂടെയാണ് നേതാവിനെ പരിചയപ്പെട്ടത്. പരിചയപ്പെട്ട ഉടനെ തന്നെ മോശം പെരുമാറ്റം ഉണ്ടായി. എന്നാല്‍ അപ്പോള്‍ തന്നെ പ്രതികരിച്ചുവെന്നും ഇതിനുശേഷം കുറച്ച് നാളത്തേക്ക് കുഴുപ്പമൊന്നും ഉണ്ടായില്ലെന്നും റിനി പറഞ്ഞു.
ഇയാളില്‍നിന്ന് പീഡനം നേരിട്ട പെണ്‍കുട്ടികളുണ്ട്. ഈ പെണ്‍കുട്ടികളെ തനിക്കറിയാം. തുറന്നു പറയാന്‍ മടിയുള്ള നിരവധി പേരുണ്ട്. അവരെല്ലാം മുന്നോട്ടുവരണം. പാര്‍ട്ടി അയാളെ സംരക്ഷിക്കുകയാണ്. നേതാവിന്റെ പേര് പറയാത്തത് ആ പ്രസ്ഥാനത്തില്‍ ഉള്ളവരുമായുള്ള അടുപ്പം കൊണ്ടാണെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി റിനി പറഞ്ഞു.
21-08-2025
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണൻ.
വി.ഡി. സതീശനാണ് രാഹുലിനെ സംരക്ഷിക്കുന്നത്. പരാതി എഴുതി കൊടുക്കേണ്ട കാര്യമില്ല. സംസ്ഥാന സർക്കാർ സതീശനെതിരെ എഫ്ഐആർ ഇടണമെന്നും ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി രജിസ്റ്റർ ചെയ്യാൻ സംസ്ഥാന സർക്കാർ തയാറാവണം. സ്നേഹക്കടയിലെ വാങ്ങലും വിൽക്കലും ഇതാണോ ?. ഇതാണോ മാതൃകയെന്നാണ് ബിജെപിക്ക് ചോദിക്കാനുള്ളതെന്നും ഗോപാലകൃഷ്ണൻ വ്യക്തമാക്കി.
രാഹുലിനെതിരെ ഇനിയും പരാതികളുണ്ടാകും. രാഹുലിന്റെ സ്വാഭാവം വളരെ മോശമാണെന്ന് വ്യക്തിപരമായി മുൻ കെഎസ്യു പ്രവർത്തകനോട് പരാതി പറഞ്ഞിരുന്നുവെന്നും ബി. ഗോപാലകൃഷ്ണൻ പറഞ്ഞു.
21-08-2025
തിരുവനന്തപുരം: വിവാദ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ യൂത്ത്കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചു. സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിൽ നിന്നും ഹൈക്കമാൻഡിൽ നിന്നും സമ്മർദം ഉയർന്നതിനെ തുടർന്നാണ് നടപടി.
തെറ്റുചെയ്തെന്ന ബോധ്യത്തോടെയല്ല. തന്റെ നിരപരാധിത്വം തെളിയിക്കുന്നതിനുള്ള ഉത്തരവാദിത്വം തനിക്കുണ്ടെന്നും തന്നോട് ആരും രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു.
ആരോപണങ്ങൾ തനിക്കെതിരെ ആണെന്ന് കരുതുന്നില്ല. യുവനടി തന്റെ അടുത്ത സുഹൃത്താണ്. തന്റെ പേര് ഇതുവരെ പരാതിയായി പറഞ്ഞിട്ടില്ലെന്നും രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു.
രാജ്യത്തെ നിയമസംവിധാനത്തിൽ വിശ്വസിക്കുന്നു. ഓഡിയോ സന്ദേശങ്ങള്‍ വ്യാജമായി നിര്‍മിക്കുന്ന കാലമാണ്. പരാതി വന്നാൽ നിയമപരമായി നേരിടുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. തനിക്കെതിരായ എഴുത്തുകാരി ഹണി ഭാസ്കറുടെ ആരോപണം അവര്‍ തെളിയിക്കട്ടെയെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
താൻ നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തെങ്കിൽ പരാതി നൽകട്ടെയെന്നും കുറ്റക്കാരനെന്ന് തെളിഞ്ഞാൽ നടപടി നേരിടാൻ തയാറാണെന്നും രാഹുൽ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തിനൊടുവിലാണ് രാഹുൽ മാങ്കൂട്ടത്തിൽ രാജി പ്രഖ്യാപിച്ചത്.
നേരത്തെ, രാഹുൽ മാങ്കൂട്ടത്തിലിനെ തള്ളിപ്പറഞ്ഞ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ രംഗത്തെത്തിയിരുന്നു. എത്രവലിയ നേതാവ് ആയാലും മുഖം നോക്കാതെ നടപടിയെടുക്കുമെന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ നിലപാട്.
21-08-2025
ഹൈദരാബാദ്: തെലുങ്കാനയിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സൈബരാബാദ് പോലീസ് കമ്മീഷണറേറ്റിലെ മിയാപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ മക്ത മഹബൂപ്പേട്ടിലാണ് സംഭവം.
ലക്ഷ്മയ്യ (60), വെങ്കിടമ്മ (55), അനിൽ (32), കവിത (24), അപ്പു (രണ്ട്) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അയൽവാസികൾ അറിയിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കർണാടകയിലെ ഗുൽബർഗ ജില്ലയിൽ നിന്നുള്ളവരാണ് ഇവർ. കഴിഞ്ഞ ആറ് വർഷമായി ഇവിടെയാണ് കുടുംബം താമസിച്ചിരുന്നത്.
സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസ് സംശയിക്കുന്നത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റി. ലക്ഷ്മയ്യ നിർമാണ തൊഴിലാളിയാണ്. ദമ്പതികളുടെ മകളും മരുമകനും അസീസ് നഗറിലെ മറ്റൊരു സ്ഥലത്താണ് താമസിച്ചിരുന്നത്.
21-08-2025
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ ഉയർന്ന ആരോപണങ്ങളിൽ പ്രതിഷേധം കനക്കുന്നു. രാഹുലിന്റെ രാജി ആവശ്യപ്പെട്ട് എംഎൽഎ ഓഫീസിലേക്ക് ബിജെപി, ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനം നടത്തി.
മഹിള മോർച്ച പ്രവർത്തകരും എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തി. ബാരിക്കേഡ് മറികടന്ന് പ്രവർത്തകർ എംഎൽഎ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതോടെ സ്ഥലത്ത് സംഘർഷാവസ്ഥയാണ് നിലനിൽക്കുന്നത്.
21-08-2025
തിരുവനന്തപുരം: കോഴിക്കോട്, കോട്ടയം കളക്ട്രേറ്റുകളിൽ ബോംബ് ഭീഷണി. കോഴിക്കോട് കളക്ട്രേറ്റിലെ ബി ബ്ലോക്കിൽ ബോംബ് വെച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക ഇ-മെയിൽ ഐഡിയിലേക്ക് എത്തിയ സന്ദേശം. ഇതിനു പിന്നാലെ കളക്ട്രേറ്റിൽ പോലീസും ഡോഗ് സ്ക്വാഡും പരിശോധന നടത്തുകയാണ്.
അതേസമയം കോട്ടയം കളക്ട്രേറ്റിലെ വനിതാ ശിശുക്ഷേമ വകുപ്പ് ഓഫീസിനെതിരെയാണ് ഭീഷണി ഇ-മെയിൽ സന്ദേശം ലഭിച്ചത്. ഇ-സിഗരറ്റിന്റെ രൂപത്തിലുള്ള ബോംബ് ഉച്ചയ്ക്ക് ഒന്നരയ്ക്ക് പൊട്ടുമെന്നും ജീവനക്കാരെ എല്ലാം ഒഴിപ്പിക്കണമെന്നും സന്ദേശത്തിൽ പറയുന്നു.
ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി വരികയാണ്. മദ്രാസ് ടൈഗേർസ് എന്ന പേരിലാണ് സന്ദേശം വന്നത്.
21-08-2025
തിരുവനന്തപുരം: യുവനേതാവിനെതിരായ യുവനടിയുടെ വെളിപ്പെടുത്തലിൽ പോലീസിൽ പരാതി ലഭിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ. സർക്കാരിന് സ്ത്രീവിരുദ്ധ നിലപാടില്ല. ഹേമ കമ്മീഷൻ റിപ്പോർട്ടിൽ ഉൾപ്പെടെ സർക്കാർ നിലപാട് എല്ലാവരും കണ്ടതാണ്. പ്രിവിലേജുകൾക്ക് പ്രസക്തിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നും ശരിയല്ലെന്ന് പറഞ്ഞിട്ടും വീണ്ടും തുടര്‍ന്നുവെന്നുമാണ് യുവനേതാവിനെതിരേ നടി റിനി ആന്‍ ജോര്‍ജ് ബുധനാഴ്ച വെളിപ്പെടുത്തിയത്. മൂന്നര വര്‍ഷം മുമ്പായിരുന്നു ആദ്യ അനുഭവം. നിരവധി തവണ അശ്ലീല സന്ദേശങ്ങള്‍ അയച്ചു. ഇക്കാര്യങ്ങളെല്ലാം അവരുടെ പ്രസ്ഥാനത്തിലെ നേതാക്കളോട് പരാതിയായി പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നും റിനി കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
പുറത്ത് പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍ പോയി പറയാനായിരുന്നു നേതാവിന്റെ മറുപടി. ഹു കെയേഴ്സ് എന്നാണ് നേതാവിന്റെ മനോഭാവം. നേതാവിന്റെ പേര് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല. എന്നാല്‍ ഇനി അക്കാര്യം ആലോചിക്കുമെന്നും റിനി മാധ്യമങ്ങളോട് പറഞ്ഞു.
സോഷ്യല്‍ മീഡിയയിലൂടെയാണ് നേതാവിനെ പരിചയപ്പെട്ടത്. പരിചയപ്പെട്ട ഉടനെ തന്നെ മോശം പെരുമാറ്റം ഉണ്ടായി. എന്നാല്‍ അപ്പോള്‍ തന്നെ പ്രതികരിച്ചുവെന്നും ഇതിനുശേഷം കുറച്ച് നാളത്തേക്ക് കുഴുപ്പമൊന്നും ഉണ്ടായില്ലെന്നും റിനി പറഞ്ഞു.
ഇയാളില്‍നിന്ന് പീഡനം നേരിട്ട പെണ്‍കുട്ടികളുണ്ട്. ഈ പെണ്‍കുട്ടികളെ തനിക്കറിയാം. തുറന്നു പറയാന്‍ മടിയുള്ള നിരവധി പേരുണ്ട്. അവരെല്ലാം മുന്നോട്ടുവരണം. പാര്‍ട്ടി അയാളെ സംരക്ഷിക്കുകയാണ്. നേതാവിന്റെ പേര് പറയാത്തത് ആ പ്രസ്ഥാനത്തില്‍ ഉള്ളവരുമായുള്ള അടുപ്പം കൊണ്ടാണെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി റിനി പറഞ്ഞു.
21-08-2025
കൊച്ചി: സംസ്ഥാനത്ത് 12 ദിവസത്തിനു ശേഷം തിരിച്ചുകയറി സ്വര്‍ണവില. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 9,230 രൂപയിലും പവന് 73,840 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 40 രൂപ വർധിച്ച് 7,575 രൂപയിലെത്തി.
ഇക്കഴിഞ്ഞ ഓഗസ്റ്റ് എട്ടിന് കുറിച്ച ഗ്രാമിന് 9,470 രൂപയും പവന് 75,760 രൂപയുമാണ് കേരളത്തിലെ സർവകാല റിക്കാർഡ്. അതിനു ശേഷം കഴിഞ്ഞ12 ദിവസമായി വില കുറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ബുധനാഴ്ച വരെ പവന് 2,320 രൂപയും ഗ്രാമിന് 290 രൂപയും ഇടിഞ്ഞ ശേഷമാണ് ഇന്ന് തിരിച്ചുകയറാൻ തുടങ്ങിയത്.
ജനുവരി 22നാണ് പവന് വില ആദ്യമായി 60,000 കടന്നത്. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയർന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടി.
ഫെബ്രുവരി ഒന്നിന് ഒരു പവന് സ്വര്‍ണത്തിന് 61,960 രൂപയായിരുന്നു വില. നാലിന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന് 62,000 രൂപ പിന്നിട്ടു. തൊട്ടുപിന്നാലെ അഞ്ചിന് 760 രൂപ ഉയർന്ന് 63,000 രൂപയും കടന്നു. പിന്നീട് 11ന് 640 രൂപ ഉയർന്ന് 64,000 രൂപയെന്ന പുതിയ നാഴികക്കല്ലും പിന്നിട്ടു.
മാർച്ച് ഒന്നിന് പവന് 63,440 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് കയറ്റിറക്കങ്ങൾക്കൊടുവിൽ 14ന് 65,000 രൂപയും 18ന് 66,000 രൂപയും 31ന് 67,000 രൂപയും ഏപ്രിൽ ഒന്നിന് 68,000 പിന്നിടുകയായിരുന്നു. പത്തു ദിവസങ്ങൾക്കു ശേഷം ഏപ്രിൽ 11ന് 69,000 രൂപയും പിന്നാലെ 12ന് 70,000 രൂപയും പിന്നിട്ടു.
ഏപ്രിൽ 17ന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന സ്വർണവില 71,000 രൂപ പിന്നിട്ടു. 21ന് 72,000 രൂപ പിന്നിട്ട സ്വർണവില 22ന് ഒറ്റയടിക്ക് 2,200 രൂപ ഇടിഞ്ഞ് 74,000 എന്ന നാഴികക്കല്ലിലെത്തി.
മേയ് 15ന് 68,880 രൂപയിലേക്ക് ഇടിഞ്ഞ സ്വര്‍ണവില പിന്നീട് വര്‍ധിക്കുന്ന കാഴ്ചയാണ് കണ്ടത്. ഏഴുദിവസത്തിനിടെ ഏകദേശം മൂവായിരം രൂപ വര്‍ധിച്ച് വീണ്ടും സ്വര്‍ണവില 72,000 കടന്ന് കുതിക്കുകയായിരുന്നു.
ജൂൺ 14ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ച സ്വര്‍ണവില ഗ്രാമിന് 9,320 രൂപയും പവന് 74,560 രൂപയുമെന്ന ചരിത്ര വിലയിലെത്തിയിരുന്നു. പിന്നീട് താഴേക്കുപോയ സ്വർണം ചാഞ്ചാട്ടങ്ങൾക്കൊടുവിൽ വീണ്ടും റിക്കാർഡിലേക്ക് കുതിക്കുകയായിരുന്നു.
ജൂലൈ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. ഒമ്പതിന് 72,000 രൂപയായി താഴ്ന്ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില ഉയരുന്നതാണ് ദൃശ്യമായത്. രണ്ടാഴ്ചയ്ക്കിടെ ഏകദേശം 1,400 രൂപ വര്‍ധിച്ച സ്വർണവില വീണ്ടും 73,000 കടക്കുകയായിരുന്നു.
പിന്നാലെ 22ന് വീണ്ടും 74,000 പിന്നിടുകയും 23ന് 75,000 രൂപ പിന്നിട്ട് പുതിയ ഉയരം കുറിക്കുകയും ചെയ്തു. 23ന് സ്വർണവില പവന് 75,040 രൂപയും ഗ്രാമിന് 9,380 രൂപയുമായിരുന്ന സ്വർണവില പിന്നീടുള്ള ദിവസങ്ങളിൽ താഴേക്കുപോകുന്നതാണ് കണ്ടത്.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. രാജ്യാന്തരവില ഔൺസിന് 3,338 ഡോളറിൽ നിന്ന് 3,351 ഡോളറിലേക്ക് കുതിച്ചുകയറിയതോടെ, ഇന്നു കേരളത്തിലും വില കൂടുകയായിരുന്നു.
അതേസമയം, വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 122 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
21-08-2025
കൊച്ചി: യുവ നേതാവിനെതിരായ വെളിപ്പെടുത്തലില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നെന്ന് നടി റിനി ആന്‍ ജോര്‍ജ്. ആരോപണ വിധേയനായ ആളുടെ പേര് ഇപ്പോള്‍ വെളിപ്പെടുത്തില്ല. തനിക്കെതിരെ നില്‍ക്കുന്നത് വന്‍ ശക്തികളാണെന്നും അവർ കൂട്ടിച്ചേർത്തു.
സമാന അനുഭവം നേരിട്ട പലരും തന്നെ ബന്ധപ്പെട്ടു. മാധ്യമശ്രദ്ധയ്ക്ക് വേണ്ടി ആരോപണം ഉന്നയിക്കുന്നതല്ല. എത്ര ആക്രമിച്ചാലും ഈ വ്യക്തി രക്ഷപ്പെടില്ല. എതിരെ നില്‍ക്കുന്നത് വന്‍ ശക്തികളാണ്. ഇതൊന്നും ഒരു തെരഞ്ഞെടുപ്പ് ഗിമ്മിക്കല്ല. ആലോചിച്ച് മാത്രമേ തീരുമാനമെടുക്കൂ. വെളിപ്പെടുത്തലിനു ശേഷം താന്‍ രൂക്ഷമായ സൈബര്‍ ആക്രമണം നേരിടുകയാണെന്നും മറ്റ് വഴിയില്ലെങ്കില്‍ പേരു വെളിപ്പെടുത്തുമെന്നും റിനി പറഞ്ഞു.
അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നും ശരിയല്ലെന്ന് പറഞ്ഞിട്ടും വീണ്ടും തുടര്‍ന്നുവെന്നുമാണ് യുവനേതാവിനെതിരേ റിനി ആന്‍ ജോര്‍ജ് ബുധനാഴ്ച വെളിപ്പെടുത്തിയത്. മൂന്നര വര്‍ഷം മുമ്പായിരുന്നു ആദ്യ അനുഭവം. നിരവധി തവണ അശ്ലീല സന്ദേശങ്ങള്‍ അയച്ചു. ഇക്കാര്യങ്ങളെല്ലാം അവരുടെ പ്രസ്ഥാനത്തിലെ നേതാക്കളോട് പരാതിയായി പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നും റിനി കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
പുറത്ത് പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍ പോയി പറയാനായിരുന്നു നേതാവിന്റെ മറുപടി. ഹു കെയേഴ്സ് എന്നാണ് നേതാവിന്റെ മനോഭാവം. നേതാവിന്റെ പേര് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല. എന്നാല്‍ ഇനി അക്കാര്യം ആലോചിക്കുമെന്നും റിനി മാധ്യമങ്ങളോട് പറഞ്ഞു.
സോഷ്യല്‍ മീഡിയയിലൂടെയാണ് നേതാവിനെ പരിചയപ്പെട്ടത്. പരിചയപ്പെട്ട ഉടനെ തന്നെ മോശം പെരുമാറ്റം ഉണ്ടായി. എന്നാല്‍ അപ്പോള്‍ തന്നെ പ്രതികരിച്ചുവെന്നും ഇതിനുശേഷം കുറച്ച് നാളത്തേക്ക് കുഴുപ്പമൊന്നും ഉണ്ടായില്ലെന്നും റിനി പറഞ്ഞു.
ഇയാളില്‍നിന്ന് പീഡനം നേരിട്ട പെണ്‍കുട്ടികളുണ്ട്. ഈ പെണ്‍കുട്ടികളെ തനിക്കറിയാം. തുറന്നു പറയാന്‍ മടിയുള്ള നിരവധി പേരുണ്ട്. അവരെല്ലാം മുന്നോട്ടുവരണം. പാര്‍ട്ടി അയാളെ സംരക്ഷിക്കുകയാണ്. നേതാവിന്റെ പേര് പറയാത്തത് ആ പ്രസ്ഥാനത്തില്‍ ഉള്ളവരുമായുള്ള അടുപ്പം കൊണ്ടാണെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി റിനി പറഞ്ഞു.
21-08-2025
തിരുവനന്തപുരം: യുവനേതാവിനെതിരായ നടിയുടെ ആരോപണത്തില്‍ പ്രതികരിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു. "ഹൂ കെയേര്‍സ്' മനോഭാവമുള്ളവരോട് ധാർമികതയെ കുറിച്ച് പറഞ്ഞിട്ട് എന്ത് കാര്യമെന്നും യുവനേതാക്കളിൽ നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത കാര്യമാണിതെന്നും മന്ത്രി പറഞ്ഞു.
ധാർമികതയെ കുറിച്ച് ഓരോ ആളുകൾക്കും ഉള്ള സങ്കല്പം ആപേക്ഷികമാണ്. ഇതൊക്കെ അദ്ദേഹത്തിന് തോന്നണം. അത് തെറ്റാണെന്ന് തോന്നാത്ത നിലയിൽ എന്താണ് പറയുക. ആ പെൺകുട്ടി പറഞ്ഞത് പോലെ "ഹൂ കെയേര്‍സ്' എന്ന മനോഭാവമുള്ളവരോട് പറഞ്ഞിട്ട് കാര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സ്ത്രീകളോടും പെൺകുട്ടികളോടും അപമര്യാദയായി പെരുമാറുന്നതും അശ്ലീല സന്ദേശം അയക്കുന്നതും ഗുരുതരമായ കാര്യമാണ്. നടപടി എടുക്കേണ്ടത് ബന്ധപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനമാണെന്നും മന്ത്രി ബിന്ദു പറഞ്ഞു.
21-08-2025
ന്യൂയോർക്ക്: സീസണിലെ അവസാന ഗ്രാൻഡ്സ്ലാമായ യുഎസ് ഓപ്പണിന്റെ മിക്സഡ് ഡബിൾസ് സെമി ഫൈനല്‍ ലിസ്റ്റായി.
ഇന്ന് നടക്കുന്ന ആദ്യ സെമി ഫൈനലിൽ ജാക്ക് ഡ്രാപ്പർ, ജസീക്ക പെഗ്വേല സഖ്യം ഇഗ ഷ്യാങ്ടെക്, കാസ്പർ റൂഡ് സഖ്യത്തെ നേരിടും. വൈകുന്നേരം 4.30നാണ് മത്സരം.
രണ്ടാം സെമിയിൽ ഡാനിയൽ കൊള്ളിൻസ്, ക്രിസ്റ്റ്യൻ ഹാരിസണ്‍ സഖ്യം സാറ ഇറാനിം, ആൻഡ്രീ വാവസോറി സഖ്യത്തെ വൈകുന്നേരം 5.40ന് നടക്കുന്ന മത്സരത്തിൽ നേരിടും. ഇരു സെമിയിലെയും വിജയികൾ ഫൈനലിൽ മത്സരിക്കും.
ക്വാർട്ടർ ഫൈനലിൽ ഡ്രാപ്പർ, ജസീക്ക സഖ്യം 4-1, 4-1 സ്കോറിന് ഡാനിൽ മെദ്ദേവ്- മിറ ആൻഡ്രീവ സഖ്യത്തെ പരാജയപ്പെടുത്തിയാണ് സെമിയിൽ പ്രവേശിച്ചത്.
രണ്ടാം ക്വാളിഫയറിൽ ഡാനിയൽ കൊള്ളിൻസ്, ക്രിസ്റ്റ്യൻ ഹാരിസണ്‍ സഖ്യം ടെയ്ലര് ടൗന്സണ്ഡ്, ബെൻ ഷെൽറ്റണ്‍ സഖ്യത്തെ 4-1, 5-4 സ്കോറിന് വീഴ്ത്തി സെമിയിൽ കടന്നു.
21-08-2025
തിരുവനന്തപുരം: ചിങ്ങമാസം മലയാളികൾക്ക് ആഘോഷത്തിന്റെ ദിനങ്ങൾ. ഇത്തവണ ആ ആഘോഷങ്ങൾക്ക് കൂടുതൽ മാറ്റേകി തലസ്ഥാനത്ത് ഇന്ന് കേരളത്തിന്റെ സ്വന്തം ക്രിക്കറ്റായ കേരളാ ക്രിക്കറ്റ് ലീഗിന് തുടക്കമാകും.
അനന്തപത്മനാഭന്റെ മണ്ണിൽ കുട്ടിക്രിക്കറ്റ് കൊട്ടിക്കയറുന്പോൾ ക്രിക്കറ്റ് പ്രേമികൾക്ക് കേരളാ ക്രിക്കറ്റ് നല്കുന്ന പൊന്നോണ സമ്മാനമാകും കേരളാ ക്രിക്കറ്റ് ലീഗ് രണ്ടാം പതിപ്പ്.
കാര്യവട്ടത്തിന്റെ ഓണസമ്മാനം
ആറ് ടീമുകൾ, 33 മത്സരങ്ങൾ. തകർപ്പൻ പോരാട്ടങ്ങൾക്കൊപ്പം കേരളാ ക്രിക്കറ്റിലേക്കുള്ള പുത്തൻ പ്രതിഭകളുടെ അരങ്ങേറ്റം കൂടിയാകും ഈ മാമാങ്കം. റണ്ണൊഴുകുന്ന പിച്ചിൽ ബാറ്റർമാർ തകർത്താടുന്പോൾ ക്രിക്കറ്റ് പ്രേമികൾക്ക് മികച്ച ഓണസമ്മാനം കാര്യവട്ടം പകരും.
സെപ്റ്റംബർ ഏഴു വരെയാണ് കാര്യവട്ടം ഇന്റർനാഷ്ണൽ സ്റ്റേഡിയം കേരളാ ക്രിക്കറ്റ് ലീഗ് പോരാട്ടത്തിന് സാക്ഷ്യം വഹിക്കുക.
ട്രിവാൻഡ്രം റോയൽസ്, കൊല്ലം സെയ്ലേഴ്സ്, ആലപ്പി റിപ്പിൾസ്, കൊച്ചി ബ്ലൂ ടൈഗേഴ്സ്, തൃശൂർ ടൈറ്റൻസ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് എന്നീ ആറു ടീമുകളാണ് കിരീടപ്പോരാട്ടത്തിനായി മത്സരിക്കുന്നത്.
സഞ്ജുവാണ് താരം!
നടൻ മോഹൻലാൽ ബ്രാൻഡ് അംബാസഡറായി വരുന്ന സീസണ് രണ്ടിലെ പ്രധാന ആകർഷണം ദേശീയ ക്രിക്കറ്റ് ടീം താരം സഞ്ജു സാംസണാണ്. കൊച്ചിക്കുവേണ്ടിയാണ് സഞ്ജു ഇത്തവണ പോരാട്ടത്തിനിറങ്ങുന്നത്. സഞ്ജുവിന്റെ സഹോദരൻ സാലി സാംസണാണ് കൊച്ചിയുടെ ക്യാപ്റ്റൻ.
ഇന്നു നടക്കുന്ന ആദ്യ മത്സരത്തിൽ കഴിഞ്ഞ വർഷത്തെ ചാന്പ്യൻമാരായ സച്ചിൻ ബേബി നയിച്ച കൊല്ലം സെയ്ലേഴ്സ് റണ്ണേഴ്സ് അപ്പായ കോഴിക്കോട് ഗ്ലോബ്സ്റ്റാർസുമായി ഏറ്റുമുട്ടും. ഉച്ചയ്ക്ക് 2.30നാണ് മത്സരം. രണ്ടാം മത്സരത്തിൽ രാത്രി 7.45ന് ട്രിവാൻഡ്രം റോയൽസ്- കൊച്ചി ബ്ലൂ ടൈഗേഴ്സിനെ നേരിടും.
വൈകുന്നേരം 6.30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ കെസിഎൽ ബ്രാൻഡ് അംബാസഡർ മോഹൻലാൽ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. വിവിധ കലാപരിപാടികൾക്ക് കാര്യവട്ടം സ്റ്റേഡിയം സാക്ഷ്യം വഹിക്കും.
സ്റ്റാർ സ്പോർട്സ്, ഫാൻകോഡ്, ഏഷ്യാനെറ്റ് പ്ലസ് എന്നിവയില്‍ മത്സരങ്ങളുടെ തത്സമയ സംപ്രേഷണമുണ്ടാകും.
പ്രതീക്ഷകൾ പങ്കുവച്ച് ക്യാപ്റ്റന്മാർ
കപ്പടിക്കണം. ആറാടണം. ആറു ക്യാപ്റ്റൻമാർക്കും ഒരേസ്വരം. കേരളാ ക്രിക്കറ്റ് ലീഗ് സീസണ് രണ്ട് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നില്‍ക്കെ പോട്ടത്തിനിറങ്ങുന്ന ആറു ടീമുകളുടെയും ക്യാപ്റ്റർമാരും ചാന്പ്യൻപട്ടത്തിൽ കുറഞ്ഞൊരു ചിന്തയേ ഇല്ല. ബാറ്റിംഗ് പിച്ചിൽ ടീമുകൾക്ക് നിർണായകം തങ്ങളുടെ ബാറ്റ്സ്മാൻമാരുടെ പ്രകടനമാണ്.
ബാറ്റ്സ്മാൻമാരിലാണ് ആറു ടീമുകളും പ്രതീക്ഷ വച്ചുപുലർത്തുന്നത്. എല്ലാ ടീമുകളും അവസാന വട്ട ഒരുക്കവും പൂർത്തിയാക്കി പോരാട്ടത്തിന് ശക്തരായിക്കഴിഞ്ഞു. മഴ ഒഴിവായി മാനം തെളിഞ്ഞാൽ ആവശകരമായ മത്സരങ്ങൾക്ക് കാര്യവട്ടം സ്റ്റേഡിയം സാക്ഷ്യംവഹിക്കുമെന്ന് ക്യാപ്റ്റൻമാർ ഒരേപോലെ അഭിപ്രായപ്പെട്ടു.
ആദ്യസീസണിലെ ജേതാക്കളായ കൊല്ലത്തിന് കൂടുതൽ കരുത്തു പകരുന്നത് മികച്ച സ്പിന്നർമാരായിരിക്കുമെന്ന് ഏരീസ് കൊല്ലം സെയ്ലേഴ്സ് ക്യാപ്റ്റൻ സച്ചിൻ ബേബി. ആലപ്പി റിപ്പിൾസ് ഓൾ റൗണ്ട് പ്രകടനം കാഴ്ചവയ്ക്കാൻ കരുത്തുള്ള ടീമാണന്ന് ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീൻ അഭിപ്രായപ്പെട്ടു.
കളിയുടെ ഗതിയെ തിരിച്ചുവിടാൻ പ്രാപ്തിയുള്ള ടീമാണ് തൃശൂർ ടൈറ്റൻസ് എന്നു പ്രതികരിച്ച ക്യാപ്റ്റൻ സിജോമോൻ ജോസഫ് തങ്ങൾക്ക് ഇക്കുറി മികച്ച ബൗളിംഗ് നിരയാണുള്ളതെന്നും കൂട്ടിച്ചേർത്തു.
എല്ലാ അർഥത്തിലും ഒരു സന്തുലിത ടീമായിട്ടാണ് ഇത്തവണ ട്രിവാൻഡ്രം റോയൽസ് എത്തുന്നതെന്ന് ക്യാപ്റ്റൻ കൃഷ്ണപ്രസാദ് പറഞ്ഞു. ബാറ്റിംഗിനൊപ്പം മികച്ച ബൗളിംഗ് നിരയും ടീമിന്റെ ശക്തിയാണ്.
കഴിഞ്ഞ സീസണിൽ നഷ്ടമായ കിരീടം ഇത്തവണ സ്വന്തമാക്കുകയാണ് ടീമിന്റെ ലക്ഷ്യമെന്ന് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് നായകൻ രോഹൻ കുന്നുമ്മൽ പറഞ്ഞു. സ്റ്റാർ സ്പോർട്സ് സംപ്രേഷണം ചെയ്യുന്നതിനാൽ കെസിഎൽ മത്സരങ്ങൾ രാജ്യം മുഴുവൻ ചർച്ചയാകുമെന്ന പ്രതീക്ഷയും കാപ്റ്റൻമാർ പങ്കുവച്ചു.
ആരാധകരെ കാത്ത്
കെസിഎൽ രണ്ടാം സീസണിലേക്കു കടക്കുന്പോൾ കഴിഞ്ഞ തവണ കാര്യവട്ടം സ്റ്റേഡിയത്തിലേക്കെത്തിയ ആരാധകരുടെ എണ്ണം ഇരട്ടിയാക്കുകയാണ് സംഘാടകരുടെ ലക്ഷ്യം. സ്റ്റേഡിയത്തിൽ പുതിയ ഫ്ലഡ് ലൈറ്റുകൾ വന്നതോടെ ടെലിവിഷൻ ബ്രോഡ്കാസ്റ്റിംഗിലും വലിയ മാറ്റം വരും.
കാര്യവട്ടം സ്റ്റേഡിയത്തിൽ വിരുന്നൊരുക്കി ഇന്നു മുതൽ സെപ്റ്റംബർ ഏഴു വരെയാണ് രണ്ടാം സീസണ് മത്സരങ്ങൾ നടക്കുക. ‘വീരു’ എന്നു പേരിട്ട ബാറ്റേന്തിയ കൊന്പനും ‘ചാരു’ എന്ന മലമുഴക്കി വേഴാന്പലുമാണ് ടൂർണമെന്റിന്റെ ഭാഗ്യചിഹ്നങ്ങൾ.
21-08-2025
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലെ അസ്പാരി മണ്ഡലത്തിലെ ചിഗിരി ഗ്രാമത്തിൽ ആറ് വിദ്യാർഥികൾ മുങ്ങിമരിച്ചു.
ബുധനാഴ്ച സ്കൂൾ കഴിഞ്ഞ് വെള്ളം നിറഞ്ഞ കുഴിയിൽ നീന്താനിറങ്ങിയ കുട്ടികളാണ് മരിച്ചത്. സർക്കാർ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥികളായ ബീമേഷ്, വിനയ്, മഹാബൂബ് ബാഷ, സായ് കിരൺ, ശേഷി കുമാർ, കിന്നേര സായ് എന്നിവരാണ് മരിച്ചത്. മരിച്ചവരെല്ലാം അഞ്ചാം ക്ലാസ് വിദ്യാർഥികളാണ്.
10 വയസിന് താഴെയുള്ള ഏഴ് വിദ്യാർഥികളാണ് മഴപെയ്ത് വെള്ളം നിറഞ്ഞ കുഴിക്ക് സമീപമെത്തിയത്. ആറ് കുട്ടികൾ വെള്ളത്തിലിറങ്ങിയെങ്കിലും ഒരു കുട്ടി മാത്രം കരയിൽ നിന്നു. ഈ കുട്ടി നിലവിളിച്ചതോടെ സ്ഥലത്തെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കുട്ടികളെ രക്ഷിക്കാനായില്ല.
വിവരം ലഭിച്ചയുടൻ ആളൂർ എംഎൽഎ വീരുപക്ഷി, ആർഡിഒ ഭരത് നായിക്, സിഐ ഗംഗാധർ എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി, കുടുംബങ്ങൾക്ക് അടിയന്തര സഹായം വാഗ്ദാനം ചെയ്തു. സംഭവത്തിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ദുഃഖം രേഖപ്പെടുത്തി.
21-08-2025
ശ്രീനഗർ: ജമ്മുകാഷ്മീരിൽ പോലീസ് കോൺസ്റ്റബിളിനെ കസ്റ്റഡിയിൽ ക്രൂരമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഡെപ്യൂട്ടി സൂപ്രണ്ട് ഉൾപ്പെടെ ആറ് പോലീസുകാരെ സിബിഐ അറസ്റ്റ് ചെയ്തു. സുപ്രീംകോടതി നിർദേശപ്രകാരമാണ് നടപടി.
അറസ്റ്റിലായവരിൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഐജാസ് അഹമ്മദ് നായ്ക്കൂ, ഇൻസ്പെക്ടർ റിയാസ് അഹമ്മദ് എന്നിവരും ഉൾപ്പെടുന്നു. 2023 ഫെബ്രുവരിയിൽ പോലീസുകാരൻ ഖുർഷിദ് അഹമ്മദ് ചൗഹാനെ ക്രൂരമായി പീഡിപ്പിച്ച കേസിൽ ഇവർക്കെതിരെ കേസെടുത്തിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം, ജമ്മുകാഷ്മീർ പോലീസിനെതിരെ സുപ്രീംകോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ചൗഹാനെതിരെയുള്ള പീഡനത്തെ "പോലീസ് അതിക്രമത്തിന്റെ ഏറ്റവും ക്രൂരമായ ഉദാഹരണം' എന്നാണ് സുപ്രീംകോടതി വിശേഷിപ്പിച്ചത്.
21-08-2025
ശ്രീനഗർ: ജമ്മുകാഷ്മീരിൽ തീർഥാടകരുമായി പോയ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. 39പേർക്ക് പരിക്കേറ്റു. സാംബ ജില്ലയിലെ കത്രയിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്ക് പോയ തീർഥാടകർ സഞ്ചരിച്ച ബസ് ആണ് അപകടത്തിൽപ്പെട്ടത്.
ജമ്മു-പത്താൻകോട്ട് ഹൈവേയിൽ ജത്വാളിൽ വച്ച് ബസിന്റെ ടയർ പൊട്ടുകയായിരുന്നു. തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു.
ഉത്തർപ്രദേശിൽ നിന്നുള്ള തീർഥാടകരാണ് ബസിലുണ്ടായിരുന്നത്. അമ്രോഹയിൽ നിന്നുള്ള 45കാരനായ ഇക്ബാൽ സിംഗ് ആണ് മരിച്ചത്.
പരിക്കേറ്റവരെ സാംബയിലെ ആശുപത്രിയിലേക്ക് മാറ്റി. ഇവരിൽ ഏഴ് പേരെ പിന്നീട് വിജയ്പൂരിലെ എയിംസിൽ പ്രവേശിപ്പിച്ചു.
21-08-2025
തിരുവനന്തപുരം: യുവ നടിയുടെ പരാതിയിൽ എത്രവലിയ നേതാവ് ആയാലും മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ആരായാലും വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുമെന്നും നടപടിക്ക് താൻ തന്നെ മുൻകൈ എടുക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
മകളെ പോലെ കാണുന്ന കുട്ടിയാണ് പരാതി പറഞ്ഞത്. ഒരു അച്ഛൻ എന്ത് ചെയ്യുമോ അതുപോലെ ചെയ്യും. പരാതി ഗൗരവമായി പരിശോധിച്ച് നടപടിയെടുക്കും. പാർട്ടിയിലെ നടപടി ക്രമമനുസരിച്ച് തീരുമാനമുണ്ടാകും.
ഒരു മെസേജ് അയച്ചാൽ തൂക്കി കൊല്ലാൻ കഴിയില്ല. വ്യക്തിപരമായി ഒരാളും പരാതി പറഞ്ഞിട്ടില്ല. ഗൗരവമുള്ള പരാതി ഇപ്പോഴാണ് വന്നത്. പരാതി പാർട്ടി പരിശോധിക്കും. നടപടിക്ക് മുൻകൈയെടുക്കും.
മുമ്പിൽ വന്ന പരാതിയുടെ ഗൗരവം അനുസരിച്ച് നടപടി സ്വീകരിച്ചു കഴിഞ്ഞു. കോൺഗ്രസിലെ എല്ലാ ചെറുപ്പക്കാരെയും ഞാൻ പ്രോത്സാഹിപ്പിക്കാറുണ്ട്. ഗൗരവത്തോടുള്ള പരാതി വരുന്നത് ഇപ്പോഴാണ്. തന്നെ കൂടി ഇരയാക്കാനാണ് ചില മാധ്യമങ്ങൾ ശ്രമിച്ചതെന്നും വി.ഡി. സതീശൻ പറഞ്ഞു.
ആരോപണ വിധേയന് പറയാനുള്ളത് കൂടി കേട്ട് നടപടിയെടുക്കും. നടപടിയെടുക്കുന്നതിന് പാർട്ടിയിൽ ഒരു നടപടിക്രമമുണ്ടെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
21-08-2025
തിരുവനന്തപുരം: വിവാദ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിലപാട് കടുപ്പിച്ച് മുൻ പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല
രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത്കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്നും അടിയന്തരമായി നീക്കണമെന്ന് ഹൈക്കമാൻഡിനോട് ചെന്നിത്തല ആവശ്യപ്പെട്ടു.
രാഹുലിനെതിരെ നടപടി വൈകരുതെന്നും സമയം വൈകും തോറും പാർട്ടിക്ക് ചീത്തപ്പേരാണ് ഉണ്ടാകുന്നതെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.
21-08-2025
ബംഗളൂരു: പ്രണയാഭ്യര്‍ഥന നിരസിച്ച യുവതിയെ കാർ തടാകത്തിലേക്ക് ഓടിച്ചിറക്കി കൊലപ്പെടുത്തി യുവാവ്. കര്‍ണാടകയിലെ ഹാസൻ ജില്ലയിലെ ചന്ദനഹള്ളിയിൽ ബുധനാഴ്ചയാണ് സംഭവം.
ശ്വേത(32) ആണ് മരിച്ചത്. സംഭവത്തിൽ ശ്വേതയുടെ മുൻ സഹപ്രവർത്തകനായ രവിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ഒരുമിച്ച് കാറിൽ സഞ്ചരിക്കുമ്പോൾ പ്രകോപിതനായ രവി, തടാകത്തിലേക്ക് കാർ ഓടിച്ചിറക്കുകയായിരുന്നു. രവി നീന്തി രക്ഷപ്പെട്ടെങ്കിലും യുവതി മുങ്ങിമരിച്ചു.
വർഷങ്ങൾക്ക് മുന്‍പു ജോലിസ്ഥലത്തുവച്ചാണ് ശ്വേതയും രവിയും പരിചയപ്പെടുന്നത്. രവി വിവാഹിതനാണ്. ഭർത്താവിൽനിന്നു വേർപിരിഞ്ഞ ശ്വേത, മാതാപിതാക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ശ്വേതയോട് രവി പ്രണയാഭ്യർഥന നടത്തുന്നുണ്ടെന്നു പോലീസ് പറഞ്ഞു. ശ്വേതയ്ക്കു വേണ്ടി ഭാര്യയെ ഉപേക്ഷിക്കാന്‍ തയാറാണെന്നും രവി പറഞ്ഞു. എന്നാല്‍ ശ്വേത വഴങ്ങിയിരുന്നില്ല. ഇതില്‍ പ്രകോപിതനായ രവി, ശ്വേതയെ സംസാരിക്കാനായി വിളിച്ചുവരുത്തുകയായിരുന്നു.
ഇരുവരും കാറില്‍ ഒരുമിച്ചു പോകുമ്പോൾ ചന്ദനഹള്ളി തടാകത്തിലേക്ക് രവി കാര്‍ ഓടിച്ചിറക്കി. കാര്‍ തടാകത്തില്‍ വീണതിനു പിന്നാലെ രവി നീന്തി രക്ഷപ്പെട്ടു. എന്നാല്‍ ശ്വേത മുങ്ങിമരിച്ചു. ചോദ്യം ചെയ്യലിൽ, കാർ നിയന്ത്രണംവിട്ട് തടാകത്തിൽ വീണതാണെന്നും താൻ നീന്തി രക്ഷപ്പെട്ടെന്നും എന്നാൽ ശ്വേതയ്ക്ക് അതിന് കഴിഞ്ഞില്ലെന്നുമാണ് രവി പോലീസിനോട് പറഞ്ഞത്.
എന്നാൽ ശ്വേതയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ രവിക്കെതിരെ പോലീസ് കൊലപാതകക്കുറ്റം ചുമത്തി കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
21-08-2025
കൊച്ചി: യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ യുവ നടി ഉന്നയിച്ച ആരോപണങ്ങള്‍ ഗുരുതരമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ജിന്റോ ജോണ്‍.
യുവ നടി പറയുന്ന യൂവനേതാവ് തുറന്നുകാട്ടപ്പെടണം. വേട്ടക്കാരന് ആരായാലും എക്സ്പോസ് ചെയ്യപ്പെടണം എന്ന് ആ പെണ്‍കുട്ടി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവര്‍ ആരെയാണ് ഉദ്ദേശിക്കുന്നത് പേര് സഹിതം വെളിപ്പെടുത്തണം എന്നും ജിന്റോ ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.
ആരോപണം ഉന്നയിക്കുന്ന വ്യക്തി പേര് പറയാന്‍ മുതിരാത്ത സമയത്തോളം ഒരുപാട് നല്ല ചെറുപ്പക്കാര്‍ ആക്ഷേപത്തിന്റെ, സംശയത്തിന്റെ നിഴലില്‍ നിര്‍ത്തപ്പെടും. ആ വ്യക്തി തിരുത്തപ്പെടണം എന്നാണ് ആഗ്രഹിക്കുന്നതെങ്കില്‍ അതിനുള്ള അവസരം കൊടുക്കുന്നതില്‍ തെറ്റില്ല.
പക്ഷേ അയാള്‍ക്ക് തിരുത്താന്‍ അവസരം കൊടുക്കുമ്പോള്‍ മറ്റ് ഒരുപാട് ചെറുപ്പക്കാരെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിക്കൊണ്ടല്ല അത് ചെയ്യേണ്ടത്. ഒരു പ്രസ്ഥാനത്തെ ആകെ ആക്ഷേപിച്ചുകൊണ്ടുമല്ല അങ്ങനെ ഉണ്ടാകേണ്ടത് എന്നും ജിന്റോ കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
21-08-2025
പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിൽ എംഎല്‍എയ്ക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ വാട്സാപ് ഗ്രൂപ്പില്‍ വനിതാ നേതാവിന്റെ രൂക്ഷ വിമര്‍ശനം.
രാഹുല്‍ സ്ത്രീകളോട് മോശമായി പെരുമാറിയെന്ന ആരോപണം സംഘടനയില്‍ ചര്‍ച്ച ചെയ്യണമെന്ന് വാട്സാപ് ഗ്രൂപ്പിൽ അയച്ച ശബ്ദ സന്ദേശത്തിൽ വനിതാ നേതാവ് ആവശ്യപ്പെട്ടു.
പെണ്ണുപിടിയന്‍ എന്ന ആരോപണം നിരന്തരം ഉണ്ടാകുന്നു. ആരോപണം വെറുതേ ചിരിച്ചു തള്ളാനാകില്ല. രാഹുല്‍ മറുപടി പറയണമെന്നും തെറ്റുകാരനെങ്കില്‍ മാറി നില്‍ക്കണമെന്നും വനിതാ നേതാവ് ആവശ്യപ്പെട്ടു.
"യുവ നേതാവിനെക്കുറിച്ചുള്ള പരാതി മറ്റുള്ള നേതാക്കളോട് പറഞ്ഞു, എന്നിട്ടു പരിഹാരമുണ്ടായില്ല, അയാൾ പിന്നീട് വലിയ വലിയ പോസ്റ്റുകളിലേക്ക് എത്തി. അപ്പോൾ ഒരു മാധ്യമപ്രവർത്തകൻ ചോദിക്കുകയാണ്, രാഹുൽ മാങ്കൂട്ടത്തിലാണോ? നോ കമന്റ്സ് എന്നാണ് അവളുടെ ഉത്തരം.
രാഹുൽ മാങ്കൂട്ടത്തിൽ എന്ന വ്യക്തിക്ക് അപ്പുറത്തേയ്ക്ക് യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷനായ വ്യക്തിയുടെ പേര് ഈ ആരോപണവുമായി ബന്ധപ്പെട്ട് വലിച്ചിഴച്ചത് ആര്?. ബഹുമാനപ്പെട്ട പ്രസിഡന്റ്, സംസ്ഥാന അധ്യക്ഷൻ എന്നൊരു സ്ഥാനത്തിരിക്കുമ്പോൾ സ്വാഭാവികമായും താങ്കളുടെ പേര് വലിച്ചിഴച്ചത് ആരാണോ അവർക്കെതിരെ നിയമപരമായി നടപടി സ്വീകരിച്ചിട്ടില്ല.
ഈ വിഷയുമായി ബന്ധപ്പെട്ട ആ പെണ്‍കുട്ടിക്കെതിരെ താങ്കൾ കേസ് കൊടുക്കണം. സത്യം സമൂഹത്തിന് അറിയണമല്ലോ. ഒരു പെണ്ണുപിടിയനായ സംസ്ഥാന പ്രസിഡന്റല്ല എന്നത് സമൂഹത്തിന് കാണിച്ചുകൊടുക്കേണ്ട ഉത്തരവാദിത്തം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിക്കുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. നിങ്ങൾ കൃത്യമായി ഇതിനൊരു മറുപടി കൊടുക്കണം. നിയമപരമായി പോകണം'– വനിതാ നേതാവ് വാട്സാപ് ഗ്രൂപ്പിൽ അയച്ച ശബ്ദസന്ദേശത്തിൽ പറയുന്നു.
നടി റിനി ആൻ ജോർജിന്റെ വെളിപ്പെടുത്തലിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ആരോപണവുമായി എഴുത്തുകാരി ഹണി ഭാസ്കരനും രംഗത്തെത്തിയിരുന്നു.
രാഹുല്‍ തന്നോട് സാമൂഹിക മാധ്യമങ്ങളില്‍ ചാറ്റ് ചെയ്ത ശേഷം ഇതേക്കുറിച്ച് മറ്റുള്ള ആളുകളോട് മോശമായി പറഞ്ഞുവെന്നാണ് ഹണി ഭാസ്കരന് ആരോപിക്കുന്നത്. രാഹുലിന്റെ സ്വഭാവ ദൂഷ്യങ്ങളെ കുറിച്ച് ഷാഫി പറമ്പിലിന് അറിയാമെന്നും, എന്നാല്‍, അയാളില്‍ എത്തുന്ന പരാതികളൊന്നും എവിടെയും എത്താതെ പോകുകയാണെന്നും ഹണി പറഞ്ഞു.
രാഹുലിന്റെ ഇരകളില്‍ വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമുണ്ടെന്നാണ് ഹണി ഭാസ്കരന് ആരോപിക്കുന്നത്. യാത്രയെ കുറിച്ച് ചോദിച്ചാണ് രാഹുല്‍ ആദ്യമായി തനിക്ക് മെസേജ് അയയ്ക്കുന്നത്.
എന്നാല്‍, പിന്നീട് മറ്റ് സ്ഥലങ്ങളില്‍ ചെന്ന് അയാളുടെ പത്രാസ് കണ്ടിട്ട് അയാളുടെ പിന്നാലെ ചെല്ലുന്ന സ്ത്രീയായാണ് തന്നെ പ്രൊജക്ട് ചെയ്ത് കാണിച്ചത്. ഈ പ്രവര്‍ത്തി തന്നെ അങ്ങേയറ്റം അശ്ലീലമല്ലേയെന്നാണ് ഹണി ചോദിക്കുന്നത്. ഇക്കാര്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഹണി പങ്കുവെച്ചിരുന്നു.
രാഹുലിന് ധൈര്യമുണ്ടെങ്കില്‍ തനിക്കെതിരേ മാനനഷ്ടക്കേസ് നല്കട്ടെയെന്നും ഹണി ഭാസ്കരന് വെല്ലുവിളിച്ചു.
അതേസമയം, സമൂഹമാധ്യമം വഴിയാണു യുവനേതാവിനെ പരിചയപ്പെട്ടതെന്നാണ് യുവ നടി റിനി ആൻ ജോർജ് വെളിപ്പെടുത്തിയത്. മൂന്നര വർഷം മുൻപാണ് ആദ്യമായി മെസേജ് അയച്ചത്. ഇതിനു ശേഷമാണു നേതാവ് ജനപ്രതിനിധിയായത്. തുടക്കം മുതൽ മോശം മെസേജുകൾ അയയ്ക്കുകയായിരുന്നു. തന്നെ ഫൈവ് സ്റ്റാർ ഹോട്ടലിലേക്കും ക്ഷണിച്ചു. പാർട്ടിയിലെ നേതാക്കളോടു പരാതി പറഞ്ഞിരുന്നു. നേതൃത്വത്തോടു പരാതിപ്പെടുമെന്നു യുവ നേതാവിനോടു പറഞ്ഞപ്പോൾ ‘പോയി പറയ്, ഹൂ കെയേഴ്സ്’ എന്നായിരുന്നു മറുപടിയെന്നും നടി പറഞ്ഞു.
അതേസമയം, ആരോപണവിധേയനായ നേതാവിന്റെ പേര് വെളിപ്പെടുത്താൻ നടി തയാറായില്ല. ആരോപണ വിധേയന്റെ പാർട്ടിയിലുള്ള പലരുമായും നല്ല ബന്ധമുള്ളതിനാലാണ് ഇതെന്നും റിനി പറഞ്ഞു.
21-08-2025
ന്യൂഡൽഹി: വിവിധ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റും. അദ്ദേഹത്തിൽനിന്ന് രാജി വാങ്ങാൻ ഹൈക്കമാൻഡ് സംസ്ഥാന നേതൃത്വത്തിനു നിർദേശം നല്കി. അതേസമയം, രാഹുൽ എംഎൽഎ സ്ഥാനത്ത് തുടരും.
എംഎൽഎക്കെതിരായി ആരോപണത്തിൽ എഐസിസി വിവരങ്ങൾ തേടിയിരുന്നു. നേതൃത്വത്തിന് കിട്ടിയ പരാതികൾ അന്വേഷിച്ച് നടപടിയെടുക്കാൻ ദീപദാസ് മുൻഷി കെപിസിസി നേതൃത്വത്തിന് കൈമാറുകയും ചെയ്തു.
ആരോപണങ്ങൾ പുറത്ത് വരും മുൻപേ രാഹുലിനെതിരെ എഐസിസിക്ക് പരാതികൾ കിട്ടിയിരുന്നതായാണ് വിവരം. പുതിയ സംഭവവികാസങ്ങളിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ട്.
21-08-2025
തിരുവനന്തപുരം: യുത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സാധ്യത പട്ടികയിൽ അബിൻ വർക്കിയുടെയും കെ.എം. അഭിജിത്തിന്റെയും പേരുകൾ.
യുവ നടിയുടെയും എഴുത്തുകാരിയുടെയും വെളിപ്പെടുത്തലിന് പിന്നാലെ യൂത്ത്കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ നീക്കം ചെയ്യണമെന്ന ഹൈക്കമാൻഡ് നിർദേശത്തിന് പിന്നാലെയാണ് ഇരുവരുടെയും പേരുകൾ ഉയർന്നുവന്നത്. തൽക്കാലം എംഎൽഎ സ്ഥാനത്ത് രാഹുൽ മാങ്കൂട്ടത്തിൽ തുടരട്ടെയെന്നാണ് ഹൈക്കമാൻഡ് തീരുമാനം.
വെളിപ്പെടുത്തലുകൾക്ക് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി തുടങ്ങിയവർ രാഹുലിനെതിരെ കടുത്ത നിലപാട് ആവശ്യപ്പെട്ടതായാണ് സൂചന.
നടി റിനി ആൻ ജോർജിന്റെ വെളിപ്പെടുത്തലിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ആരോപണവുമായി എഴുത്തുകാരി ഹണി ഭാസ്കരനാണ് രംഗത്തെത്തിയത്.
രാഹുല്‍ തന്നോട് സാമൂഹിക മാധ്യമങ്ങളില്‍ ചാറ്റ് ചെയ്ത ശേഷം ഇതേക്കുറിച്ച് മറ്റുള്ള ആളുകളോട് മോശമായി പറഞ്ഞുവെന്നാണ് ഹണി ഭാസ്കരന് ആരോപിക്കുന്നത്. രാഹുലിന്റെ സ്വഭാവ ദൂഷ്യങ്ങളെ കുറിച്ച് ഷാഫി പറമ്പിലിന് അറിയാമെന്നും, എന്നാല്‍, അയാളില്‍ എത്തുന്ന പരാതികളൊന്നും എവിടെയും എത്താതെ പോകുകയാണെന്നും ഹണി പറഞ്ഞു.
രാഹുലിന്റെ ഇരകളില്‍ വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമുണ്ടെന്നാണ് ഹണി ഭാസ്കരന് ആരോപിക്കുന്നത്. യാത്രയെ കുറിച്ച് ചോദിച്ചാണ് രാഹുല്‍ ആദ്യമായി തനിക്ക് മെസേജ് അയയ്ക്കുന്നത്.
എന്നാല്‍, പിന്നീട് മറ്റ് സ്ഥലങ്ങളില്‍ ചെന്ന് അയാളുടെ പത്രാസ് കണ്ടിട്ട് അയാളുടെ പിന്നാലെ ചെല്ലുന്ന സ്ത്രീയായാണ് തന്നെ പ്രൊജക്ട് ചെയ്ത് കാണിച്ചത്. ഈ പ്രവര്‍ത്തി തന്നെ അങ്ങേയറ്റം അശ്ലീലമല്ലേയെന്നാണ് ഹണി ചോദിക്കുന്നത്. ഇക്കാര്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഹണി പങ്കുവെച്ചിരുന്നു.
രാഹുലിന് ധൈര്യമുണ്ടെങ്കില്‍ തനിക്കെതിരേ മാനനഷ്ടക്കേസ് നല്കട്ടെയെന്നും ഹണി ഭാസ്കരന് വെല്ലുവിളിച്ചു.
അതേസമയം, സമൂഹമാധ്യമം വഴിയാണു യുവനേതാവിനെ പരിചയപ്പെട്ടതെന്നാണ് യുവ നടി റിനി ആൻ ജോർജ് വെളിപ്പെടുത്തിയത്. മൂന്നര വർഷം മുൻപാണ് ആദ്യമായി മെസേജ് അയച്ചത്. ഇതിനു ശേഷമാണു നേതാവ് ജനപ്രതിനിധിയായത്. തുടക്കം മുതൽ മോശം മെസേജുകൾ അയയ്ക്കുകയായിരുന്നു. തന്നെ ഫൈവ് സ്റ്റാർ ഹോട്ടലിലേക്കും ക്ഷണിച്ചു. പാർട്ടിയിലെ നേതാക്കളോടു പരാതി പറഞ്ഞിരുന്നു. നേതൃത്വത്തോടു പരാതിപ്പെടുമെന്നു യുവ നേതാവിനോടു പറഞ്ഞപ്പോൾ ‘പോയി പറയ്, ഹൂ കെയേഴ്സ്’ എന്നായിരുന്നു മറുപടിയെന്നും നടി പറഞ്ഞു.
അതേസമയം, ആരോപണവിധേയനായ നേതാവിന്റെ പേര് വെളിപ്പെടുത്താൻ നടി തയാറായില്ല. ആരോപണ വിധേയന്റെ പാർട്ടിയിലുള്ള പലരുമായും നല്ല ബന്ധമുള്ളതിനാലാണ് ഇതെന്നും റിനി പറഞ്ഞു.
21-08-2025
ന്യൂഡൽഹി: ഡൽഹിയിലെ സ്കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി. അഞ്ചു സ്കൂളുകൾക്ക് ഇന്ന് ബോംബ് ഭീഷണി സന്ദേശം ലഭിച്ചു.
തുടർന്ന് വിദ്യാർഥികളെയും ജീവനക്കാരെയും സ്കൂളുകളിൽ നിന്ന് ഒഴിപ്പിച്ചു. ബോംബ് സ്ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധന നടക്കുകയാണ്. നാല് ദിവസത്തിനുള്ളിലെ മൂന്നാമത്തെ സംഭവമാണിത്.
പ്രസാദ് നഗറിലെ ആന്ധ്രാ സ്കൂൾ, ബിജിഎസ് ഇന്റർനാഷണൽ സ്കൂൾ, റാവു മാൻ സിംഗ് സ്കൂൾ, കോൺവെന്റ് സ്കൂൾ, മാക്സ് ഫോർട്ട് സ്കൂൾ, ദ്വാരകയിലെ ഇന്ദ്രപ്രസ്ഥ ഇന്റർനാഷണൽ സ്കൂൾ എന്നിവയാണ് ബോംബ് ഭീഷണി ലഭിച്ച സ്കൂളുകൾ.
രാജ്യതലസ്ഥാനത്തെ സ്കൂളുകൾക്ക് ബോംബ് ഭീഷണി ലഭിക്കുന്നത് പതിവാണ്. ഇക്കഴിഞ്ഞ 18നാണ് അവസാനമായി ഡൽഹിയിലെ സ്കൂളിൽ ബോംബ് ഭീഷണിയുണ്ടാകുന്നത്.
ഡൽഹി പബ്ലിക് സ്കൂൾ, ഡൽഹി കോൺവെന്റ് സ്കൂൾ, ശ്രീറാം വേൾഡ് സ്കൂൾ, ദ്വാരക പബ്ലിക് സ്കൂൾ എന്നിവിടങ്ങളിലാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്.
21-08-2025
പാലക്കാട്: മൂത്താന്തറയില് സ്കൂള്‍ പരിസരത്ത് പൊട്ടിത്തെറിച്ചത് മാരകമായ സ്ഫോടക വസ്തുവെന്ന് പോലീസ്. പാലക്കാട് വ്യാസ വിദ്യാപീഠം സ്കൂളിന് സമീപമാണ് സംഭവം.
മനുഷ്യജീവന് അപകടം വരുത്തണമെന്ന ലക്ഷ്യത്തോടെ സ്കൂളിൽ കൊണ്ടുവന്നു വച്ചു എന്നാണ് എഫ്ഐആറിലുള്ളത്. സംഭവത്തിൽ എക്സ്പ്ലോസീവ് സബ്സ്റ്റൻസ് ആക്റ്റ് ചുമത്തി അന്വേഷണം ആരംഭിച്ചു.
ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. പന്നിപ്പടക്കം പൊട്ടിയെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. ആർഎസ് എസ് നിയന്ത്രണത്തിലുള്ള സ്കൂളാണിത്. 10 വയസുകാരനാണ് സംഭവം ആദ്യം കണ്ടത്. പന്താണെന്ന് കരുതി തട്ടിത്തെറിപ്പിച്ചപ്പോഴാണ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. കുട്ടിയ്ക്കും സമീപത്തുണ്ടായിരുന്ന സ്ത്രീക്കും പരിക്കേറ്റു.
21-08-2025
മലപ്പുറം: യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍.
പള്ളിക്കല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും പഞ്ചായത്ത് ഭരണസമിതി അംഗവുമായ കരിപ്പൂര്‍ വളപ്പില്‍ വീട്ടില്‍ മുഹമ്മദ് അബ്ദുല്‍ ജമാലിനെയാണ് (35) തേഞ്ഞിപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ വിവാഹ വാഗ്ദാനം നല്കി കാക്കഞ്ചേരിയിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്.
തിങ്കളാഴ്ചയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. ജമാല്‍ പഞ്ചായത്ത് അംഗത്വം സ്വയം രാജിവയ്ക്കണമെന്നും തയാറായില്ലെങ്കില്‍ പഞ്ചായത്ത് പ്രസിഡന്റോ പഞ്ചായത്ത് ഡയറക്ടറോ അദ്ദേഹത്തെ പുറത്താക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.
എന്നാല്‍, ലഹരി മാഫിയയ്ക്കെതിരെ നിലപാട് സ്വീകരിച്ചതിന്റെ പേരിലാണ് ജമാലിനെ കേസില്‍ കുരുക്കി വേട്ടയാടുന്നതെന്നും രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.
21-08-2025
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്തയുടെ സുരക്ഷവർധിപ്പിക്കാൻ തീരുമാനം. ഔദ്യോഗിക വസതിയിൽ നടന്ന ജനസമ്പർക്ക പരിപാടിയിൽ വച്ച് ആക്രമണം ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
ജനസമ്പർക്ക പരിപാടികളിൽ മുഖ്യമന്ത്രിയുടെ സുരക്ഷ കർശനമാക്കുമെന്നാണ് റിപ്പോർട്ട്. ഇനി മുതൽ ഒരു വ്യക്തിക്കും മുഖ്യമന്ത്രിയെ നേരിട്ട് സമീപിക്കാൻ അനുവാദമുണ്ടാകില്ല.
ജനസമ്പർക്ക പരിപാടികളിൽ സമർപ്പിക്കപ്പെടുന്ന എല്ലാ പരാതികളും പരിഗണിക്കുന്നതിന് മുമ്പ് മുൻകൂർ പരിശോധനയ്ക്ക് വിധേയമാക്കും. നിലവിൽ, രേഖ ഗുപ്തയ്ക്ക് ഇസഡ് പ്ലസ് സുരക്ഷയാണുള്ളത്.
ഗുജറാത്തിലെ രാജ്കോട്ട് സ്വദേശിയായ രാജേഷ് സക്രിയ എന്നയാളാണ് മുഖ്യമന്ത്രിയെ ആക്രമിച്ചത്. ഔദ്യോഗിക വസതിയിൽ നടന്ന ജനസമ്പർക്ക പരിപാടിയിൽ പരാതി നൽകാനെന്ന വ്യാജേന അടുത്തെത്തിയ ആൾ മുഖ്യമന്ത്രിയുടെ കരണത്ത് അടിച്ചതിനുശേഷം മുടിപിടിച്ചു വലിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി അഞ്ച് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
21-08-2025
കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി. ഇ ഡിവിഷനിലെ 12-ാം നമ്പര്‍ സെല്ലിന്റെ ഭിത്തിയില്‍ നിന്നാണ് ഫോണ്‍ കണ്ടെത്തിയത്.
ബുധനാഴ്ച രാത്രി ജോയിന്റ് സൂപ്രണ്ടുമാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മൊബൈല്‍ കണ്ടെത്തിയത്. സൂപ്രണ്ടിന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരിച്ച അന്വേഷണ സമിതി ഇന്നലെയാണ് കണ്ണൂരില്‍ നിന്നും മടങ്ങിയത്. ചൊവ്വാഴ്ച ഈ സമിതി ജയിലിലെത്തി സുരക്ഷാ പരിശോധന നടത്തിയിരുന്നു.
അതിന് തൊട്ട് പിന്നാലെയാണ് ജയിലില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടികൂടുന്നത്. കണ്ണൂര്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ സൗകര്യമുണ്ടെന്ന് ഗോവിന്ദച്ചാമി മൊഴി നല്‍കിയിരുന്നു. പണം നല്കിയാല് പുറത്തേക്ക് വിളിക്കാന്‍ കഴിയുമെന്നും ഗോവിന്ദച്ചാമി പറഞ്ഞിരുന്നു.
21-08-2025
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ദമ്പതികളെയും മകനെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ഡൽഹിയിലെ മൈദൻഗരിയിലാണ് സംഭവം.
പ്രേംസിംഗ്, ഭാര്യ രജനി, മകൻ ഋത്വിക് എന്നിവരാണ് മരിച്ചത്. വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽക്കാർ പോലീസിൽ അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
രക്തത്തിൽ കുളിച്ചനിലയിലായിരുന്നു മൃതദേഹങ്ങൾ. ഇവരുടെ ഇളയമകൻ സിദ്ധാർഥിനെ കുറിച്ച് യാതൊരു വിവരവുമില്ല. സിദ്ധാർഥ് മാനസിക പ്രശ്നങ്ങൾക്ക് ചികിത്സയിലായിരുന്നെന്ന് നാട്ടുകാർ പോലീസിനോട് പറഞ്ഞു.
വീട്ടിൽ നടത്തിയ പരിശോധനയിൽ സിദ്ധാർഥിന്റെ മരുന്നുകളും ആരോഗ്യപ്രശ്നത്തിന്റെ മെഡിക്കൽ രേഖകളും കണ്ടെടുത്തു. കഴിഞ്ഞ 12 വർഷങ്ങളായി സിദ്ധാർഥ് ചികിത്സയിലാണ്.
മാതാപിതാക്കളെയും സഹോദരനെയും കത്തി ഉപയോഗിച്ച് കുത്തിയും ഇഷ്ടികയും കല്ലും ഉപയോഗിച്ച് ഇടിച്ചും സിദ്ധാർഥ് കൊന്നതാകാമെന്ന് പോലീസ് സംശയിക്കുന്നു.
പ്രേംസിംഗ് സ്ഥിര മദ്യപാനിയാണെന്നും വീട്ടിൽ പതിവായി വഴക്കുകൾ ഉണ്ടാകാറുണ്ടെന്നും ഗ്രാമത്തിലെ പ്രധാൻ മുഹമ്മദ് ഷക്കീൽ അഹമ്മദ് ഖാൻ പറഞ്ഞു.
20-08-2025
തിരുവനന്തപുരം: വയനാട് മുണ്ടക്കൈ - ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിത ബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന് സഹായവുമായി ലുലു ഗ്രൂപ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി 10 കോടി രൂപ കൈമാറി. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് പണം കൈമാറിയത്.
വയനാട് പുരനധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി നേരത്തെ ലുലു ഗ്രൂപ് ചെയര്മാന് അഞ്ച് കോടി രൂപ കൈമാറിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ഈ തുക കൈമാറിയത്. ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് 50 വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്നും യൂസഫലി പ്രഖ്യാപിച്ചിരുന്നു.
20-08-2025
കൊച്ചി: പറവൂര്‍ കോട്ടുവള്ളിയില്‍ പലിശക്കാരിയുടെ ഭീഷണിയെ തുടര്‍ന്ന് വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികളായ ദമ്പതികളുടെ മകളെ പോലീസ് കസ്റ്റഡിയിലെടുത്തു.
റിട്ട.പോലീസ് ഉദ്യോഗസ്ഥൻ പ്രദീപ്, ഭാര്യ ബിന്ദു എന്നിവരുടെ മകളെ കലൂരിലെ ഓഫീസിൽ നിന്നുമാണ് പോലീസ് പിടികൂടിയത്. അന്വേഷണത്തിന്റെ ഭാഗമായാണ് ഇവരുടെ മകളെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് പ്രതികരിച്ചു.
അതേസമയം, പോലീസ് നടപടിയിൽ അഭിഭാഷകർ പ്രതിഷേധിച്ചു. കേസുമായി മകൾക്ക് ബന്ധമില്ലെന്നും കൃത്യമായ മാനദണ്ഡപ്രകാരമല്ല പോലീസ് നടപടിയെന്നും നീക്കം നിയമവിരുദ്ധമാണെന്നും അഭിഭാഷകർ ആരോപിച്ചു. കേസിലെ പ്രതികളായ പ്രദീപും ബന്ദുവും ഒളിവിലാണ്.
കോട്ടുവള്ളി സൗത്ത് റേഷന്‍കടയ്ക്ക് സമീപം പുളിക്കത്തറ വീട്ടില്‍ ആശ (46)യാണ് കോട്ടുവള്ളി പുഴയില്‍ ചാടി മരിച്ചത്. ചൊവ്വ മൂന്നോടെയാണ് ഇവരെ പുഴയില്‍ പള്ളിക്കടവ് ഭാഗത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കോട്ടുവള്ളി സ്വദേശിയായ റിട്ട. പോലീസ് ഉദ്യോസ്ഥനിൽ നിന്ന് 2022ൽ ഇവർ 10 ലക്ഷം രൂപ പലിശക്ക് വായ്പ വാങ്ങിയിരുന്നു. ഇതിൽ കുറേ തുക ഇവർ തിരിച്ചു നൽകിയതായും പറയുന്നു. എന്നാൽ പണം തിരികെ ആവശ്യപ്പെട്ട് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവിക്ക് ആശ പരാതി നൽകി.
തുടര്‍ന്ന് ഇരുകൂട്ടരെയും വിളിച്ചു വരുത്തി പറവൂർ പോലീസ് ചര്‍ച്ച നടത്തിയിരുന്നു. പണം ആവശ്യപ്പെട്ട് വീട്ടിലെത്തി ഭീഷണിപ്പെടുത്തരുതെന്നും തുടര്‍ന്നാല്‍ നിയമ നടപടി സ്വീകരിക്കുമെന്നും താക്കീതു നല്‍കിയാണ് ഇരുകൂട്ടരെയും പോലീസ് വിട്ടത്.
എന്നാല്‍ കഴിഞ്ഞ ദിവസം വീണ്ടും ഇവരുടെ വീട്ടിലെത്തി പണം ചോദിച്ചു ബഹളമുണ്ടാക്കിയതായി മരിച്ച സ്ത്രീയുടെ ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞ 11നു കൈത്തണ്ടയിലെ ഞരമ്പു മുറിച്ച നിലയില്‍ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മരണത്തിനു കാരണക്കാരയാവരുടെ പേരുകളടങ്ങിയ കത്ത് കണ്ടെത്തിയിട്ടുണ്ട്.
20-08-2025
ഇസ്ലാമാബാദ്: പാക് വ്യോമമേഖലയിൽ ഇന്ത്യൻ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീട്ടി. സെപ്റ്റംബർ 23വരെ വിലക്ക് നീട്ടിയതായി പാക്കിസ്ഥാൻ അധികൃതർ അറിയിച്ചു.
പാക്കിസ്ഥാൻ എയർപോർട്ട് അതോറിറ്റി ഇതുസംബന്ധിച്ച് വിമാന ജീവനക്കാർക്ക് അറിയിപ്പ് കൈമാറി. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ 23നാണ് പാക് വ്യോമമേഖലയിൽ ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. തൊട്ടുപിന്നാലെ ഏപ്രിൽ 30ന് ഇന്ത്യയും വ്യോമാതിർത്തി അടച്ചു.
20-08-2025
ന്യൂഡൽഹി: ജയിലിലായാല്‍ പ്രധാനമന്ത്രിക്കും മന്ത്രിമാര്‍ക്കും പദവി നഷ്ടമാകുന്ന ബില്ലിനെ ചൊല്ലി ലോക്സഭയിലുണ്ടായ വാക്കേറ്റത്തിനിടെ കൊമ്പ് കോർത്ത് കെ.സി. വേണുഗോപാലും ആഭ്യന്തര മന്ത്രി അമിത്ഷായും.
ബില്ല് അവതരിപ്പിച്ചതിന് പിന്നാലെ അതിരൂക്ഷ വിമര്‍ശനമായിരുന്നു കെ.സി. വേണുഗോപാലിന്റെ ഭാഗത്തുനിന്നുണ്ടായത്. ഈ ബില്‍ രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കാനുള്ളതാണെന്ന് അദ്ദേഹം ആരോപിച്ചു.
ഇത് ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളെ അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. രാഷ്ട്രീയത്തില്‍ ധാര്‍മികത കൊണ്ടുവരാനാണ് ഈ ബില്‍ എന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. ആഭ്യന്തര മന്ത്രിയോട് ഞാനൊന്ന് ചോദിക്കട്ടേ. അദ്ദേഹം ഗുജറാത്തിലെ ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. അക്കാലത്ത് അദ്ദേഹം ധാര്‍മികത ഉയര്‍ത്തിപ്പിടിച്ചിരുന്നോ. വേണുഗോപാല്‍ ചോദിച്ചു.
എന്നാല്‍, തനിക്കെതിരേ ഉന്നയിക്കപ്പെട്ടത് തെറ്റായ ആരോപണങ്ങളായിരുന്നുവെന്നായിരുന്നു അമിത് ഷായുടെ മറുപടി. എന്നിട്ടും താന്‍ ധാര്‍മികതയിലും മൂല്യങ്ങളിലും ഉറച്ചുനിന്നു. രാജിവെക്കുക മാത്രമല്ല, സകല ആരോപണങ്ങളില്‍നിന്നും കുറ്റവിമുക്തനാക്കപ്പെടുന്നതുവരെ ഒരു ഭരണഘടനാപദവിയും ഞാന്‍ സ്വീകരിച്ചില്ല.
ധാര്‍മികത പഠിപ്പിക്കാന്‍ ശ്രമിക്കുകയാണോ?. ഞാന്‍ രാജി വച്ചിരുന്നു. ധാര്‍മികത വര്‍ധിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കുറ്റം ചുമത്തപ്പെട്ടിട്ടും ഭരണഘടനാപദവികളില്‍ തുടരാന്‍ മാത്രം നാണമില്ലാത്തവരാകാന് നമുക്ക് കഴിയില്ല. അറസ്റ്റ് ചെയ്യപ്പെടുന്നതിന് മുന്‍പുതന്നെ ഞാന്‍ രാജി വെച്ചിരുന്നുവെന്നും അമിത് ഷാ പറഞ്ഞു.
20-08-2025
മുംബൈ: മഹാരാഷ്ട്രയിൽ ട്രക്ക് ഇടിച്ച് അമ്മയ്ക്കും ഗർഭിണിയായ മകൾക്കും ദാരുണാന്ത്യം. നാസിക്കിലാണ് സംഭവം.
സുനിത വാഗ്മാരെ(50), മകൾ ശീതൾ കേദാരെ(27) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം മുക്തിധാം ക്ഷേത്രത്തിന് സമീപമാണ് അപകടമുണ്ടായത്.
ഇരുവരെയും ഇടിച്ചശേക്ഷം ഒരു കാറും രണ്ട് ഓട്ടോറിക്ഷകളും ട്രക്ക് ഇടിച്ചുതെറിപ്പിച്ചു. സുനിത സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ബുധനാഴ്ച രാവിലെയാണ് ശീതൾ മരിച്ചത്. പ്രസവത്തിനായി സ്വന്തം വീട്ടിലെത്തിയതായിരുന്നു ശീതൾ.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തുവെന്നും ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്തുവെന്നും പോലീസ് അറിയിച്ചു.
20-08-2025
തിരുവനന്തപുരം: പൊതുപ്രവര്ത്തകന് ജോമോന് പുത്തന്‍പുരയ്ക്കല്‍ നല്കിയ അപകീര്‍ത്തി കേസില്‍ മൂന്ന് പേർക്ക് ആറു മാസത്തെ തടവും 10,000 രൂപ പിഴയും വിധിച്ച് കോടതി.
അഭിഭാഷകനായിരുന്ന എ.എക്സ്. വര്‍ഗീസ്, കലാകൗമുദി പത്രാധിപകര്‍ എം. സുകുമാരന്‍, മാധ്യമ പ്രവര്ത്തകന് പി.എം. ബിനുകുമാര്‍ എന്നിവർക്കാണ് കോടതി ശിക്ഷ വിധിച്ചത്.
തൃപ്പൂണിത്തുറ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി. 2010ല്‍ കലാകൗമുദിയില്‍ പ്രസിദ്ധീകരിച്ച എം.എക്സ്. വര്‍ഗീസിന്റെ അഭിമുഖത്തിലാണ് കേസിനാസ്പദമായ പരാമര്‍ശങ്ങള്‍.
ജോമോന് പുത്തന്‍പുരയ്ക്കലിന് ധാരാളം വരുമാന സ്രോതസുകളുണ്ടെന്നും ധാരാളം പണം പിരിക്കുമെന്നുമുളള ആരോപണങ്ങള്‍ അഭിമുഖത്തില്‍ എം.എക്സ്. വര്‍ഗീസ് ഉന്നയിച്ചിരുന്നു.
തനിക്കെതിരെ നില്‍ക്കുന്നവരെ പ്രതികളാക്കി ചിത്രീകരിച്ചു പരാതി കൊടുക്കുന്നത് ജോമോന്റെ പതിവാണെന്ന ആരോപണവും അഭിമുഖത്തില്‍ എം.എക്സ്. വര്‍ഗീസ് ഉന്നയിച്ചു. ജോമോനെതിരെ ജസ്റ്റീസ് രാംകുമാര്‍ പ്രഖ്യാപിച്ച അന്വേഷണം സുപ്രീംകോടതി റദ്ദാക്കിയതില്‍ ദുരൂഹതയുണ്ടെന്ന ആരോപണവും വര്‍ഗീസ് അഭിമുഖത്തില്‍ ഉയര്‍ത്തിയിരുന്നു.
ഈ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് ജോമോന് കോടതിയെ സമീപിച്ചത്. അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ ശരിയെന്ന് തെളിയിക്കാന്‍ ആവശ്യമായ തെളിവുകള്‍ പ്രതിഭാഗത്തിന് ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പ്രതികള്‍ക്കെതിരെ ശിക്ഷ വിധിച്ചത്. വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് പ്രതികള്‍ അറിയിച്ചു.
20-08-2025
കൊച്ചി: യുവ രാഷ്ട്രീയ നേതാവിനെതിരെ വെളിപ്പെടുത്തലുമായി യുവ നടി റിനി ആൻ ജോർജ്. യുവ രാഷ്ട്രീയ നേതാവില്‍ നിന്നും മോശം അനുഭവം ഉണ്ടായെന്നാണ് റിനി ആൻ ജോർജിന്റെ വെളിപ്പെടുത്തൽ.
അശ്ലീല സന്ദേശങ്ങളയച്ചെന്നും മോശം സമീപനം ഉണ്ടായെന്നും നടി പറയുന്നു. നേതാവിനെ സമൂഹ മാധ്യമത്തിലൂടെയാണ് പരിചയപ്പെട്ടത്. പരിചയപ്പെട്ട ഉടനെ തന്നെ മോശം പെരുമാറ്റം ഉണ്ടായി. ഫൈവ് സ്റ്റാർ ഹോട്ടലിൽ മുറിയെടുക്കാം വരണമെന്ന് യുവനേതാവ് ആവശ്യപ്പെട്ടെന്നും റിനി ആൻ ജോർജ് പറഞ്ഞു.
എന്നാൽ താൻ ക്ഷോഭിച്ചു. ഇതിന് ശേഷം കുറച്ച് നാളത്തേയ്ക്ക് കുഴപ്പമൊന്നും ഉണ്ടായില്ല. എന്നാൽ പിന്നീട് അശ്ലീല സന്ദേശം അയക്കുന്നത് തുടർന്നു. ഇങ്ങനെ ചെയ്യരുതെന്ന് താൻ പറഞ്ഞു. എന്നാൽ പ്രമാദമായ സ്ത്രീ പീഡനക്കേസുകളിൽപ്പെട്ട രാഷ്ട്രീയ നേതാക്കൾക്ക് എന്ത് സംഭവിക്കും എന്നാണ് തിരിച്ച് ചോദിച്ചതെന്നും ഇവർ വ്യക്തമാക്കി.
ചാനല്‍ ചര്‍ച്ചകളിലും സമരമുഖങ്ങളിലുമെല്ലാം സജീവമായി നില്ക്കുന്ന നേതാവ് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ മുറിയെടുക്കാം വരണമെന്ന് പറഞ്ഞതിനാണ് ക്ഷോഭിച്ചത്.
സമീപകാലത്ത് സോഷ്യൽ മീഡിയയിൽ ഇതേ വ്യക്തിയെക്കുറിച്ച് ആരോപണം ഉയർന്നിരുന്നു. "ഹൂ കെയേഴ്സ്' എന്നാണ് ഇയാളുടെ ആറ്റിറ്റ്യൂഡ്. ആരും മുന്നോട്ട് വരാതിരുന്നത് കൊണ്ടാണ് താനിപ്പോൾ തുറന്നു പറയുന്നത്. പല സ്ത്രീകൾക്കും സമാന അനുഭവം ഉണ്ടായി. ആരും തുറന്നു പറയാൻ തയാറാകാത്തതാണെന്നും റിനി വ്യക്തമാക്കി.
ആ വ്യക്തിക്ക് "ഹൂ കെയേഴ്സ്' എന്ന ആറ്റിറ്റ്യൂഡ് ആണ് ഉള്ളത്. നേതാവിന്റെ പേര് പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും ഇയാളിൽ നിന്നും വലിയ പ്രശ്നങ്ങൾ നേരിട്ട പെൺകുട്ടികൾ പ്രതികരിക്കാൻ വേണ്ടിയാണ് ഇപ്പോൾ തുറന്ന് പറഞ്ഞതെന്നും റിനി മാധ്യമങ്ങളോട് പറഞ്ഞു. പല ഫോറങ്ങളിലും പരാതി പറഞ്ഞിട്ടുണ്ട്. അതിന് കിട്ടിയത് "ഹൂ കെയേഴ്സ് ആറ്റിറ്റ്യൂഡാണ്'.
പരാതികള്‍ പറഞ്ഞിട്ടും യുവനേതാവിന് സ്ഥാനമാനങ്ങള്‍ ലഭിച്ചു. ആ വ്യക്തി ഉള്‍പ്പെട്ട പ്രസ്ഥാനങ്ങളിലെ പലരുമായി അടുത്ത സ്നേഹബന്ധവും സൗഹൃദവുമുണ്ട്. ഇതിനാലാണ് പേര് തുറന്ന് പറയാത്തത്. ഇനിയും ഇത്തരം ദുരനുഭവം ഉണ്ടായാല്‍ പേര് തുറന്ന് പറയുന്നതിനെ കുറിച്ച് ആലോചിക്കും.
സമൂഹമാധ്യങ്ങളില്‍ നേതാവിന്റെ കാര്യങ്ങള്‍ ചര്‍ച്ചയായപ്പോള്‍ പല സ്ത്രീകളും ഇത് നേരിട്ടുണ്ടെന്ന് മനസിലായി. അതില്‍ ഒരു സത്രീ പോലും സംസാരിക്കുന്നില്ല. വ്യക്തിപരമായി പ്രശ്നങ്ങള്‍ ഇല്ലാത്തതിനാലാണ് താന്‍ പരാതിപ്പെടാത്തത്. പക്ഷേ ആരെങ്കിലും പ്രതികരിക്കണമെന്ന് തോന്നിയത് കൊണ്ടാണ് ഇപ്പോള്‍ തുറന്ന് പറഞ്ഞതെന്നും നടി വ്യക്തമാക്കി.
20-08-2025
ന്യൂഡല്‍ഹി: ജയിലിലാകുന്ന മന്ത്രിമാരെ നീക്കാനുള്ള ബില്ലില്‍ നിലപാട് തിരുത്തി ശശി തരൂര്‍ എംപി. ബില്ലിലെ വ്യവസ്ഥകളോട് എതിര്‍പ്പെന്ന് തരൂര്‍ വ്യക്തമാക്കി.
താന്‍ നേരത്തെ നടത്തിയ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു. അയോഗ്യരാക്കാന്‍ കുറ്റം തെളിയണമെന്നും തരൂര്‍ പറഞ്ഞു.
ബില്ലില്‍ തെറ്റൊന്നും കാണുന്നില്ലെന്നും 30 ദിവസം ജയിലില്‍ കിടന്നവര്‍ക്ക് മന്ത്രി സ്ഥാനത്ത് തുടരാനാകുമോ എന്നും ഇത് സാമാന്യയുക്തിയല്ലേ എന്നുമുള്ള ചോദ്യങ്ങളാണ് തരൂര്‍ നേരത്തെ ഉന്നയിച്ചത്. ഇതിനെതിരെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് അതൃപ്തി ഉയര്‍ന്നിരുന്നു.
ഒരുമാസത്തിലധികം കസ്റ്റഡിയില്‍ ജയിലില്‍ കഴിഞ്ഞാല്‍ മന്ത്രിമാര്‍ക്ക് സ്ഥാനംനഷ്ടമാകുമെന്ന ബില്ലാണ് ഇന്ന് കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ ലോക്സഭയില്‍ അവതരിപ്പിച്ചത്. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാര്‍ക്കും ബാധകമാകുന്ന ബില്ലാണിത്.
20-08-2025
ന്യൂഡൽഹി: ഓൺലൈൻ ഗെയിമിംഗ് ബിൽ പാസാക്കി ലോക്സഭ. പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ബില്ല് പാസാക്കിയത്.
ഓൺലൈൻ ഗെയിമിംഗ് ആപ്പുകളെ നിയന്ത്രിക്കാനുള്ള ബില്ല് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ലോക്സഭയിൽ അവതരിപ്പിച്ചത്. ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു.
ഓൺലൈൻ ഗെയിമുകളുമായി ബന്ധപ്പെട്ട പരസ്യങ്ങൾ നിരോധിക്കുന്നതിനും ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും അത്തരം ഗെയിമുകൾക്ക് ഫണ്ട് കൈമാറുന്നതിൽ നിന്നും തടയുന്നതുമാണ് നിയമം. ഡിജിറ്റൽ ആപ്പുകൾ വഴിയുള്ള ചൂതാട്ടത്തിന് പിഴകൾ ഏർപ്പെടുത്താനും ബില്ല് വ്യവസ്ഥ ചെയ്യുന്നു.
20-08-2025
കൊച്ചി: വിവാഹവാഗ്ദാനം നല്കി യുവഡോക്ടറെ പീഡിപ്പിച്ചെന്ന കേസില്‍ റാപ്പര്‍ വേടന്റെ അറസ്റ്റ് തിങ്കളാഴ്ചവരെ തടഞ്ഞ് ഹൈക്കോടതി.
കഴിഞ്ഞദിവസം വാക്കാല്‍ ഹൈക്കോടതി വേടന്റെ അറസ്റ്റ് തടഞ്ഞിരുന്നു. എന്നാല്‍, ഇന്ന് അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി ഉത്തരവിറക്കുകയായിരുന്നു. തിങ്കളാഴ്ചവരെയാണ് ജസ്റ്റീസ് ബെച്ചുകുര്യന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഹൈക്കോടതിയില്‍ ബുധനാഴ്ച നടന്ന വാദത്തിനിടെ പരാതിക്കാരിയുടെ അഭിഭാഷക കൂടുതല്‍ രേഖകള്‍ കോടതിയില്‍ ഹാജരാക്കാന്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിക്കാരിയുടെ അഭിഭാഷകയുമായി ഒരു ഘട്ടത്തില്‍ കോടതിക്ക് തര്‍ക്കിക്കേണ്ടിയും വന്നു.
നിയമപരമായ വാദങ്ങള്‍ മാത്രം ഉന്നയിക്കണമെന്ന് പരാതിക്കാരിയുടെ അഭിഭാഷകയെ ഹൈക്കോടതി താക്കീത് ചെയ്തു. മറ്റ് കേസുകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, ഫേസ്ബുക്ക് പോസ്റ്റുകള്‍ എന്നിവ കോടതിയില്‍ ഉന്നയിച്ച പശ്ചാത്തലത്തിലാണിത്.
പരാതിക്കാരിക്ക് മാനസിക സമ്മര്‍ദ്ദമുണ്ടായത് വേടന് ഉപേക്ഷിച്ചുപോയതിനാല്‍ അല്ലെന്നും 2021ല്‍ തന്നെ പരാതികാരിക്ക് മാനസിക പിരിമുറുക്കമുണ്ടെന്നും അതിന് ചികിത്സ തേടിയിട്ടുണ്ടെന്നും വേടന്റെ അഭിഭാഷകന് കോടതിയില്‍ വാദിച്ചു.
ഇതിന് തെളിവായി വാട്സാപ്പ് ചാറ്റുകള്‍ കോടതിയില്‍ വേടന്റെ അഭിഭാഷകന് ഹാജരാക്കി. വേടന്റെ ജാമ്യഹര്‍ജി തിങ്കളാഴ്ചത്തേക്ക് പരിഗണിക്കാനായി മാറ്റി.
20-08-2025
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജുവിനും രവ്നീത് സിംഗ് ബിട്ടുവിനുമെതിരേ തൃണമൂല്‍ കോണ്‍ഗ്രസ്.
ലോക്സഭയില്‍ ബുധനാഴ്ച നടന്ന പ്രതിഷേധത്തിനിടെ പാര്‍ട്ടിയുടെ വനിതാ എംപിമാരായ മിതാലി ബാഗിനെയും ശതാബ്ദി റോയിയെയും മന്ത്രിമാര്‍ ഇരുവരും ആക്രമിച്ചെന്നാണ് ടിഎംസിയുടെ ആരോപണം.
ടിഎംസി എംപിമാർ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കവേയായിരുന്നു സംഭവമെന്ന് ടിഎംസി എംപി കല്യാൺ ബാനർജി പറഞ്ഞു. മന്ത്രിമാർ രാജിവയ്ക്കണമെന്നും ടിഎംസി ആവശ്യപ്പെട്ടു.
ഞങ്ങള്‍ ബില്ലിനെതിരേ പ്രതിഷേധിച്ചുകൊണ്ടിരിക്കേ, കേന്ദ്രമന്ത്രിമാരായ രവ്നീത് സിംഗ് ബിട്ടുവും കിരണ്‍ റിജിജുവും എന്നെ ആക്രമിച്ചു. അവര്‍ എന്നെ തള്ളിമാറ്റി. ഇത് അപലപനീയമാണ്. മിതാലി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു പ്രതികരിച്ചു.
മുപ്പതുദിവസം തുടര്‍ച്ചയായി ജയിലില്‍ കഴിയുന്നപക്ഷം പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയും ഉള്‍പ്പെടെ ഏതുമന്ത്രിയേയും നീക്കംചെയ്യാന്‍ വ്യവസ്ഥചെയ്യുന്ന ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചപ്പോൾ പ്രതിപക്ഷം വലിയ പ്രതിഷേധമായിരുന്നു നടത്തിയത്.
20-08-2025
കണ്ണൂർ: കുറ്റ്യാട്ടൂരിൽ യുവതിയെയും ആൺ സുഹൃത്തിനെയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തി. ഉരുവച്ചാൽ സ്വദേശി പ്രവീണ, കുട്ടാവ് സ്വദേശി ജിജേഷ് എന്നിവരെയാണ് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. യുവതിയുടെ നില ഗുരുതരമാണ്.
ഇരുവരെയും പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇന്ന് ഉച്ചയ്ക്ക് രണ്ടിനാണ് സംഭവം. യുവതിയുടെ വീടിനകത്താണ് ഇരുവരെയും കണ്ടെത്തിയത്.
പുക ഉയരുന്നത് കണ്ട് സമീപവാസികൾ നോക്കിയപ്പോഴാണ് വീട്ടിൽ ഇരുവരെയും കണ്ടെത്തുന്നത്. യുവതിയുടെ പിതാവും മാതവും രണ്ട് കുട്ടികളും ഒരുമിച്ചാണ് താമസമെങ്കിലും സംഭവം നടക്കുമ്പോൾ ഇവർ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു.
ജിജേഷ് വീട്ടിലേക്കെത്തി പ്രവീണയെ തീ കൊളുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു എന്നാണ് പോലീസിൽ നിന്ന് പ്രാഥമികമായി ലഭിക്കുന്ന വിവരം.
പ്രവീണയുടെ ഭർത്താവ് ഗൾഫിലാണ് ജോലി ചെയ്യുന്നത്. ജിജേഷും പ്രവീണയും തമ്മിൽ ഏറെ നാളത്തെ സൗഹൃദം ഉള്ളതായി പോലീസ് പറയുന്നു.
20-08-2025
അഹമ്മദാബാദ്: ഗുജറാത്തിൽ പത്താംക്ലാസ് വിദ്യാർഥിയെ എട്ടാംക്ലാസുകാരൻ കുത്തിക്കൊന്നു. അഹമ്മദാബാദിലെ ഖോഖ്ര പ്രദേശത്താണ് സംഭവം.
സെവൻത് ഡേ അഡ്വെന്റിസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് ഇരുവരും. ഗുരുതര പരിക്കേറ്റ നയൻ(15) എന്ന വിദ്യാർഥിയെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണംസംഭവിക്കുകയായിരുന്നു.
സംഭവത്തിൽ പ്രതിഷേധവുമായി പ്രദേശവാസികളും എബിവിപി ഉൾപ്പടെയുള്ള വിദ്യാർഥികളും രംഗത്തെത്തി. ഇവർ സ്കൂൾ ആക്രമിക്കുകയും ജീവനക്കാരെ കൈയേറ്റം ചെയ്യുകയും ചെയ്തു. സംഭവത്തിൽ പ്രതിയായ എട്ടാംക്ലാസുകാരനെ ജുവനൈൽ ജസ്റ്റീസ് ആക്ട് പ്രകാരം അറസ്റ്റ് ചെയ്തു.
സ്കൂളിന് സമീപമുള്ള മനിയാഷ സൊസൈറ്റിയുടെ ഗേറ്റിന് സമീപം വച്ചാണ് മൂർച്ചയുള്ള ലാബ് ഉപകരണം ഉപയോഗിച്ച് എട്ടാം ക്ലാസുകാരൻ പത്താം ക്ലാസുകാരനെ കുത്തിയത്.
20-08-2025
ബംഗളൂരു: കർണാടകയിലെ ചിത്രദുർഗയിൽ കൗമാരക്കാരിയുടെ പാതി കത്തിയ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.
കൊല്ലപ്പെട്ട രണ്ടാം വര്‍ഷ ബിഎ വിദ്യാർഥിനിയുടെ സുഹൃത്ത് ചേതനാണ് പോലീസിന്റെ പിടിയിലായത്. പെണ്‍കുട്ടി മറ്റൊരാളുമായി സൗഹൃദത്തിലായതാണ് കൊലയ്ക്ക് കാരണമായതെന്നാണ് ഇയാള്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി.
നഗ്നമാക്കപ്പെട്ട ശരീരം പാതി കത്തിയ നിലയിലായിരുന്നു. പെൺകുട്ടി ബലാത്സംഗത്തിന് ഇരയായതായി സംശയിക്കുന്നതായി പോലീസ് പറയുന്നു.
രണ്ടാം വർഷ ഡിഗ്രി വിദ്യാർഥിനിയായ പെൺകുട്ടിയെ ഓഗസ്റ്റ് 14ന് ഹോസ്റ്റലിൽ നിന്നിറങ്ങിയ ശേഷം കാണാതായിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ചിത്രദുര്‍ഗയിലെ ഗവണ്മെന്റ് വിമണ്‍സ് കോളജ് വിദ്യാർഥിനിയായിരുന്നു പെണ്‍കുട്ടി.
20-08-2025
ഭോപ്പാൽ: മധ്യപ്രദേശിൽ വിദ്യാർഥി അധ്യാപികയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. നർസിംഗ്പൂർ ജില്ലയിലെ കോട്വാലി പോലീസ് സ്റ്റേഷൻ പരിധിയിലെ എക്സലൻസ് സ്കൂളിൽ തിങ്കളാഴ്ചയാണ് സംഭവം നടന്നത്.
26കാരിയായ ഗസ്റ്റ് ടീച്ചറെയാണ് തീ കൊളുത്തിയത്. പൂർവ വിദ്യാർഥിയായ സൂര്യൻഷ് കോച്ചർ(18)ആണ് പ്രതി. അധ്യാപിക പരാതി നൽകിയതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
പ്രതി ഒരു കുപ്പി നിറയെ പെട്രോളുമായി അധ്യാപികയുടെ വീട്ടിലെത്തി. ഒന്നും പറയാതെ ഇയാൾ അധ്യാപികയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ ശേഷം സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പൊള്ളലേറ്റ അധ്യാപികയെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പൊള്ളലേറ്റെങ്കിലും ജീവന് ഭീഷണിയില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.
സൂര്യൻഷ് അധ്യാപികയോട് നേരത്തെ പ്രണയാഭ്യർഥന നടത്തിയിരുന്നു. തുടർന്ന് സ്കൂളിൽ നിന്ന് വിദ്യാർഥിയെ പുറത്താക്കി. ഇതോടെ ഇയാൾ മറ്റൊരു സ്കൂളിലാണ് പഠിച്ചിരുന്നത്.
സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പ്രതി നടത്തിയ മോശം പരാമർശത്തിനെതിരെ അധ്യാപിക പരാതി നൽകിയിരുന്നുവെന്ന് സബ് ഡിവിഷണൽ പോലീസ് ഓഫീസർ (എസ്ഡിഒപി) മനോജ് ഗുപ്ത പറഞ്ഞു. തുടർന്നുണ്ടായ വൈരാഗ്യമാണ് അക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
ഐപിസി 124എ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തെന്ന് പോലീസ് അറിയിച്ചു. പ്രതിയെ അറസ്റ്റ് ചെയ്തു. അധ്യാപികയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.
20-08-2025
ജയ്പുർ: രാജസ്ഥാനിൽ പാക്കിസ്ഥാൻ ചാരനെന്ന് സംശയിക്കുന്നയാൾ കസ്റ്റഡിയിൽ. സങ്കട സ്വദേശിയായ ജിവൻ ഖാൻ (30) എന്നയാളെ മിലിട്ടറി ഇന്റലിജൻസ് (എംഐ) ജയ്സാൽമീറിൽ നിന്നാണ് പിടികൂടിയത്.
പിന്നീട് ഇയാളെ കോട്വാലി പോലീസിന് കൈമാറി. ജയ്സാൽമീറിലെ സൈനിക മേഖലയ്ക്കുള്ളിലെ ഒരു റസ്റ്റോറന്റിൽ ജീവൻ ഖാൻ ജോലി ചെയ്തിരുന്നു. ചൊവ്വാഴ്ച ആർമി സ്റ്റേഷനിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ ഗേറ്റിൽ വച്ച് ഇയാളെ തടഞ്ഞിരുന്നു.
തുടർന്ന് ജീവൻ ഖാന്റെ മൊബൈൽ ഫോൺ പരിശോധിക്കുകയും ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ചോദ്യം ചെയ്യലിൽ പാക്കിസ്ഥാനിൽ തനിക്ക് ബന്ധുക്കളുണ്ടെന്ന് ഇയാൾ മൊഴി നൽകി.
ജീവൻ ഖാനെ ജോയിന്റ് ഇന്ററോഗേഷൻ സെന്ററിൽ (ജെഐസി) ഹാജരാക്കും. ഇവിടെ ഒന്നിലധികം സുരക്ഷാ ഏജൻസികൾ ഇയാളെ ചോദ്യം ചെയ്യുമെന്നാണ് സൂചന.
20-08-2025
ന്യൂഡൽഹി: ജനസമ്പർക്ക പരിപാടിക്കിടെ ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയെ ആക്രമിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ രാജ്കോട്ട് സ്വദേശിയായ രാജേഷ് സക്രിയായെ പോലീസ് ചേദ്യംചെയ്തു വരുകയാണ്.
രാജേഷ് ഒരു നായസ്നേഹിയാണ്. തെരുവുനായകള്‍ക്ക് ഷെല്‍റ്റല്‍ ഒരുക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതിയുടെ വിധിയിൽ ഇയാൾ അസ്വസ്ഥനായിരുന്നു. ഇതിനു പിന്നാലെ ഡല്‍ഹിക്ക് പോവുകയായിരുന്നു. തങ്ങൾക്ക് മറ്റൊന്നും അറിയില്ലെന്നും ഇയാളുടെ അമ്മ പറഞ്ഞു.
ബുധനാഴ്ച വസതിയില്‍വച്ച് ജനസമ്പർക്ക പരിപാടി നടത്തുന്നതിനിടെയാണ് രേഖ ഗുപ്ത ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ സുരക്ഷാ വീഴ്ചയുൾപ്പെടെ പോലീസ് പരിശോധിച്ചുവരികയാണ്.
20-08-2025
ന്യൂഡൽഹി: ഗുരുതരമായ ക്രിമിനൽ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്യപ്പെടുകയോ ജയിലിലാകുകയോ ചെയ്താൽ പ്രധാനമന്ത്രി മുതല്‍ മന്ത്രിമാര്‍ക്ക് വരെ പദവി നഷ്ടമാകുന്ന ബിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയിൽ അവതരിപ്പിച്ചു.
കനത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ബിൽ അവതരണം. രാവിലെ മുതൽ പ്രതിഷേധം തുടരുന്നതിനാല്‍ ഉച്ചവരെ ബിൽ അവതരിപ്പിക്കാനായില്ല. സഭ പലകുറി പിരിയുകയും ചേരുകയും ചെയ്ത ശേഷം ഉച്ചകഴിഞ്ഞു രണ്ടിനാണ് ബിൽ അവതരിപ്പിക്കാനായത്. ബിൽ കൊണ്ടുവന്നത് ചട്ടപ്രകാരമാണെന്നും ജെപിസിക്ക് വിടാമെന്നും അമിത് ഷാ അറിയിച്ചു.
ബിൽ അവതരണത്തിനിടെ നാടകീയ സംഭവങ്ങൾക്കും സഭ സാക്ഷിയായി. പ്രതിപക്ഷം മുദ്രാവാക്യങ്ങളുമായി നടുത്തളത്തിലിറങ്ങിയതോടെ കൈയാങ്കളിയുമുണ്ടായി. തൃണമൂൽ അംഗങ്ങൾ ബില്ലിന്റെ പകർപ്പുകൾ കീറിയെറിഞ്ഞാണ് പ്രതിഷേധിച്ചത്. അമിത് ഷായ്ക്കെതിരേയും കടലാസ് വലിച്ചെറിഞ്ഞു. ബഹളത്തെ തുടർന്ന് സഭ മൂന്നുവരെ നിർത്തിവച്ചു.
രാവിലെ ചേര്‍ന്ന ഇന്ത്യാ സഖ്യ യോഗം ബില്ലിനെ എതിര്‍ക്കാന്‍ ഒന്നടങ്കം തീരുമാനിച്ചിരുന്നു. പ്രതിപക്ഷ സര്‍ക്കാരുകളെ അട്ടിമറിക്കാനുള്ള അജണ്ടയുടെ ഭാഗമാണ് ബില്ലെന്ന് ഇന്ത്യ സഖ്യം വിമര്‍ശിച്ചു.
വോട്ടർപട്ടിക ക്രമക്കേടിനെതിരെയും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരുന്നു. അതേസമയം, ബഹളത്തിനിടെ ഓണ്‍ലൈന്‍ ഗെയിമിംഗ് ബിൽ ലോക്സഭയില്‍ അവതരിപ്പിച്ചു. ബഹളം തുടരുന്ന പ്രതിപക്ഷത്തിന് നേരെ പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു രൂക്ഷ വിമര്‍ശനമുയര്‍ത്തി.
അഞ്ചു വർഷമോ കൂടുതലോ ശിക്ഷ കിട്ടാവുന്ന കേസുകളിൽ അറസ്റ്റിലായി മുപ്പതു ദിവസം കസ്റ്റഡിയിൽ കിടന്നാൽ മന്ത്രിസ്ഥാനം പോകുന്നതിന് വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാർക്കും ഇത് ബാധകമായിരിക്കും.
തുടർച്ചയായി മുപ്പത് ദിവസം ഒരു മന്ത്രി പോലീസ്, ജുഡീഷ്യൽ കസ്റ്റഡിയിൽ കിടന്നാൽ മുപ്പത്തിയൊന്നാം ദിവസം മന്ത്രിസഭയിൽ നിന്ന് നീക്കണം. പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ഇതിനുള്ള ശിപാർശ ഗവർണർക്ക് നൽകിയില്ലെങ്കിലും മന്ത്രിസ്ഥാനം നഷ്ടമായതായി കണക്കാക്കും.
പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ എന്നിവരാണ് അറസ്റ്റിലായി 30 ദിവസം കസ്റ്റഡിയിൽ കിടക്കുന്നതെങ്കിൽ മുപ്പത്തിയൊന്നാം ദിവസം സ്ഥാനം നഷ്ടമാകും. അതായത് മന്ത്രിസഭ തന്നെ അതോടെ വീഴും. അതേ സമയം ജയിൽ മോചിതരായാൽ ഈ സ്ഥാനത്ത് തിരികെ വരുന്നതിന് തടസമില്ലെന്നും ബിൽ പറയുന്നു.
മന്ത്രിമാര്‍ക്കെതിരെ ഉണ്ടാകുന്ന അഴിമതി ആരോപണങ്ങള്‍ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ബില്‍ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം. ഇത്തരക്കാര്‍ ജയിലില്‍ കിടന്നുകൊണ്ട് ഭരണം നടത്തുന്നത് ഉചിതമല്ലെന്നാണ് സര്‍ക്കാരിന്റെ വാദം.
20-08-2025
ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള എൻഡിഎ സ്ഥാനാർഥി സി.പി. രാധാകൃഷ്ണൻ നാമനിർദേശ പത്രിക സമർപ്പിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ആരോഗ്യമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ ജെ.പി. നദ്ദ, ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി എന്നിവരും പത്രിക സമർപ്പണത്തിന് അദ്ദേഹത്തിനൊപ്പമെത്തിയിരുന്നു.
പ്രധാന പത്രികയ്ക്കൊപ്പം മൂന്ന് സെറ്റ് പത്രികകൂടി സി.പി. രാധാകൃഷ്ണന് സമര്‍പ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയാണ് ആദ്യത്തെ പത്രിക വരണാധികാരിക്ക് സമര്‍പ്പിച്ചത്.
പത്രികാ സമർപ്പണത്തിനു മുമ്പ് അദ്ദേഹം പാര്‍ലമെന്റ് വളപ്പിലെ മഹാത്മാഗാന്ധിയുടെ അടക്കമുള്ള നേതാക്കളുടെ പ്രതിമകള്‍ സ്ഥാപിച്ചിരിക്കുന്ന പ്രേരണാ സ്ഥലിലെത്തി അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചിരുന്നു.
കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ വസതിയിൽ നടന്ന എൻഡിഎ ഫ്ളോർ ലീഡർമാരുടെ പ്രധാനയോഗത്തിലാണ് സി.പി. രാധാകൃഷ്ണനെ നാമനിർദേശം ചെയ്യാനുള്ള തീരുമാനം ഏകകണ്ഠമായി എടുത്തത്.
മുതിർന്ന ബിജെപി നേതാവും ഇപ്പോഴത്തെ മേഘാലയ ഗവർണറുമായ രാധാകൃഷ്ണനു വിപുലമായ രാഷ്ട്രീയജീവിതമുണ്ട്. തമിഴ്നാട്ടിൽ നിന്നുള്ള പാർലമെന്റ് അംഗമായിരുന്ന അദ്ദേഹം, നിയമനിർമാണ വൈദഗ്ധ്യത്തിനും സാമൂഹിക ശാക്തീകരണത്തോടുള്ള പ്രതിബദ്ധതയ്ക്കും പേരുകേട്ടയാളാണ്.
അടുത്ത മാസമാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്. പാർലമെന്റിൽ എൻഡിഎയുടെ ഭൂരിപക്ഷം കണക്കിലെടുക്കുമ്പോൾ രാധാകൃഷ്ണനാണ് വിജയസാധ്യത.
20-08-2025
കൊല്ലം: കടയ്ക്കലിൽ പ്രതിഷേധ പ്രകടനത്തിനിടെ നടന്ന സംഘർഷത്തിൽ സിപിഎം, കോൺഗ്രസ് പ്രവർത്തകർക്കെതിരേ വധശ്രമത്തിന് കേസെടുത്തു.
സിപിഎം കാറ്റാടിമൂട് ബ്രാഞ്ച് സെക്രട്ടറി വിഥുനെ കുത്തിയ കേസിൽ അഞ്ച് കോൺഗ്രസ് നേതാക്കന്മാർക്കും കണ്ടാലറിയാവുന്ന നാലുപേർക്കെതിരെയുമാണ് കേസ്. ആൻസർ അഹമ്മദ്, ഷംബി ഷമീർ, അമൽ തുമ്പമൺതൊടി, നിസാം, ഷമീർ കുമ്മിൾ എന്നിവർ അറസ്റ്റിലായി. ചിതറ സ്വദേശികളായ സുൽഫിക്കർ, സമീർ എന്നിവരെ റിമാൻഡ് ചെയ്തു.
അതേസമയം, കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ 24 സിപിഎം പ്രവർത്തകർക്കെതിരേയും കേസെടുത്തിട്ടുണ്ട്. സുബലാൽ, കാർത്തിക്, വികാസ്, ദീപു, ഗഫൽ, ആർഎസ് ബിജു, പത്മകുമാർ, സഫീർ, ഷിബു തുടങ്ങിയവർക്കെതിരെയും കണ്ടാലറിയാവുന്ന 15 പേർക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്.
ചൊവ്വാഴ്ച കോൺഗ്രസ് - യൂത്ത് കോൺഗ്രസ് - കെഎസ്യു പ്രതിഷേധ മാർച്ചിനിടെയായിരുന്നു സംഘർഷം ഉണ്ടായത്. സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
വിഥുൻ വേണു(30)വിന്റെ വയറ്റിലാണ് കുത്തേറ്റത്. തുടർന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസും കോൺഗ്രസ് നേതാവിന്റെ കടയും അടിച്ചുതകർത്തു. ഡിവൈഎഫ്ഐ മേഖല പ്രസിഡന്റ് അരുണിന് തലയ്ക്ക് പരിക്കേറ്റു. കോൺഗ്രസ് പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്.
20-08-2025
കൊച്ചി: സംസ്ഥാനത്ത് റിക്കാർഡ് വിലയിൽനിന്ന് പന്ത്രണ്ടാംദിനവും താഴേക്കിറങ്ങി സ്വർണവില. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 9,180 രൂപയിലും പവന് 73,440 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 50 രൂപ കുറഞ്ഞ് 7,535 രൂപയിലെത്തി.
ചൊവ്വാഴ്ച ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് എട്ടിന് കുറിച്ച ഗ്രാമിന് 9,470 രൂപയും പവന് 75,760 രൂപയുമാണ് കേരളത്തിലെ സർവകാല റിക്കാർഡ്. അതിനു ശേഷം കഴിഞ്ഞ12 ദിവസമായി വില കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇതുവരെ പവന് 2,320 രൂപയും ഗ്രാമിന് 290 രൂപയും ഇടിഞ്ഞു.
ജനുവരി 22നാണ് പവന് വില ആദ്യമായി 60,000 കടന്നത്. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയർന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടി.
ഫെബ്രുവരി ഒന്നിന് ഒരു പവന് സ്വര്‍ണത്തിന് 61,960 രൂപയായിരുന്നു വില. നാലിന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന് 62,000 രൂപ പിന്നിട്ടു. തൊട്ടുപിന്നാലെ അഞ്ചിന് 760 രൂപ ഉയർന്ന് 63,000 രൂപയും കടന്നു. പിന്നീട് 11ന് 640 രൂപ ഉയർന്ന് 64,000 രൂപയെന്ന പുതിയ നാഴികക്കല്ലും പിന്നിട്ടു.
മാർച്ച് ഒന്നിന് പവന് 63,440 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് കയറ്റിറക്കങ്ങൾക്കൊടുവിൽ 14ന് 65,000 രൂപയും 18ന് 66,000 രൂപയും 31ന് 67,000 രൂപയും ഏപ്രിൽ ഒന്നിന് 68,000 പിന്നിടുകയായിരുന്നു. പത്തു ദിവസങ്ങൾക്കു ശേഷം ഏപ്രിൽ 11ന് 69,000 രൂപയും പിന്നാലെ 12ന് 70,000 രൂപയും പിന്നിട്ടു.
ഏപ്രിൽ 17ന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന സ്വർണവില 71,000 രൂപ പിന്നിട്ടു. 21ന് 72,000 രൂപ പിന്നിട്ട സ്വർണവില 22ന് ഒറ്റയടിക്ക് 2,200 രൂപ ഇടിഞ്ഞ് 74,000 എന്ന നാഴികക്കല്ലിലെത്തി.
മേയ് 15ന് 68,880 രൂപയിലേക്ക് ഇടിഞ്ഞ സ്വര്‍ണവില പിന്നീട് വര്‍ധിക്കുന്ന കാഴ്ചയാണ് കണ്ടത്. ഏഴുദിവസത്തിനിടെ ഏകദേശം മൂവായിരം രൂപ വര്‍ധിച്ച് വീണ്ടും സ്വര്‍ണവില 72,000 കടന്ന് കുതിക്കുകയായിരുന്നു.
ജൂൺ 14ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ച സ്വര്‍ണവില ഗ്രാമിന് 9,320 രൂപയും പവന് 74,560 രൂപയുമെന്ന ചരിത്ര വിലയിലെത്തിയിരുന്നു. പിന്നീട് താഴേക്കുപോയ സ്വർണം ചാഞ്ചാട്ടങ്ങൾക്കൊടുവിൽ വീണ്ടും റിക്കാർഡിലേക്ക് കുതിക്കുകയായിരുന്നു.
ജൂലൈ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. ഒമ്പതിന് 72,000 രൂപയായി താഴ്ന്ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില ഉയരുന്നതാണ് ദൃശ്യമായത്. രണ്ടാഴ്ചയ്ക്കിടെ ഏകദേശം 1,400 രൂപ വര്‍ധിച്ച സ്വർണവില വീണ്ടും 73,000 കടക്കുകയായിരുന്നു.
പിന്നാലെ 22ന് വീണ്ടും 74,000 പിന്നിടുകയും 23ന് 75,000 രൂപ പിന്നിട്ട് പുതിയ ഉയരം കുറിക്കുകയും ചെയ്തു. 23ന് സ്വർണവില പവന് 75,040 രൂപയും ഗ്രാമിന് 9,380 രൂപയുമായിരുന്ന സ്വർണവില പിന്നീടുള്ള ദിവസങ്ങളിൽ താഴേക്കുപോകുന്നതാണ് കണ്ടത്.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. രാജ്യാന്തരവില ഔൺസിന് 18 ഡോളർ ഇടിഞ്ഞ് 3,314 ഡോളറിൽ എത്തിയ സാഹചര്യത്തിലാണ് ഇന്ന് കേരളത്തിലും വിലയിടിഞ്ഞത്.
അതേസമയം, വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 122 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
20-08-2025
കൊച്ചി: ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടന് എന്ന ഹിരണ്‍ ദാസ് മുരളി നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്നും വാദം തുടരും. കേസ് വീണ്ടും പരിഗണിക്കുന്നതു വരെ വേടന്റെ അറസ്റ്റ് ഹൈക്കോടതി തടയുകയുണ്ടായി. ബന്ധം പിരിഞ്ഞുവെന്ന കാരണത്താല്‍ നിലവിലുണ്ടായിരുന്ന ശാരീരികബന്ധത്തെ ബലാത്സംഗമായി വ്യാഖ്യാനിക്കാനാകുമോയെന്ന് ചൊവ്വാഴ്ച വാദത്തിനിടെ കോടതി ചോദിച്ചു.
വേടന് സ്ഥിരം ലൈംഗിക കുറ്റവാളിയാണെന്നും രണ്ടു സ്ത്രീകള്‍ക്കൂടി പരാതി നല്കിയിട്ടുള്ളതായും പരാതിക്കാരി കോടതിയെ അറിയിച്ചു. മുമ്പ് മീ ടു ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ക്ഷമാപണം നടത്തിയെന്നും വാദിച്ചു. എന്നാല്‍ ഈ കേസിന്റെ കാര്യം മാത്രം പറഞ്ഞാല്‍ മതിയെന്നും കോടതി മുമ്പാകെ വന്ന തെളിവുകളുടെ അടിസ്ഥാനത്തിലാകും തീരുമാനമെന്നും ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് പറഞ്ഞു.
ഓരോ പരാതിയിലും സാഹചര്യങ്ങള്‍ വ്യത്യസ്തമായിരിക്കും. മറ്റു സ്ത്രീകളുമായി ഇടപഴകാന്‍ അനുവദിക്കുന്നില്ലെന്നു കുറ്റപ്പെടുത്തിയാണ് വിവാഹ വാഗ്ദാനത്തില്‍നിന്നു പിന്മാറിയത്. തനിക്കു വേടന് ഫാന്സില്നിന്നു വധഭീഷണിയുണ്ടെന്നും പരാതിക്കാരി പറഞ്ഞു. മറ്റു പരാതികളിലെ നടപടി അറിയിക്കാന്‍ പ്രോസിക്യൂഷനോടു നിര്‍ദേശിക്കണമെന്ന ആവശ്യവും പരാതിക്കാരി ഉന്നയിച്ചു.
പരാതിക്കാരി ഫേസ്ബുക്ക് പോസ്റ്റുകളും മാധ്യമവാര്‍ത്തകളും ഹാജരാക്കിയാണു വാദിക്കുന്നതെന്നും ഇത് ആധികാരികരേഖയായി കാണാനാകില്ലെന്നും കോടതി വാക്കാല്‍ പറഞ്ഞു. സമൂഹമാധ്യമ പോസ്റ്റുകള്‍ ആര്‍ക്കു വേണമെങ്കിലും ഉണ്ടാക്കാനാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.
20-08-2025
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്കു നേരെയുണ്ടായ ആക്രമണം ദൗർഭാഗ്യകരമായ സംഭവമാണെന്ന് ഡൽഹി കോൺഗ്രസ് അധ്യക്ഷൻ ദേവേന്ദർ യാദവ്. രാജ്യതലസ്ഥാനത്തെ സ്ത്രീസുരക്ഷയെ ബാധിക്കുന്നതാണ് സംഭവം. ഡൽഹിയിലെ മുഖ്യമന്ത്രിക്കു പോലും സുരക്ഷ ഇല്ലെങ്കിൽ എങ്ങനെയാണ് മറ്റു സ്ത്രീകൾ സുരക്ഷിതരാവുക എന്നും ദേവേന്ദർ യാദവ് കൂട്ടിച്ചേർത്തു.
ഇന്ന് രാവിലെ ഔദ്യോഗിക വസതിയിൽ നടത്തിയ ജനസമ്പർക്ക പരിപാടിക്കിടെയാണ് മുഖ്യമന്ത്രിക്കു നേരെ ആക്രമണമുണ്ടായത്. പരാതിക്കാരനെന്ന വ്യാജേന എത്തിയ യുവാവാണ് മുഖ്യമന്ത്രിയെ ആക്രമിച്ചത്. രേഖ ഗുപ്തയ്ക്കു നേരെ ഇയാൾ ഭാരമേറിയ വസ്തു എറിയുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ മുഖ്യമന്ത്രിയെ ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റി.
അക്രമിയെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ സുരക്ഷാ വീഴ്ചയുൾപ്പെടെ പോലീസ് പരിശോധിച്ചുവരികയാണ്.
20-08-2025
ന്യൂഡൽഹി: മുപ്പതുദിവസം ജയിലിൽ കിടന്നാൽ പ്രധാനമന്ത്രി മുതല്‍ മന്ത്രിമാര്‍ക്ക് വരെ പദവി നഷ്ടമാകുന്ന ബില്ലിനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് ശശിതരൂർ. ബില്ലിൽ തനിക്ക് തെറ്റൊന്നും കാണാൻ കഴിയുന്നില്ല. ജെപിസിയിൽ ചർച്ച നടക്കട്ടെയെന്നും തരൂർ പറഞ്ഞു.
അതേസമയം പാർലമെന്റിൽ ബില്ലിനെതിരെ വൻ പ്രക്ഷേഭം നടക്കുകയാണ്. രാവിലെ ചേര്‍ന്ന ഇന്ത്യാ സഖ്യ യോഗം ബില്ലിനെ എതിര്‍ക്കാന്‍ തീരുമാനിച്ചിരുന്നു. പ്രതിഷേധം തുടരുന്നതിനാല്‍ ഉച്ചവരെ ബിൽ അവതരിപ്പിക്കാനായില്ല. സഭ പലകുറി പിരിയുകയും ചേരുകയും ചെയ്ത ശേഷം ഉച്ചകഴിഞ്ഞു രണ്ടിനാണ് ബിൽ അവതരിപ്പിക്കാനായത്.
പ്രതിപക്ഷ പ്രതിഷേധം മറികടന്ന് ബില്ലുമായി മുന്നോട്ട് പോവാനാണ് കേന്ദ്രത്തിന്റെ തീരുമാനം. ഇത് പ്രതിപക്ഷ സർക്കാരുകളെ അട്ടിമറിക്കാനുള്ള നീക്കമാണെന്നും വോട്ട് കൊള്ള പോലെ മറ്റൊരു അട്ടിമറിയാണെന്നും കോൺഗ്രസ് നേതാവ് കെ.സി.വേണുഗോപാൽ പറഞ്ഞു.
മന്ത്രിമാര്‍ക്കെതിരെ ഉണ്ടാകുന്ന അഴിമതി ആരോപണങ്ങള്‍ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ബില്‍ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം.
20-08-2025
ന്യൂഡൽഹി: പൊതുപരിപാടിക്കിടെ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്കു നേരെ ആക്രമണം. ഇന്ന് രാവിലെ ഔദ്യോഗിക വസതിയിൽ നടത്തിയ ജനസമ്പർക്ക പരിപാടിക്കിടെയാണ് ആക്രമണമുണ്ടായത്.
പരാതിക്കാരനെന്ന വ്യാജേന എത്തിയ യുവാവാണ് മുഖ്യമന്ത്രിയെ ആക്രമിച്ചത്. രേഖ ഗുപ്തയ്ക്കു നേരെ ഇയാൾ ഭാരമേറിയ വസ്തു എറിയുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ മുഖ്യമന്ത്രിയെ ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റി.
അക്രമിയെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ സുരക്ഷാ വീഴ്ചയുൾപ്പെടെ പോലീസ് പരിശോധിച്ചുവരികയാണ്.
20-08-2025
കാബൂൾ: പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിൽ നിയന്ത്രണംവിട്ട ബസ് ട്രക്കിലും മോട്ടോർ സൈക്കിളിലും ഇടിച്ചുണ്ടായ അപകടത്തിൽ അമ്പതിലേറെപ്പേർക്ക് ജീവൻ നഷ്ടമായി. ഇറാനിൽ നിന്ന് മടങ്ങിയെത്തിയ അഫ്ഗാൻ കുടിയേറ്റക്കാരുമായി കാബൂളിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്.
ഹെറാത്ത് നഗരത്തിന് പുറത്തുള്ള ഗുസാര ജില്ലയിലാണ് അപകടം നടന്നത്. മരിച്ചവരിൽ ഭൂരിഭാഗവും ബസിലുണ്ടായിരുന്നവരാണ്. ട്രക്കിൽ സഞ്ചരിച്ചിരുന്ന രണ്ട് പേരും മോട്ടോർ സൈക്കിളിൽ സഞ്ചരിച്ചിരുന്ന മറ്റ് രണ്ട് പേരും അപകടത്തിൽ മരിച്ചു. മരിച്ചവരിൽ 17 പേർ കുട്ടികളാണെന്നാണ് വിവരം.
ബസിന്റെ അമിത വേഗതവും അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്ന് ഹെറാത്ത് പ്രവിശ്യയിലെ പോലീസ് പറയുന്നു.
20-08-2025
കോഴിക്കോട്: യൂത്ത് കോൺഗ്രസ് കോഴിക്കോട് സൗത്ത് മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ പരിപാടിയില്‍ നിന്ന് വിട്ടു നിന്നതിൽ പ്രതികരണവുമായി ചാണ്ടി ഉമ്മൻ എംഎൽഎ. പാർട്ടിക്കുള്ളിൽ ഒരു പ്രശ്നവുമില്ല.
കോഴിക്കോട് ഡിസിസി ഓഫീസിലെത്തി ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാറുമായി ചർച്ച നടത്തിയശേഷം പ്രതികരിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ. പ്രശ്നങ്ങൾക്ക് കാരണം കമ്യൂണിക്കേഷൻ ഗ്യാപ്പാണെന്ന് ഇരു നേതാക്കളും പറഞ്ഞു.
നിമിഷ പ്രിയയുടെ കേസുമായി ബന്ധപ്പെട്ട് ദുബായിൽ പോയ ശേഷം പുലർച്ചെ അഞ്ചിനാണ് തിരിച്ചെത്തിയത്. എല്ലാത്തിലും വിവാദം കാണേണ്ടതില്ല. എല്ലാം വ്യാഖ്യാനങ്ങൾ മാത്രമാണ്. പാർട്ടിയിൽ പ്രശ്നങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.
കോർപ്പറേഷന് എതിരായി യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച സമരപരിപാടിയുടെ ഉദ്ഘാടകനായിരുന്നു ചാണ്ടി ഉമ്മൻ. എന്നാൽ അദ്ദേഹം എത്താതിരുന്നത് വൻ വിവാദമായിരുന്നു.
20-08-2025
തിരുവനന്തപുരം: യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനദ്രവ്യത്തിനെന്ന പേരില്‍ വ്യാജപണപ്പിരിവ് നടത്തുന്നുവെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകി. ഇവാഞ്ചലിസ്റ്റും ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകനുമായ കെ.എ.പോളിനെതിരെ സുപ്രീംകോടതി അഭിഭാഷകൻ അഡ്വ.സുഭാഷ് ചന്ദ്രനാണ് പരാതി നല്‍കിയത്.
ചൊവ്വാഴ്ച കെ.എ.പോളിന്റെ എക്സ് അക്കൗണ്ടില്‍ നിന്നും നിമിഷപ്രിയയുടെ മോചനത്തിന് ആവശ്യമായ തുക വിദേശകാര്യമന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് സംഭാവന ചെയ്യണമെന്ന് കാണിച്ച് പോസ്റ്റ് വന്നിരുന്നു. 8.3 കോടി രൂപ വേണമെന്നാണ് പോസ്റ്റില്‍ ആവശ്യപ്പെട്ടിരുന്നത്.
ഇതു വ്യാജമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിമിഷപ്രിയയുടെ പേരില്‍ കോടികള്‍ പിരിച്ചെടുക്കാനുള്ള ശ്രമമാണ് പോള്‍ നടത്തുന്നതെന്നാണ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ പറയുന്നത്.
20-08-2025
കാസർഗോഡ്: പെരിയ ഇരട്ടക്കൊലക്കേസിലെ നാലാം പ്രതി അനിൽകുമാറിന് പരോൾ അനുവദിച്ചു. ബേക്കൽ സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്ന നിർദേശത്തോടെ ഒരു മാസത്തേക്കാണ് പരോൾ അനുവദിച്ചിരിക്കുന്നത്.
2019 ഫെബ്രുവരി 17നാണ് യൂത്ത് കോൺഗ്രസുകാരായ കൃപേഷിനേയും ശരത് ലാലിനേയും സിപിഎം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്. കഴിഞ്ഞ ജനുവരിയിൽ കേസിലെ കുറ്റവാളികളായ ഒമ്പതു പേരെ കണ്ണൂർ ജയിലിലേക്ക് മാറ്റിയിരുന്നു.
വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ നിന്നാണ് ഇവരെ കണ്ണൂരിലേക്ക് മാറ്റിയത്. പ്രതികളായ രജ്ഞിത്ത്, സുധീഷ് ശ്രീരാഗ്, അനിൽ കുമാർ, സജി, അശ്വിൻ, പീതാംബരൻ, സുബീഷ്, സുരേഷ് എന്നിവരെയാണ് ജയിൽ മാറ്റിയത്.
കോടതി നിർദേശപ്രകാരമാണ് ഇവരെ മാറ്റിയതെന്നായിരുന്നു ജയിൽ അധികൃതരുടെ വിശദീകരണം.
20-08-2025
കോഴിക്കോട്: യൂത്ത് കോൺഗ്രസ് കോഴിക്കോട് സൗത്ത് മണ്ഡലം കമ്മിറ്റി നടത്തിയ പരിപാടിയില്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എ പങ്കെടുക്കാത്തതിൽ കടുത്ത അതൃപ്തിയുമായി കോഴിക്കോട് ഡിസിസി. കോർപ്പറേഷന് എതിരായി യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച സമരപരിപാടിയുടെ ഉദ്ഘാടകനായിരുന്നു ചാണ്ടി ഉമ്മൻ.
നഗരത്തില്‍ ഉണ്ടായിട്ടും ചാണ്ടി ഉമ്മന്‍ പരിപാടിയില്‍ നിന്നു വിട്ടുനിന്നത് ശരിയായില്ലെന്ന് ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ പറഞ്ഞു. പരിപാടിയിൽ പങ്കെടുക്കാൻ ചാണ്ടി ഉമ്മനോട് ആവശ്യപ്പെട്ടത് ഡിസിസി നേതൃത്വമാണ്. കോഴിക്കോട് ഉണ്ടായിട്ടും എന്തുകൊണ്ട് പരിപാടിയിൽ പങ്കെടുത്തില്ലെന്ന കാര്യത്തിൽ ചാണ്ടി ഉമ്മനോട് വിശദീകരണം ചോദിക്കും.
പങ്കെടുക്കാതിരുന്നത് ബോധപൂര്‍വമാണെങ്കിൽ തെറ്റാണ്. ഇതിനു പിന്നിൽ ഗ്രൂപ്പ് വഴക്കൊന്നുമില്ലെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു. ചാണ്ടി ഉമ്മന്‍ പങ്കെടുക്കുന്നത് ടി.സിദ്ധിഖ് എംഎൽഎ ഇടപെട്ട് മുടക്കിയതാണെന്ന് ഒരു വിഭാഗം ആരോപിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കോർപ്പറേഷനെതിരെ കോൺഗ്രസും യൂത്ത് കോൺഗ്രസും നടത്തുന്ന പ്രതിഷേധ പരിപാടികളുടെ ശോഭ കെടുത്തുന്നതാണ് ചാണ്ടി ഉമ്മന്റെ നടപടി. ഇതിനെതിരെ പരാതി നൽകുമെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചു.
20-08-2025
കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പതിനൊന്ന് വയസുകാരിക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേളാരി സ്വദേശിയായ വിദ്യാർഥിനിക്ക് ചൊവ്വാഴ്ച നടത്തിയ സ്രവ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.
പനി ബാധിച്ച് ചികിത്സതേടിയ കുട്ടി ഇപ്പോൾ മെഡിക്കൽ കോളജിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്. ഇതോടെ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം മൂന്നായി.
നേരത്തെ രോഗം സ്ഥിരീകരിച്ച മൂന്നുമാസം പ്രായമായ കുഞ്ഞും മറ്റൊരാളം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്. അതേസമയം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ച കുട്ടിയുടെ സഹോദരങ്ങളുടെ പരിശോധനാഫലം നെഗറ്റീവായി.
കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് കുട്ടികൾക്ക് അമീബിക് മസ്തിഷ്കജ്വരമല്ലെന്ന് കണ്ടെത്തിയത്.
20-08-2025
മൂവാറ്റുപുഴ: സ്കൂൾ ബസിന് പിന്നിൽ ടോറസ് ലോറിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി വിദ്യാർഥികൾക്ക് പരിക്ക്. മൂവാറ്റുപുഴ മണിയംകുളത്ത് ബുധനാഴ്ച രാവിലെയുണ്ടായ അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൂവാറ്റുപുഴ വിമലഗിരി ഇന്റർനാഷണൽ സ്കൂളിന്റെ ബസിൽ ടോറസ് ലോറി ഇടിച്ചായിരുന്നു അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ സ്കൂൾ ബസ് മറ്റൊരു സ്കൂൾ വാഹനത്തിന് പിന്നിലിടിച്ചു. അപകടത്തിൽ ഇരുവാഹനത്തിലുമുണ്ടായിരുന്ന ഇരുപതു വിദ്യാർഥിക്കൾക്ക് പരിക്കേറ്റു.
ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
20-08-2025
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ സഹോദരങ്ങളുടെ പരിശോധനാഫലം നെഗറ്റീവ്. കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് കുട്ടികൾക്ക് അമീബിക് മസ്തിഷ്കജ്വരമല്ലെന്ന് കണ്ടെത്തിയത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് താമരശേരി ആനപ്പാറപ്പൊയിൽ സ്വദേശിയായ ഒമ്പതുവയസുകാരി അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചത്. തിങ്കളാഴ്ചയാണ് മരിച്ച കുട്ടിയുടെ സഹോദരങ്ങളെ വൈറൽപ്പനിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നിലവിൽ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ ആരോഗ്യവകുപ്പിന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മരിച്ച കുട്ടിയും സഹോദരങ്ങളും മൂന്നാഴ്ച മുൻപ് വീടിന് സമീപത്തെ കുളത്തിൽ നീന്തൽ പരിശീലിച്ചിരുന്നു.
ഈ കുളമാണ് രോഗകാരണമായ ജലസ്രോതസെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ. കുളത്തിൽ ആരോഗ്യപ്രവർത്തകർ കഴിഞ്ഞ ദിവസം ക്ലോറിനേഷൻ നടത്തിയിരുന്നു.
20-08-2025
ഇടുക്കി: മകന്റെ മർദനത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പിതാവ് മരിച്ചു. ഇടുക്കി രാജാക്കാട് ആത്മാവ് സിറ്റി സ്വദേശി വെട്ടികുളം വീട്ടിൽ മധു (57) മരിച്ച സംഭവത്തിൽ മകൻ സുധിഷിനെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ 14നായിരുന്നു സംഭവം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മധു തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ബുധനാഴ്ച പുലർച്ചെ മരണത്തിനു കീഴടങ്ങുകയായിരുന്നു.
മദ്യലഹരിയിൽ വീട്ടിലെത്തിയ സുധീഷ് അമ്മയെ മർദിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് മധുവിന് പരിക്കേറ്റത്. ഉടുമ്പൻചോല പോലീസ് അറസ്റ്റ് ചെയ്ത സുധിഷ് നിലവിൽ റിമാൻഡിലാണ്. മധുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
20-08-2025
ന്യൂഡൽഹി: അറസ്റ്റിലാകുന്ന മന്ത്രിമാരെ സ്ഥാനത്ത് നിന്ന് നീക്കാൻ വ്യവസ്ഥ ചെയ്യുന്ന ബില്ലിനെ എതിർക്കുമെന്ന് കോൺഗ്രസ്. ഇത് പ്രതിപക്ഷ സർക്കാരുകളെ അട്ടിമറിക്കാനുള്ള നീക്കമാണെന്നും വോട്ട് കൊള്ള പോലെ മറ്റൊരു അട്ടിമറിയാണെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.
അഞ്ച് വർഷമോ കൂടുതലോ ശിക്ഷ കിട്ടാവുന്ന കേസുകളിൽ അറസ്റ്റിലായി 30 ദിവസം കസ്റ്റഡിയിൽ കിടന്നാൽ മന്ത്രിസ്ഥാനം പോകുന്നതിന് വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാർക്കും ഇത് ബാധകമായിരിക്കും. തുടർച്ചയായി 30 ദിവസം ഒരു മന്ത്രി കസ്റ്റഡിയിൽ കിടന്നാൽ 31-ാം ദിവസം മന്ത്രിസഭയിൽ നിന്ന് നീക്കണമെന്നാണ് ബില്ലിലെ വ്യവസ്ഥ.
പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ഇതിനുള്ള ശിപാർശ ഗവർണർക്ക് നൽകിയില്ലെങ്കിലും മന്ത്രിസ്ഥാനം നഷ്ടമായതായി കണക്കാക്കും. ഇതിനെതിരെ ഇന്ത്യാ സഖ്യത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാക്കും. പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യാൻ ഇന്ത്യാ സഖ്യം അടിയന്തര യോഗം ഉടൻ ചേരുമെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.
ക്രിമിനൽ കേസുകളിൽ രണ്ട് വർഷമെങ്കിലും തടവ് ശിക്ഷ കിട്ടുന്നവർ അയോഗ്യരാകും എന്നതാണ് ഇപ്പോഴുള്ള ചട്ടം. പൊതുരംഗത്ത് സംശുദ്ധി ഉറപ്പാക്കാനെന്ന പേരിലാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം.
20-08-2025
പാലക്കാട്: യുവാവിനെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. കൊഴിഞ്ഞാമ്പാറ കരംപൊറ്റയിൽ സന്തോഷ് (42) കൊല്ലപ്പെട്ട സംഭവത്തിൽ മൂങ്കില്‍മട സ്വദേശി ആറുച്ചാമി (45) ആണ് അറസ്റ്റിലായത്.
ആറുച്ചാമി സന്തോഷിന്റെ വനിതാ സുഹൃത്തിന്റെ ഭർത്താവാണെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രിയാണ് സന്തോഷിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
മുൻ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് സൂചന. പ്രതിയെ ചിറ്റൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തുവരുകയാണ്.
20-08-2025
മലപ്പുറം: വ്യാജരേഖ ഉപയോഗിച്ച് വോട്ട് ചേര്‍ത്തെന്ന പരാതിയിൽ മലപ്പുറം നഗരസഭ എൻജിനിയറിംഗ് സൂപ്രണ്ട് ഷിബു അഹമ്മദിന് കാരണം കാണിക്കല്‍ നോട്ടീസ് നൽകി. അപേക്ഷകരുടെ എസ്എസ്എല്‍സി ബുക്കിന്റെ കോപ്പി മാത്രമാണ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്.
ആരുടേയും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ഹിയറിംഗില്‍ പരിശോധിച്ചില്ല. ഈ പഴുത് ഉപയോഗിച്ച് ചിലര്‍ എസ്എസ്എല്‍സി ബുക്കിന്റെ പകര്‍പ്പിൽ ജനനത്തീയതി തിരുത്തി ഹാജരാക്കി. 2007 ജനുവരി ഒന്നിന്ശേഷം ജനിച്ചവരും പേര് ചേര്‍ക്കാൻ അപേക്ഷ നല്‍കിയെന്നും പരാതിയിൽ പറയുന്നു.
ഇതു സംബന്ധിച്ച് എൻജിനിയറിംഗ് സൂപ്രണ്ട് 24 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്ന് നഗരസഭാ സെക്രട്ടറി നൽകിയ നോട്ടീസിൽ പറയുന്നു. വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മലപ്പുറം എസ്പിക്കും ജില്ലാ കളക്ടര്‍ക്കും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും മുസ്ലീം ലീഗ് പരാതി നല്കി.
20-08-2025
ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയെ പിന്തുണയ്ക്കുമെന്ന് വൈഎസ്ആർ കോൺഗ്രസ് അധ്യക്ഷൻ ജഗൻ മോഹൻ റെഡ്ഢി. സി.പി.രാധാകൃഷ്ണനെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ജഗൻ മോഹൻ റെഡ്ഢിയുമായി ചർച്ച നടത്തിയിരുന്നു.
ഇതിനു പിന്നാലെയാണ് ജഗൻ നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസമാണ് ജസ്റ്റീസ് സുദർശൻ റെഡ്ഢിയെ ഇന്ത്യാ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. സുപ്രീംകോടതി മുൻ ജഡ്ജിയും ഹൈദരാബാദ് സ്വദേശിയുമാണ് സുദർശൻ റെഡ്ഢി.
ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണ് തങ്ങൾ നടത്തുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. വിജയസാധ്യതയില്ലെങ്കിലും രാഷ്ട്രീയ മത്സരം വേണമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.